വാർത്തകൾ@10 എ എം.





08.05.2026 വെള്ളി
◾  കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കാനുള്ള അണിയറ നീക്കങ്ങള്‍ ഇനി ഡല്‍ഹിയില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയ്ക്ക് നിരീക്ഷകര്‍ ഇന്നു റിപ്പോര്‍ട്ടു നല്‍കും. മുഖ്യമന്ത്രി ആരെന്നു ഞായറാഴ്ച പ്രഖ്യാപിക്കും.

◾  അരാജക - അരാഷ്ട്രീയ സ്വഭാവമുള്ള ചില കേന്ദ്രങ്ങളുടെ തെറ്റായ പ്രചരണത്തില്‍ ചിലര്‍  കുടുങ്ങിയതാണു എല്‍ഡിഎഫിന്റെ പരാജയകാരണമെന്നും വസ്തുതകള്‍ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും പിണറായി വിജയന്‍.  തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാനും എല്ലാ സഖാക്കളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും എല്‍ഡിഎഫ് തീരുമാനിച്ചു. എല്ലാവരുടേയും  അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പരിശോധിക്കും. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ശക്തമായ പ്രതിപക്ഷമായി മുന്നോട്ടു പോകുമെന്നും പിണറായി വിജയന്‍.

◾  തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ എസ്‌കലേറ്റര്‍ യന്ത്രത്തകരാര്‍മൂലം തിരിച്ചു കറങ്ങി. രാവിലെ പത്തോടെ വഞ്ചിനാട് എക്‌സ്പ്രസില്‍ വന്ന യാത്രക്കാര്‍ക്കു തെറിച്ചുവീണു പരിക്കേറ്റു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.  

◾  ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ യമുന നദിയില്‍ ഒമ്പതു യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി മൂന്നു പേര്‍ മരിച്ചു. കാണാതായ മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. ഒരു സ്ത്രീയുടെയും രണ്ടു കുട്ടികളുടെയും മൃതദേഹമാണ് കണ്ടത്തിയത്. മൂന്നു കുട്ടികളെയാണ് കണ്ടെത്താനുള്ളത്.

◾  ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ടാങ്കറിനു നേരെ യുഎസ് സൈന്യം ആക്രമണം നടത്തി. ഇറാനിലെ ക്വേഷം തുറമുഖത്തും ബന്ദര്‍ അബ്ബാസ് തുറമുഖത്തുമായാണ് യുഎസ് സൈന്യത്തിന്റെ ആക്രമണം ഉണ്ടായത്. രണ്ട് ഡ്രോണുകളെ ഇറാന്‍ സൈന്യം വെടിവച്ചിട്ടു.

◾  ചൈനീസ് മുന്‍ പ്രതിരോധ മന്ത്രിമാരായ വേ ഫെംഗെയ്ക്കും ലി ഷാങ്ഫുവിനും അഴിമതിക്കേസില്‍ വധശിക്ഷ വിധിച്ചുകൊണ്ട് ഷി ജിന്‍പിങ് സര്‍ക്കാര്‍. ലി ഷാങ്ഫു വന്‍ തുകകളും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കൂലിയായി വാങ്ങിയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

◾  ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭം കൈവരിച്ച എമിറേറ്റ്‌സ് ഗ്രൂപ്പ് 1.3 ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചു.

◾  നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഒമ്പതു റണ്‍സിന് തകര്‍ത്ത് ലക്നൗ സൂപ്പര്‍ ജയന്റ്സ് പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി. മഴ പലവട്ടം വില്ലനായപ്പോള്‍ 19 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് 19 ഓവറില്‍ 203 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 56 പന്തില്‍ 111 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ലക്നൗവിന്റെ ടോപ് സ്‌കോറര്‍. 31 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പാട്ടീദാറാണ് ആര്‍സിബിയുടെ താരം. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചബെംഗളൂരുവിന്റെ ടിം ഡേവിഡും (17 പന്തില്‍ 40) ക്രുനാല്‍ പാണ്ഡ്യയും(16 പന്തില്‍ 28), റൊമാരിയോ ഷെപ്പേര്‍ഡും(15 പന്തില്‍ 23) പൊരുതി നോക്കിയെങ്കിലും 9 റണ്‍സകലെ അടിതെറ്റി വീണു.

◾  ഐപിഎല്‍ ഫൈനല്‍ വേദി ബിസിസിഐ ബെംഗളൂരുവില്‍നിന്ന് മാറ്റിയത് പതിനായിരം സൗജന്യ ടിക്കറ്റുകള്‍ അധികമായി ആവശ്യപ്പെട്ടതിനാലാണെന്ന് റിപ്പോര്‍ട്ട്. ചട്ടപ്രകാരം സീറ്റുകളുടെ 15 ശതമാനമാണ് ആതിഥേയ അസോസിയേഷന് സൗജന്യമായി നല്‍കുന്നത്. എന്നാല്‍ കര്‍ണാടകത്തിലെ രാഷ്ട്രീയക്കാര്‍ക്കും മറ്റുമായി പതിനായിരം സൗജന്യ ടിക്കറ്റുകള്‍കൂടി നല്‍കണമെന്നു കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടതാണു വേദി മാറ്റാന്‍ കാരണമെന്നു ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.  

◾  എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ 1455.14 കോടി രൂപയാണ് അറ്റാദായം. 2024-25 ല്‍ 1302.88 കോടി രൂപയായിരുന്നു. 11.69% വളര്‍ച്ച. എക്കാലത്തെയും ഉയര്‍ന്ന മൊത്ത ബിസിനസും നേടി. 2,23,620 കോടി രൂപ. പ്രവര്‍ത്തന ലാഭത്തിലും റെക്കോര്‍ഡ് നേട്ടമുണ്ട്. 2,373 കോടി രൂപ. പലിശയിതര വരുമാനമായി നേടിയ 2,009 കോടി രൂപയും ചരിത്ര നേട്ടമാണ്. 45% ലാഭവിഹിതവും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 0.92 ശതമാനത്തില്‍ നിന്നു 0.29 ശതമാനമായി കുറഞ്ഞു. റീട്ടെയ്ല്‍ നിക്ഷേപം 1,04,750 കോടി രൂപയില്‍ നിന്ന് 1,20,116 കോടി രൂപയായി. 14.67% വര്‍ധന. എന്‍ആര്‍ഐ നിക്ഷേപം 31,602 കോടി രൂപയില്‍ നിന്നു 11.92% വര്‍ധിച്ചു 35,371 കോടി രൂപയായി. മൊത്ത വായ്പകള്‍ 87,579 കോടി രൂപയില്‍ നിന്ന് 1,00,274 കോടി രൂപയായി; 14.50% വര്‍ധന. സ്വര്‍ണ വായ്പ 16,982 കോടി രൂപയില്‍ നിന്ന് 24,729 കോടി രൂപയായി.

◾  ഇന്ത്യന്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരം കടുപ്പിക്കാന്‍ ചൈനീസ് ബ്രാന്‍ഡായ വിവോ പുതിയ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചു. വിവോ എക്സ്300 അള്‍ട്രാ, എക്സ്300 എഫ്ഇ എന്നീ മോഡലുകളാണ് വിപണി പിടിക്കാനായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറയിലൂടെ ഉപയോക്താക്കളെ കൈയിലെടുക്കുക എന്നതാണ് വിവോ ഈ മോഡലുകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എക്സ്300 എഫ്ഇ പ്രീമിയം വിഭാഗത്തിലേക്ക് കടക്കുന്നവരെ ഉദ്ദേശിച്ചുള്ള മോഡലാണ്. എക്സ്300 അള്‍ട്രയാകട്ടെ പ്രെഫഷണല്‍ ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള വിഭാഗത്തിനായും അവതരിപ്പിച്ചിരിക്കുന്നു. എക്സ്300 എഫ്ഇ 79,999 രൂപയില്‍ ആരംഭിക്കുന്നു. 12 ജിബി റാം, 256 ജിബി സ്റ്റോറേജും ഉള്‍ക്കൊള്ളുന്നതാണ് ഈ മോഡല്‍. 12 ജിബി+512ജിബി വേര്‍ഷന്റെ വില 89,999 രൂപയാണ്. വിവോ എക്സ്300 അള്‍ട്ര മോഡലിന്റെ വില ആരംഭിക്കുന്നത് 1,59,999 രൂപയിലാണ്. 16 ജിബി+512ജിബി മോഡലിനാണ് ഈ വില. 6500 എംഎഎച്ച് ബാറ്ററിയുമുണ്ട്. വില്പന മേയ് 14 മുതല്‍.

◾  ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത മലയാളത്തിലെ ക്ലാസിക് ചിത്രം 'അമ്മ അറിയാന്‍' 4കെ പതിപ്പ് കാനില്‍ മെയ് 16 ന് പ്രദര്‍ശിപ്പിക്കും. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രം റീസ്റ്റോര്‍ ചെയ്തത്. ഈ വര്‍ഷം കാനിലെ ലോക ക്ലാസിക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ് അമ്മ അറിയാന്‍. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ റീസ്റ്റോര്‍ ചെയ്ത് കാനിലെ വേള്‍ഡ് ക്ലാസിക് വിഭാഗത്തില്‍ തുടര്‍ച്ചയായി പ്രദര്‍ശിക്കുന്ന ആറാം ചിത്രം കൂടിയാണ് അമ്മ അറിയാന്‍. നേരത്തെ ജി അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ്, അരിഭം ശ്യാം ശര്‍മ്മയുടെ ഇഷനൗ, ശ്യാം ബെനഗലിന്റെ മന്തന്‍, സത്യജിത് റേയുടെ അരണ്യര്‍ ദിന്‍ രാത്രി, സുമിത്ര പെരീസിന്റെ ഗെഹെനു ലാമായ് തുടങ്ങീ ചിത്രങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1986 ല്‍ പുറത്തിറങ്ങിയ ചിത്രം വേണു ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ബീന പോള്‍ എഡിറ്റ് ചെയ്ത ചിത്രത്തില്‍ ജോയ് മാത്യു ആണ് പ്രധാന കഥാപാത്രമായെത്തിയത്.

◾  ഷെയ്ന്‍ നിഗത്തെ നായകനാക്കി മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃഢം' മേയ് എട്ടിന് തിയേറ്ററുകളിലെത്തും. ഷോബി തിലകന്‍, കോട്ടയം രമേശ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗീസ്, ജോജി കെ. ജോണ്‍, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രന്‍, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഏറെ ആഗ്രഹത്തോടെയും അതിലേറെ ആത്മവിശ്വാസത്തോടെയും നാട്ടിന്‍പുറത്തെ പൊലീസ് സ്റ്റേഷനില്‍ വിജയ് രാധാകൃഷ്ണന്‍ ചാര്‍ജെടുക്കുന്നതും തുടര്‍ന്ന് ഒട്ടും പ്രതീക്ഷിക്കാതെ എത്തുന്ന ചില പ്രശ്നങ്ങളുടെ സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. കൊറോണ പേപ്പേഴ്സ്, വേല എന്നീ ചിത്രങ്ങള്‍ക്കു ശേഷം വേറിട്ട പോലീസ് കഥാപാത്രമായ വിജയ് രാധാകൃഷ്ണനെ ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നു. ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.

◾  ഇലക്ട്രിക് സ്‌കൂട്ടറായ ടിവിഎസ് ഐക്യൂബ് എസിന്റെ പുതിയ പതിപ്പ് പുറത്തിറക്കി ടിവിഎസ് മോട്ടോര്‍. 4.7 കിലോവാട്ട്അവര്‍ ബാറ്ററി പാക്കോടു കൂടിയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്. 1,37,142 രൂപയാണ് വില. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 175 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്നു. പേര്‍പ്പിള്‍ ബീജ്, ബ്ലൂ ബീജ് എന്നീ രണ്ട് പുതിയ ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും സ്‌കൂട്ടര്‍ ലഭ്യമാണ്. ബ്രേക്കിങ്ങിനായി ഡിസ്‌ക്-ഡ്രം കോമ്പിനേഷനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ 4.4 കിലോവാട്ട് മോട്ടോര്‍ പരമാവധി 82 കിലോമീറ്റര്‍ വേഗം നല്‍കുന്നു. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.3 സെക്കന്‍ഡ് മതി. പ്രധാന വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വലിയ ടിഎഫ്ടി സ്‌ക്രീന്‍ ഇതിലുണ്ട്. 32 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ്, യുഎസ്ബി ചാര്‍ജര്‍, നാവിഗേഷന്‍, സ്മാര്‍ട്ട്ഫോണ്‍ അലര്‍ട്ടുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 12 ഇഞ്ച് വീലുകളുള്ള സ്‌കൂട്ടറില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷനായി നല്‍കിയിരിക്കുന്നു.

◾  കള്ളങ്ങള്‍ സത്യത്തെക്കാള്‍ കരുത്താര്‍ജ്ജിക്കുന്ന ഈ യുഗത്തില്‍, നുണകള്‍കൊണ്ട് മെനഞ്ഞെടുത്ത അലസജീവിതത്തിലൂടെ ഇഴഞ്ഞുജീവിക്കുന്ന ഒരുവന്‍. വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഭയന്ന്, ഉത്തരവാദിത്വങ്ങളില്‍നിന്നും നിരന്തരം ഓടിയൊളിച്ച ഭൂപന്‍ അവസാനം ചെന്നുചേര്‍ന്നത് അയാളുടെ ഭാവിയെ മുഴുവന്‍ ഇല്ലായ്മ ചെയ്യാന്‍ ശേഷിയുള്ള ഒരു പ്രവൃത്തിയിലായിരുന്നു. വെറുപ്പിന്റെ ലോകത്തിലേക്ക് വ്യക്തിയും ദേശവും പരിണാമം ചെയ്യപ്പെടുന്നതിന്റെ വാങ്മയ ചിത്രം. സുരേന്ദ്രന്‍ മങ്ങാട്ടിന്റെ ഏറ്റവും പുതിയ നോവല്‍. 'ഉരഗം'. മാതൃഭൂമി. വില 170 രൂപ.

◾  കുടവയര്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കുമെന്ന് പഠനം. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ് തടികുറയ്ക്കാന്‍ സഹായിക്കുന്നത്. അതുപോലെ തന്നെ ദഹനപ്രശ്‌നങ്ങള്‍ക്കും ഇഞ്ചി ഒരു പരിഹാരമാണ്. ആര്‍ത്തവ സംബന്ധമായുള്ള വയറു വേദനയ്ക്കും ഇഞ്ചി നീര് കഴിച്ചാല്‍ ആശ്വാസം ലഭിക്കും. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്‌ഡോമിനല്‍ ഒബിസിറ്റി അഥവാ സെന്‍ട്രല്‍ ഒബിസിറ്റി. ഇതു വെറും ഒരു ശരീര അഴകിന്റെ മാത്രം പ്രശ്‌നമായി കാണാവുന്ന ഒന്നല്ല. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം. കൊഴുപ്പ് രണ്ട് തരത്തിലാണ് വയറുഭാഗത്ത് രൂപപ്പെടുന്നത്. ഒന്ന് തൊലിക്കടിയില്‍ രൂപപ്പെടുന്ന സബ്കൂട്ടേനിയസ് ഫാറ്റ്. ഇത്തരത്തിലുള്ള കൊഴുപ്പ് വയറുഭാഗത്ത് മാത്രമല്ല ശരീരത്തിലെവിടെയും രൂപപ്പെടാം. എന്നാല്‍ വയറിനുള്ളില്‍ രൂപപ്പെടുന്ന വിസറല്‍ ഫാറ്റ് അപകടകാരിയാണ്. ഇത് ആന്തരികാവയവങ്ങളുടെ ചുറ്റുമാണ് രൂപപ്പെടുന്നത്. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ഒരു കഷ്ണം ഇഞ്ചി കടിച്ചു ചവച്ചു കഴിക്കുക. രാവിലെയും വൈകിട്ടും ഉച്ചയ്ക്കും ഇത് തുടരുക. ഇത് നിങ്ങളുടെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇഞ്ചി ചതച്ച് ഇതില്‍ അല്‍പ്പം ചെറുനാരങ്ങനീരും ഉപ്പും ചേര്‍ത്ത് കഴിക്കുന്നതും വയര്‍ കുറയാന്‍ സഹായിക്കും. ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ഈ വെള്ളം ഊറ്റിയെടുത്തു ചെറുനാരങ്ങ നീരും തേനും ചേര്‍ത്തു ദിവസവും മൂന്ന് തവണ കഴിക്കുന്നത് നല്ലതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഇംഗ്ലണ്ടിലെ വെസ്‌ക്കസിലെ രാജാവായിരുന്നു ആല്‍ഫ്രഡ്.   ഒരിക്കല്‍ അദ്ദേഹത്തിന്റെ രാജ്യത്ത് സമുദ്രസഞ്ചാരികളുടെ ആക്രമണമുണ്ടായി.  തുടക്കത്തില്‍ അവരുടെ ശല്യമൊഴിവാക്കാനായി അദ്ദേഹം അവര്‍ക്ക് കപ്പം കൊടുത്തു പ്രീതിപ്പെടുത്തി. പിന്നീട് ഒഴിവാക്കാന്‍ നോക്കിയ ശ്രമം യുദ്ധത്തില്‍ ചെന്നെത്തി.  പക്ഷേ, ശക്തരായ അവരെ നേരിടാനാകാതെ യുദ്ധമുഖത്ത് നിന്ന് ആല്‍ഫ്രഡ് പിന്തിരിഞ്ഞോടി.  ആട്ടിടയന്റെ വേഷം ധരിച്ചാണ് അദ്ദേഹം പിന്നീടുളള കാലം ജീവിച്ചത്. ഒരിക്കല്‍ വിശന്നുവലഞ്ഞ് ഗ്രാമാതിര്‍ത്തിയിലെത്തിയ അദ്ദേഹം ഒരു കുടിലില്‍ അഭയം തേടി.  ഭക്ഷണം നല്‍കാനായി അവിടത്തെ ഗൃഹനാഥ റൊട്ടിയുണ്ടാക്കാനായി മാവ് കുഴച്ച് തീക്കനലില്‍ വെച്ചു. ആല്‍ഫ്രഡിനോട് റൊട്ടികരിയാതെ നോക്കണമെന്ന് പറഞ്ഞ്, പശുവിനെ കറന്ന് പാല്‍എടുക്കാന്‍ പുറത്ത്പോയി.  തന്റെ പരാജയകഥയോര്‍ത്തിരുന്ന അദ്ദേഹം റൊട്ടിയുടെ കാര്യം മറന്നു.  അവര്‍ വന്നപ്പോള്‍ റൊട്ടികരിഞ്ഞിരിക്കുന്നത് കണ്ടു ദേഷ്യപ്പെട്ടു:  ഒരു ജോലി ഏറ്റെടുത്താന്‍ അത് ചെയ്യണം, മടിപിടിച്ചിരിക്കുകയല്ല വേണ്ടത്.. ഇത് കേട്ടാണ് അവിടത്തെ ഗൃഹനാഥന്‍ എത്തുന്നത്. അയാള്‍ രാജാവിനെ തിരിച്ചറിഞ്ഞു.  ഭാര്യയോട് മാപ്പ് പറയാനും ആവശ്യപ്പെട്ടു.  രാജാവ് പറഞ്ഞു: റൊട്ടികരിയാതെ നോക്കിക്കൊള്ളാമെന്ന് വാക്ക് കൊടുത്തത് ഞാനാണ്. അതുകൊണ്ട്  ഈ ശാസനക്ക് ഞാന്‍ അര്‍ഹനാണ്. ഒരു കടമ ഏറ്റെടുത്താല്‍ അത് ചെറുതാണെങ്കിലും കൃത്യതയോടെ ചെയ്യണം.. അദ്ദേഹം പുഞ്ചിരിച്ചു. ഭക്ഷണ ശേഷം തന്റെ നാട്ടിലേക്ക് തിരിച്ച അദ്ദേഹം തന്റെ അണികളെ ഒന്നിച്ച് ചേര്‍ത്ത് അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി സ്വന്തം രാജ്യം പോരാടി തിരിച്ചുപിടിച്ചു.  ജീവിതം മഹത്വപൂര്‍ണ്ണമാകുന്നത് നാം നമ്മുടെ കടമകള്‍ നിര്‍വ്വഹിക്കുമ്പോഴാണ്.. നമ്മുടെ ജീവിതവും മഹത്വപൂര്‍ണ്ണമായി മാറട്ടെ.

Post a Comment

0 Comments