ലെവല്‍ ക്രോസ് നിയമലംഘനം: ലൈസൻസ് റദ്ദാക്കും.



തിരുവനന്തപുരം: റെയില്‍വേ ലെവല്‍ ക്രോസിംഗ് ഗേറ്റുകള്‍ തകർക്കുന്നതും ഗേറ്റിനുള്ളില്‍ അശ്രദ്ധമായി വാഹനം ഓടിച്ചു കുടുങ്ങുന്നതും തടയാൻ കർശന നടപടികളുമായി തിരുവനന്തപുരം റെയില്‍വേ ഡിവിഷൻ.

സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്ന വ്യക്തികളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ മോട്ടോർ വാഹന വകുപ്പിനോട് റെയില്‍വേ സുരക്ഷാസേന (ആർപിഎഫ്) ശിപാർശ ചെയ്യും. ഇതുസംബന്ധിച്ച സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറുടെ 07/2026 നമ്പർ സർക്കുലർ നിലവില്‍ വന്നു.

മുന്നറിയിപ്പു സിഗ്നലുകള്‍ അവഗണിച്ചോ, ഗേറ്റ് അടയ്ക്കുന്നതിനിടയിലോ ബലമായി കടക്കാൻ ശ്രമിക്കുന്നതു ഗുരുതരമായ ക്രിമിനല്‍ കുറ്റമായി കണക്കാക്കും. ലൈസൻസ് റദ്ദാക്കലിനു പുറമെ, റെയില്‍വേ സ്വത്തുക്കള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കു പിഴയും ശിക്ഷയും നേരിടേണ്ടി വരും. ഇത്തരം സംഭവങ്ങള്‍ ട്രെയിൻ യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കുന്നതിനാലാണു കടുത്ത നടപടി.

2025-ല്‍ തിരുവനന്തപുരം ഡിവിഷനില്‍ 104 ഗേറ്റ് തകർക്കല്‍ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2026-ല്‍ ഇതുവരെ 27 സംഭവങ്ങളാണുണ്ടായത്.ഇത്തരത്തിലുള്ള ഓരോ സംഭവവും ട്രെയിൻ സർവീസ് വൈകിപ്പിക്കുകയും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. അക്ഷമയോടെയുള്ള ഡ്രൈവിംഗും അമിതവേഗവുമാണ് അപകടങ്ങള്‍ക്കു പ്രധാന കാരണമെന്ന് വിലയിരുത്തുന്നു.

മുന്നറിയിപ്പു സിഗ്നല്‍ ലഭിച്ചാലുടൻ വാഹനം നിർത്തുക, ഗേറ്റ് പൂർണമായി തുറന്ന ശേഷം മാത്രം ശ്രദ്ധയോടെ കടക്കുക, ഗേറ്റിനിടയില്‍ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ അതീവ ജാഗ്രത പാലിക്കുക തുടങ്ങിയ നിർദേശങ്ങള്‍ റെയില്‍വേ നല്‍കിയിട്ടുണ്ട്. മനുഷ്യജീവൻ സംരക്ഷിക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനും പൊതുജനങ്ങള്‍ സർക്കാർ നിർദേശങ്ങളോടു പൂർണമായി സഹകരിക്കണമെന്ന് ആർപിഎഫ് അഭ്യർഥിച്ചു.

Post a Comment

0 Comments