വാര്‍ത്തകള്‍@7 പി എം.




2026 | മേയ് 8, വെള്ളി


◾  ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ കപ്പല്‍ ഉപരോധംമൂലം 1,500 കപ്പലുകളും അവയിലെ 20,000 ജീവനക്കാരും ഗള്‍ഫ് മേഖലയില്‍ കുടുങ്ങി. ആഗോള വ്യാപാര മേഖല സ്തംഭിച്ചിരിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ മേധാവി ആഴ്സീനിയോ ഡൊമിംഗസ് വെളിപ്പെടുത്തി.

◾  ശശി തരൂരിന്റെ ഡീപ്പ്ഫേക്ക് വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാക്കിസ്ഥാനെ തരൂര്‍ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള വ്യാജ വീഡീയോകളാണ് പ്രചരിക്കുന്നത്.

◾  എറണാകുളത്ത് അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കാസര്‍ഗോഡ് സ്വദേശി നജീബ് ഉള്‍പ്പെടെ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. മൂന്നുവര്‍ഷമായി പ്രതികള്‍ വ്യാജരേഖ ചമയ്ക്കുന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

◾  മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. 1960 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. പൊലീസ് പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണിദ്ദേഹം.

◾  കോഴിക്കോട് ഒളവണ്ണ ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധിപ്പിച്ചു. 20 കിലോമീറ്റര്‍ പരിധിയിലുള്ള വാഹനങ്ങളുടെ പ്രതിമാസ നിരക്ക് 340 രൂപയില്‍നിന്ന് 350 രൂപയാക്കി.

◾  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ എന്നീ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ഒമ്പതു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

◾  ബിഹാറില്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ.165 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണത്തില്‍ പാമ്പ് പോലെ തോന്നിക്കുന്ന ഒന്നിനെ കണ്ടുവെന്നാണ് ഗ്രാമവാസികളുടെ ആരോപണം.

◾  ഹിറ്റ് ചിത്രമായ ധുരന്ധറിന്റെ ഒന്നാം ഭാഗത്തിനെതിരെ വിമര്‍ശനമുന്നയിച്ചയാളോട് പാകിസ്ഥാനില്‍ പോകാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ്. ചിത്രത്തില്‍ മുസ്ലീങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന എക്സ് ഉപയോക്താവിന്റെ വിമര്‍ശനത്തിനാണ് ഷമ പ്രതികരിച്ചത്.

◾  യുഎസ്-ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ ഗള്‍ഫ് മേഖലയില്‍ വീണ്ടും ഇറാന്‍ ആക്രമണം. വ്യാഴാഴ്ച രാത്രി ഇറാനില്‍നിന്ന് യുഎഇ ലക്ഷ്യമാക്കി മിസൈലാക്രമണം ഉണ്ടായതായി യുഎഇ  പ്രതിരോധ മന്ത്രാലയം അറിയിച്ചു.

◾  വെള്ളിയാഴ്ച പുലര്‍ച്ചെ ഫുജൈറയുടെ വിവിധ ഭാഗങ്ങളില്‍ കേട്ട ശക്തമായ സ്ഫോടനശബ്ദങ്ങള്‍ മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി തകര്‍ത്തതിനെ തുടര്‍ന്നാണെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു.

◾  ഹാന്റ്‌റാ വൈറസ് ബാധ സ്ഥിരീകരിച്ച ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസില്‍ രണ്ട് ഇന്ത്യക്കാര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ക്രൂ അംഗങ്ങളുടെ ആരോഗ്യവസ്ഥ കപ്പല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ മൂന്നു പേരാണു മരിച്ചത്.

◾  ശാസ്ത്രലോകത്തെ അതിശയിപ്പിക്കുന്ന പ്രപഞ്ച രഹസ്യമായ 'ഡാര്‍ക്ക് മാറ്റര്‍' അഥവാ തമോദ്രവ്യം സംബന്ധിച്ചു പുതിയ വിവരങ്ങള്‍. കാണാനോ അളക്കാനോ കഴിയാത്ത ഈ കണങ്ങള്‍ തമ്മില്‍ കൂട്ടിയിടികളില്ലാതെ പ്രപഞ്ചത്തില്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് ഇതുവരെയുള്ള നിരീക്ഷണം. എന്നാല്‍ ഡാര്‍ക്ക് മാറ്റര്‍ കണങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ഫിസിക്കല്‍ റിവ്യൂ ലെറ്റേഴ്‌സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു. അത്തരം സംഘര്‍ഷങ്ങള്‍ 'ഗ്രാവോതെര്‍മല്‍ കൊളാപ്സ്' എന്ന പ്രതിഭാസമുണ്ടാക്കുന്നു. ഇതിലൂടെ ഡാര്‍ക്ക് മാറ്റര്‍ സാന്ദ്രമായ കോര്‍ മേഖലകള്‍ രൂപപ്പെടുന്നുണ്ടെന്നുമാണു കണ്ടെത്തല്‍.

◾  ഇന്ത്യന്‍ ടി 20 ടീമില്‍ ബിസിസിഐ അഴിച്ചുപണിക്ക് ഒരുങ്ങുന്നു. ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു മാറ്റുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. സൂര്യകുമാര്‍ യാദവ് ഐപിഎല്ലില്‍ മോശം ഫോം തുടരുന്നതാണ് കാരണം. സൂര്യകുമാറിനു പകരം ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് നായകനായി തിളങ്ങുന്ന ശ്രേയസ് അയ്യരെ ടി20 ക്യാപ്റ്റനാക്കും.

◾  താരങ്ങള്‍ ഹണിട്രാപ്പില്‍ കുടുങ്ങാതിരിക്കാന്‍ ഐപിഎല്‍ കളിക്കാരും ടീമുകളും ജാഗ്രത പുലര്‍ത്തണമെന്ന് ബിസിസിഐ. താമസ സ്ഥലത്തു പരിശോധന അടക്കമുള്ള നടപടികളുണ്ടാകും. അച്ചടക്കം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഏഴ് പേജുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പുറപ്പെടുവിച്ചത്.

◾  2025- 26 സാമ്പത്തികവര്‍ഷത്തില്‍ യാത്രാ വരുമാനത്തില്‍ റെക്കോഡിട്ട് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍. 319.21 കോടി രൂപയാണ് നേടിയത്. 288.32 കോടിയാണ് മുന്‍ വര്‍ഷത്തെ നേട്ടം. ഏറ്റവും കുറവ് വരുമാനം ലഭിച്ചത് കോട്ടയം റെയില്‍വേ സ്റ്റേഷനാണ്. 89.53 കോടി. കഴിഞ്ഞ തവണ 87.55 കോടിയായിരുന്നു. 267.50 കോടി രൂപ നേടി എറണാകുളം ജംങ്ഷന്‍ രണ്ടാം സ്ഥാനത്തുണ്ട്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 17.55 കോടി രൂപയുടെ വര്‍ധനവ്. സംസ്ഥാനത്ത് കൂടുതല്‍ വരുമാനമുള്ള മൂന്നാമത്തെ റെയില്‍വേ സ്റ്റേഷന്‍ കോഴിക്കോട് ആണ്. 28.51 കോടിയില്‍ നിന്ന് 218.63 കോടി രൂപയാണ് നേടിയത്. ഏഴാം സ്ഥാനത്തായിരുന്ന കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ 136.11 കോടി വരുമാനത്തിലൂടെ ആറാം സ്ഥാനത്തായി. 100 കോടി ക്ലബ്ബില്‍ ഇടംനേടിയ ആലുവ പത്താം സ്ഥാനത്തു നിന്ന് ഒന്‍പതിലേക്കും കയറി. ചെങ്ങന്നൂര്‍, തിരുവനന്തപുരം നോര്‍ത്ത്, ഷൊര്‍ണൂര്‍ ജംങ്ഷന്‍, കായംകുളം തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകള്‍ 50 കോടി ക്ലബ്ബിലും ഇടം പിടിച്ചു. കാസര്‍കോട്, തലശ്ശേരി എന്നിവ 50 കോടിയിലേക്ക് കുതിക്കുകയാണ്. 2024- 25 വര്‍ഷത്തെ കണക്കുപ്രകാരം കേരളത്തിലെ രണ്ട് വന്ദേ ഭാരതുകളുടെ വരുമാനം 163 കോടിയാണ്.

◾  ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രെഡ്സ്. വെബ് വേര്‍ഷനിലും ഡിഎം (ഡയറക്ട് മെസേജിങ്) സാധ്യമാകുന്ന ഫീച്ചറാണ് ത്രെഡ്സ് അവതരിപ്പിച്ചത്. ത്രെഡ്സ് വെബില്‍ നിന്ന് നേരിട്ട് വ്യക്തികള്‍ക്കും, ഗ്രൂപ്പ് സന്ദേശങ്ങളും അയയ്ക്കാനും സ്വീകരിക്കാനും ഈ ഫീച്ചറിലൂടെ സാധിക്കും. സമാന ഫീച്ചര്‍ ത്രെഡ്സിന്റെ മൊബൈല്‍ ആപ്പ് വേര്‍ഷനില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. ഇതിനായി പ്രത്യേകമൊരു മെസേജസ് ടാബ് ത്രെഡ്സില്‍ കാണാനാകും. ത്രെഡ്സിന്റെ എതിരാളിയായ എക്സിലും ബ്ലൂസ്‌കൈയിലും ഇതിനകം തന്നെ ഡെസ്‌ക്ടോപ്പ് മെസേജിങ് സൗകര്യമുണ്ട്. ത്രെഡ്സിന്റെ വെബ് വേര്‍ഷനില്‍ പുതിയ ചാറ്റുകള്‍ ആരംഭിക്കാനും പഴയ സന്ദേശങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാനും സാധിക്കും. എന്നാല്‍ ത്രെഡ്സിലെ ഫോളോവര്‍മാരും ഇന്‍സ്റ്റഗ്രാമിലും മ്യൂച്ചല്‍ ഫോളോവേഴ്സും തമ്മില്‍ മാത്രമേ മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കൂ.

◾  ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന 'കാട്ടാളന്‍' ചിത്രത്തിലെ സിദ്ദിഖിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ജോര്‍ജ് ഡി പീറ്റര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സിദ്ദിഖ് എത്തുന്നത്. ബ്ലോക്ക്ബസ്റ്ററായി മാറിയ മാര്‍ക്കോയില്‍ സിദ്ദിഖ് അവതരിപ്പിച്ച അതേ കഥാപാത്രം. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന കാട്ടാളന്‍ മെയ് 28നാണ് തിയറ്ററുകളിലെത്തുക. നവാഗതനായ പോള്‍ ജോര്‍ജ് ആണ് സംവിധാനം. ദുഷാര വിജയന്‍ ആണ് നായിക. പുഷ്പ, ജയിലര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തെലുങ്ക് താരം സുനില്‍, കബീര്‍ദുഹാന്‍ സിങ്, പാര്‍ഥ് തിവാരി, ജഗദീഷ്, ഹനാന്‍ഷാ, ഹിപ്സ്റ്റര്‍ എന്നിവരുമുണ്ട്. കെച്ച കെംബാക്ഡിയുടെയും ടീമിന്റെയും നേതൃത്വത്തില്‍ ആണ് ആക്ഷന്‍ രംഗങ്ങള്‍ തായ്‌ലന്റില്‍ ഒരുക്കിയത്. കന്നഡ സംഗീത സംവിധായകന്‍ രവി ബസ്‌റൂര്‍ ഈ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ്. ജോബി വര്‍ഗീസ്, പോള്‍ ജോര്‍ജ്, ജെറോ ജേക്കബ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ഉണ്ണി ആര്‍ ആണ്.

◾  കയാല്‍ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന 'സിന്‍ഗ' എന്ന തമിഴ് ചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി. മണി അമുതവന്‍ എഴുതിയ വരികള്‍ക്ക് മനോജ് ചിന്നസ്വാമി സംഗീതം പകര്‍ന്ന് സത്യ പ്രകാശ് ആലപിച്ച മുത്തേ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മലയാളത്തിലെ പ്രിയ താരങ്ങളായ സിജാ റോസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ഒരു നായ്ക്കുട്ടിയും ഈ ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നു. ആദിത്യ കതിര്‍, പ്രശസ്ത മലയാള നടന്‍ അരിസ്റ്റോ സുരേഷ് എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. പ്രണയത്തിന്റെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് ഈ ഗാനത്തിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്. രുദ്രം സിനിമാസ്, എസ്. ആര്‍ ഫിലിംസ് എന്നീ ബാനറുകളില്‍ വേലായുധം രാജേന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അശോക് കുമാര്‍ രാജ് നിര്‍വ്വഹിച്ചിരിക്കുന്നു.

◾  ടാറ്റ മോട്ടോഴ്‌സ് 2026 മെയ് വരെയുള്ള തങ്ങളുടെ ഇലക്ട്രിക് ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്ക് കിഴിവുകള്‍ പ്രഖ്യാപിച്ചു. ടിയാഗോ ഇവിക്ക് കമ്പനി 1.30 ലക്ഷം വിലമതിക്കുന്ന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കാറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 7.99 ലക്ഷം രൂപ ആണ്. എല്ലാ വകഭേദങ്ങളിലും കിഴിവ് ലഭ്യമാകും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 58 മിനിറ്റിനുള്ളില്‍ ഇത് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യപ്പെടുകയും ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ ദൂരം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. കൂടാതെ, ഒരു പ്രത്യേക റിവാര്‍ഡ് പ്രോഗ്രാമിന് കീഴില്‍ പരിമിതമായ സമയത്തേക്ക് ഉപഭോക്താക്കള്‍ക്ക് 1.86 ലക്ഷം വരെ ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. സീറോ ഡൗണ്‍ പേയ്‌മെന്റും 100 ശതമാനം ഓണ്‍-റോഡ് ഫിനാന്‍സും ലഭിക്കും. നാല് വേരിയന്റുകളില്‍ ടിയാഗോ ഇവി ലഭ്യമാണ്. ടീല്‍ ബ്ലൂ, ഡേറ്റോണ ഗ്രേ, ട്രോപ്പിക്കല്‍ മിസ്റ്റ്, പ്രിസ്റ്റൈന്‍ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

◾  പല വര്‍ണ്ണങ്ങളോടുകൂടിയ ഇഴകള്‍കൊണ്ട് നെയ്‌തെടുത്ത പട്ടുപോലെയോ, പലയിനം പൂക്കള്‍ കോര്‍ത്ത മാലപോലെയോ വ്യക്തി, ദേശം, കാലഘട്ടം, കുടുംബം എന്നിവ ഈ ആഖ്യാനത്തില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. അവയിലോരോന്നിന്റെയും വികാസവും പരിണാമവും അത്യുക്തിയോ ന്യൂനോക്തിയോ പക്ഷപാതമോ കൂടാതെ നെയ്യുകയോ കോര്‍ക്കുകയോ ചെയ്യുന്നതിലുള്ള ശ്രദ്ധയാണ് ഇതിനെ ആചാരമാത്രമല്ലാത്ത, ആത്മീയ പവിത്രതയോടുകൂടിയ ശ്രാദ്ധകര്‍മ്മമാക്കി അനുഭവപ്പെടുത്തിത്തരുന്നത്. എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്ന കെ.വി. രാമനാഥന്റെ ജീവിതം മകള്‍ ഓര്‍ത്തെടുക്കുന്നു. 'സുവര്‍ണ്ണമല്ലികയുടെ ചില്ല'. രേണു രാമനാഥ്. മാതൃഭൂമി. വില 238 രൂപ.

◾  ഒരാളുടെ കണ്ണുകള്‍ പരിശോധിച്ചാല്‍ അയാളുകള്‍ വൃക്കകളുടെ പ്രവര്‍ത്തന ശേഷി മനസിലാക്കാമെന്ന് വിദഗ്ധര്‍. കണ്ണിന് താഴെ തുടര്‍ച്ചയായി വീക്കം ശ്രദ്ധയില്‍ പെട്ടാല്‍ അല്ലെങ്കില്‍ മങ്ങിയതോ ചുവന്നതോ ആയ കണ്ണുകള്‍, വരണ്ട കണ്ണുകള്‍, കാഴ്ചയിലെ മാറ്റങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ വൃക്ക പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. ഉറക്കത്തിന്റെ ക്ഷീണം വിട്ട ശേഷവും കണ്ണുകള്‍ വീര്‍ത്തിരിക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. വൃക്ക തകരാറുള്ള ചില ആളുകള്‍ക്ക് ചില നിറങ്ങള്‍ വേര്‍തിരിച്ചറിയുന്നതില്‍ ബുദ്ധിമുട്ട് തോന്നാം, പ്രത്യേകിച്ച് മഞ്ഞയും നീലയും. ഇത് ഒപ്റ്റിക് നാഡിക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ മൂലമോ റെറ്റിനയിലെ മാറ്റങ്ങള്‍ മൂലമോ ആകാം. കാഴ്ചയിലുണ്ടാകുന്ന ഈ വ്യത്യാസങ്ങള്‍ സാവധാനത്തിലായിരിക്കും. വൃക്കകളെ ബാധിക്കുന്ന ലൂപ്പസ് നെഫ്രൈറ്റിസ് പോലുള്ള ഓട്ടോഇമ്മ്യൂണ്‍ അവസ്ഥകള്‍ കാരണം കണ്ണുകളില്‍ വീക്കം ഉണ്ടാക്കാം. ഇത് കണ്ണുകള്‍ ചുവന്ന നിറത്തില്‍ കാണപ്പെടാം. സന്ധി വേദന, നീര്‍വീക്കം, ചര്‍മത്തിലെ തിണര്‍പ്പ് തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം കണ്ണിന് ചുവപ്പ് അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കുക. വൃക്കരോഗമുള്ളവരിലോ ഡയാലിസിസിന് വിധേയരാകുന്നവരിലോ, വരണ്ട കണ്ണുകള്‍ സാധാരണയാണ്. എന്നാല്‍ വരണ്ടതോ ചെറിച്ചിലുള്ളതോ അസ്വസ്ഥതയുള്ളതോ ആയ കണ്ണുകള്‍ സ്ഥിരമായി കണ്ടാല്‍ രോഗനിര്‍ണയം നടത്തണം. കാഴ്ച മങ്ങുകയോ വസ്തുക്കളെ രണ്ടായി കാണുകയോ ചെയ്യുന്നത് റെറ്റിനയിലെ രക്തക്കുഴലുകളുടെ തകരാറു മൂലമാകാം. ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും വൃക്കരോഗങ്ങളിലേക്ക് നയിക്കാം.

ഇന്നത്തെ വിനിമയ നിരക്ക്.

ഡോളര്‍ - 94.58, പൗണ്ട് - 128.48, യൂറോ - 111.07, സ്വിസ് ഫ്രാങ്ക് - 121.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.33, ബഹറിന്‍ ദിനാര്‍ - 249.64, കുവൈത്ത് ദിനാര്‍ -307.36, ഒമാനി റിയാല്‍ - 246.00, സൗദി റിയാല്‍ - 25.05, യു.എ.ഇ ദിര്‍ഹം - 25.67, ഖത്തര്‍ റിയാല്‍ - 25.86, കനേഡിയന്‍ ഡോളര്‍ - 69.27.
➖➖➖➖➖➖➖➖

Post a Comment

0 Comments