2026 മേയ് 14, വ്യാഴം
◾ വി.ഡി സതീശന്‍ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി. തിങ്കളാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ. ഇന്നുച്ചയ്ക്ക് ഡല്‍ഹിയില്‍ എഐസിസി വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, അജയ് മാക്കന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരാണു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. 11 ദിവസത്തെ അനിശ്ചിതത്വത്തിനും മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ഒടുവിലാണു പ്രഖ്യാപനം.
◾ വ്യാജരേഖ ചമച്ച് അവയവകൈമാറ്റം നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അവയവ കൈമാറ്റത്തിന് ആളുകളെ എത്തിച്ചു നല്‍കിയ ഇടനിലക്കാരന്‍ ഡെബിന്‍ ജോസഫാണ് അറസ്റ്റിലായത്. മുഖ്യപ്രതി നജീബിന്റെ ഡയറിയില്‍ നിന്നാണ് ഡെബിനിലേക്ക് പൊലീസ് എത്തിയത്. നജീബും കൂട്ടുപ്രതികളും നിലവില്‍ എറണാകുളം റൂറല്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.
◾ കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന ഒന്‍പത് വയസുകാരന്റെ ആരോഗ്യനില തൃപ്തികരം. കോട്ടൂര്‍ സ്വദേശിയായ ഒമ്പതുകാരനാണ് ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
◾ പാലക്കാട് മലമ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അകമലവാരം സ്വദേശി ചന്ദ്രനാണ് (55) മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം.
◾ കോഴിക്കോട് പെരുവണ്ണാമുഴിയില്‍ വനത്തില്‍ വഴിതെറ്റി കാണാതായ ഡിജിറ്റല്‍ സര്‍വ്വേ ഉദ്യോഗസ്ഥരേയും വനംവകുപ്പ് വാച്ചര്‍മാരെയും കണ്ടെത്തി. കരിങ്കണ്ണി ഭാഗത്തുനിന്നാണ് ഏഴംഗ സംഘത്തെ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് നാല് സര്‍വ്വേ ഉദ്യോഗസ്ഥരും മൂന്ന് വാച്ചര്‍മാരും വനഭൂമി സര്‍വ്വേയ്ക്കായി പൂഴിത്തോടുനിന്ന് പുറപ്പെട്ടത്. മൂന്നരയോടെ വാക്കി ടോക്കിയിലൂടെയുള്ള ആശയ വിനിമയം കിട്ടാതായി. വഴി തെറ്റിപ്പോയ സംഘം രാത്രി തങ്ങാനുള്ള സ്ഥലത്ത് എത്തിയതുമില്ല. കാട്ടില്‍ കുടുങ്ങിയവരെ വനംവകുപ്പ് സ്‌ക്വാഡാണ് കണ്ടെത്തിയത്.
◾ സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നു. വധശിക്ഷയില്‍നിന്ന് നേരത്തേ ഒഴിവാക്കപ്പെട്ട റഹീമിന് കോടതി വിധിച്ച തടവുശിക്ഷ മേയ് മൂന്നാംവാരം അവസാനിക്കും. എന്നാല്‍, സൗദിയിലെ പെരുന്നാള്‍ പ്രമാണിച്ച് ഓഫീസുകള്‍ക്ക് അവധിയാണെങ്കില്‍ മോചനം നീണ്ടേക്കും.
◾ തമിഴ്നാട്ടില്‍ എഐഎഡിഎംകെ പിളര്‍ന്നു. നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ വിപ്പ് ലംഘിച്ച് മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള ടി.വി.കെ. സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്ത എസ്.പി. വേലുമണി, സി.വി. ഷണ്മുഖം എന്നിവരുള്‍പ്പെടെ 29 നേതാക്കളെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പുറത്താക്കി. പാര്‍ട്ടിക്കു 47 എംഎല്‍എമാരാണുണ്ടായിരുന്നത്. ഇപ്പോഴതു 18 പേരായി ചുരുങ്ങി.
◾ നീറ്റ് യുജി പരീക്ഷ ക്രമക്കേടില്‍ അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാക്കളായ ബിവാല്‍ സഹോദരങ്ങള്‍ നേരത്തെയും ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന സംശയത്തില്‍ അന്വേഷണസംഘം. ഈ കുടുംബത്തിലെ നാല് പേര്‍ കഴിഞ്ഞവര്‍ഷം നീറ്റ് പരീക്ഷ പാസായി. ഇതില്‍ ദൂരുഹതയുണ്ടോയെന്നാണ് സിബിഐയുടെ സംശയം.
◾ തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട 717 മദ്യശാലകളില്‍ ഏറെയും മധുരൈയില്‍. ഈ മേഖലയിലെ 281 മദ്യശാലകളാണ് അടച്ചുപൂട്ടുക. സ്‌കൂളുകള്‍, ആരാധാനാലയങ്ങള്‍, ജനസാന്ദ്രതയേറിയ മേഖലകള്‍ എന്നിവയുടെ 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്.
◾ തമിഴ്നാട്ടില്‍ 21 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് മദ്യം നല്കരുതെന്ന് ടാസ്മാക് സര്‍ക്കുലര്‍. 2003 ലെ ചട്ടം കര്‍ശനമായി പാലിക്കണം ആരുടെയെങ്കിലും പ്രായത്തില്‍ സംശയം തോന്നിയാല്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടണം വീഴ്ച വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറിലുണ്ട്.
◾ യുക്രൈനിലെ തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ അതിശക്തമായ ഡ്രോണ്‍ ആക്രമണം നടത്തി. സംഭവത്തില്‍ ആറോളം പേര്‍ കൊല്ലപ്പെട്ടതായും കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു.
◾ തായ്വാനുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചു. ട്രംപിന്റെ ചൈന സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം ധരിപ്പിച്ചത്.
◾ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നാലാം പാദത്തില്‍ 1755.27 കോടി രൂപ മൊത്തം വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1538.08 കോടി രൂപയില്‍ നിന്ന് 14.1 ശതമാനമാണ് വര്‍ധന. 91.13 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 23% വര്‍ധിച്ച് 112.13 കോടി രൂപയിലെത്തി. ഈ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ആകെ 5965.78 കോടി രൂപയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ 5577.82 കോടി രൂപയില്‍ നിന്നും ഏഴു ശതമാനം വര്‍ധന. അറ്റാദായം 308.33 കോടി രൂപയാണ്. മുന്‍ വര്‍ഷം 313.72 കോടി രൂപയായിരുന്നു. നാലാം പാദത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ലാഭത്തില്‍ 23.6 ശതമാനത്തിന്റെ വലിയ വര്‍ദ്ധനവുണ്ടായയി. ഇലക്ട്രിക്കല്‍സ് വിഭാഗം നാലാം പാദത്തില്‍ 771.78 കോടി രൂപയുടെ വരുമാനം നേടി. ഇലക്ട്രോണിക്സ് മേഖല 22.3% വാര്‍ഷിക വളര്‍ച്ചയോടെ 498.27 കോടി രൂപയുടെ വരുമാനം നേടി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം 4.1% വളര്‍ച്ചയോടെ 426.11 കോടി രൂപയുടെ വരുമാനവും സണ്‍ഫ്ളെയിം ബ്രാന്‍ഡിന് കീഴിലുള്ള ഉല്‍പന്നങ്ങള്‍ 60.10 കോടി രൂപയുടെ വരുമാനവും നേടി.
◾ വാട്‌സ്ആപ്പിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ 'വാട്‌സാപ്പ് പ്ലസ്' ആരംഭിച്ചു. വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് കസ്റ്റം തീമുകള്‍ മുതല്‍ പുതിയ ഐക്കണുകള്‍ വരെയുള്ള നിരവധി വ്യക്തിഗത ഫീച്ചറുകളും സൗകര്യങ്ങളും ലഭിക്കുന്ന സേവനമാണിത്. നിലവില്‍ തെരഞ്ഞെടുത്ത ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത് ലഭിക്കുക. വാട്സ്ആപ്പിന്റെ സാധാരണ പച്ച നിറത്തിന് പകരമായി ഇന്റര്‍ഫേസില്‍ ഉടനീളം ഉപയോഗിക്കാന്‍ കഴിയുന്ന 18 വ്യത്യസ്ത നിറങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. അനിമേറ്റഡ് ഓവര്‍ലേ ഇഫക്റ്റുകളുള്ള പ്രീമിയം സ്റ്റിക്കര്‍ പാക്കുകള്‍ ഇതില്‍ ലഭ്യമാണ്. ലളിതമായ ഔട്ട്ലൈനുകള്‍ മുതല്‍ ആകര്‍ഷകമായ ഡിസൈനുകള്‍ വരെയുള്ള 14 വ്യത്യസ്ത ആപ്പ് ഐക്കണുകളില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. വാട്സ്ആപ്പ് പ്ലസ് ഉപയോഗിച്ച് ഒരേസമയം 20 ചാറ്റുകള്‍ വരെ പിന്‍ ചെയ്തു വെക്കാന്‍ സാധിക്കും. ഒരേ ലിസ്റ്റിലെ ഒന്നിലധികം ചാറ്റുകള്‍ക്ക് ഒരേസമയം ഒരൊറ്റ തീം, മെസ്സേജ് അലര്‍ട്ട് ടോണ്‍, കോള്‍ റിങ്‌ടോണ്‍ എന്നിവ നല്‍കാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു. 10 പ്രത്യേക റിങ്‌ടോണുകളും ലഭിക്കും.
◾ റിലീസിനു മുന്നേ ഏകദേശം 160 കോടിക്ക് 'ജയിലര്‍ 2' ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കി ആമസോണ്‍ പ്രൈം വീഡിയോ. മലയാളത്തിന്റെ പ്രിയ നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ രജനികാന്തിനൊപ്പം നിര്‍ണായക വേഷത്തില്‍ ഉണ്ട്. തമിഴകത്തെ ഏറ്റവും ഉയര്‍ന്ന തുകയുടെ ഒടിടി ഡീലാണ് ഇത്. സെപ്റ്റംബര്‍ നാലിനായിരിക്കും ചിത്രത്തിന്റെ റിലീസ്. നെല്‍സണ്‍ ഒരുക്കിയ ബ്ലോക് ബസ്റ്റര്‍ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലര്‍ 2. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ല്‍ ആയിരുന്നു ജയിലര്‍ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ ചിത്രം നേടി. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ജയിലര്‍ 2വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് തന്നെയാണ് അറിയാന്‍ കഴിയുന്നതും.
◾ ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'തേവര്‍'. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൊള്ളാച്ചിയില്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ട ചിത്രീകരണം കേരളത്തില്‍ ഉടന്‍ ആരംഭിക്കും. ധ്യാനിനൊപ്പം ഡോ റോഷന്‍ രാജ്, ഷഹീന്‍ സിദ്ദിഖ് എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാന്ത്രിക സിദ്ധിയുള്ള ഒരു പ്രതിമയുടെ കഥയാണ് ചിത്രം പറയുന്നത്. ഫാന്റസി ഹ്യൂമര്‍ ത്രില്ലര്‍ ജോണറില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ തലൈവാസല്‍ വിജയ്, കലാഭവന്‍ ഷാജോണ്‍, മൊട്ട രാജേന്ദ്രന്‍, വയ്യാപുരി, ഐശ്വര്യ, പൂജ റാം, ഡാനി, മേജര്‍ രവി, ദേവന്‍, ഷാജു ശ്രീ ധര്‍, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, സുനില്‍ സുഖദ, ദിനേശ് പണിക്കര്‍, ജയരാജ് വാര്യര്‍, ശിവജി ഗുരുവായൂര്‍, കപോതന്‍ ശ്രീധരന്‍ നമ്പൂതിരി തുടങ്ങിയവരും അഭിനയിക്കുന്നു.
◾ ടിയാഗോക്കും ടിഗോറിനും പിന്നാലെ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിലും പുത്തന്‍ ഐസിഎന്‍ജി എഎംടി പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. അഞ്ച് വകഭേദങ്ങളിലാണ് ആള്‍ട്രോസ് സിഎന്‍ജി എത്തുന്നത്. പ്യുര്‍(8.69 ലക്ഷം രൂപ), പ്യുര്‍ എസ്(8.99 ലക്ഷം രൂപ), ക്രിയേറ്റീവ്(9.56 ലക്ഷം രൂപ), ക്രിയേറ്റീവ് എസ്(9.81 ലക്ഷം രൂപ), അക്കംപ്ലിഷ്ഡ് എസ്(10.76 ലക്ഷം രൂപ) എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില. ട്വിന്‍ സിലിണ്ടറിലാണ് ആള്‍ട്രോസ് ഐസിഎന്‍ജി എഎംടിയുടേയും വരവ്. 210 ലീറ്റര്‍ ബൂട്ട് സ്‌പേസ് ലഭ്യമാണെന്നത് സിഎന്‍ജി ഉപഭോക്താക്കള്‍ക്ക് ചെറിയ ആശ്വാസമല്ല നല്‍കുന്നത്. 1.2 ലീറ്റര്‍ റെവോട്രോണ്‍ എന്‍ജിന്‍ സിഎന്‍ജി മോഡില്‍ 73.5 പിഎസ് കരുത്തും 103എന്‍എം ടോര്‍ക്കും പുറത്തെടുക്കും. സിഎന്‍ജി മോഡില്‍ നേരിട്ട് സ്റ്റാര്‍ട്ട് ചെയ്യാവുന്ന ഡയറക്ട് സ്റ്റാര്‍ട്ട് സൗകര്യവും ഇതിലുണ്ട്.
◾ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം അക്ഷരരൂപത്തില്‍ ആവിഷ്‌കരിച്ച് വായനാലോകത്തെ വിസ്മയിപ്പിച്ച മഹാസാഹിത്യകാരനാണ് എം.ടി. വാസുദേവന്‍ നായര്‍. തിരക്കഥകളുടെ പരമ്പര തന്നെ സൃഷ്ടിച്ചു. സിനിമകള്‍ സംവിധാനം ചെയ്തു. ഭാഷയിലെ ഏറ്റവും മികച്ച പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി. ഓരോ നിമിഷവും സര്‍ഗാത്മകതയ്ക്കായി സമര്‍പ്പിക്കുമ്പോഴും കുട്ടികളെ വാത്സല്യത്തോടെ പരിഗണിച്ചു. മികച്ച മൂന്നു കൃതികള്‍ അവര്‍ക്കായി രചിച്ചു. എം.ടി. എഴുതിയ ബാലസാഹിത്യ കൃതികളുടെ വെളിച്ചത്തില്‍ അദ്ദേഹത്തിന് ആരായിരുന്നു കുട്ടികള്‍ എന്നു പരിശോധിക്കുകയാണിവിടെ. എം.ടി. യെ ഇഷ്ടപ്പെടുന്ന എല്ലാവരും വായിച്ചിരിക്കേണ്ട കൃതി. കുട്ടികളുടെ എം ടി. ഡോ ഗോപി പുതുക്കോട്. ഇന്ത്യ ബുക്സ്. വില 100 രൂപ.
◾ നാക്കില്‍ നിന്നെടുക്കുന്ന സ്രവം ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ക്ഷയരോഗം കണ്ടെത്താന്‍ സാധിക്കുന്ന പുതുപരിശോധനകള്‍ക്ക് ശുപാര്‍ശ ചെയ്ത് ലോകാരോഗ്യ സംഘടന. നാക്കിന്റെ പ്രതലത്തില്‍ നിന്ന് 10 സെക്കന്‍ഡ് കൊണ്ട് ഈ പരിശോധനയ്ക്ക് ആവശ്യമായ സ്രവം എടുക്കാം. വളരെ വേഗത്തിലും വേദനയില്ലാതെയും എടുക്കാന്‍ സാധിക്കുമെന്നത് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ രോഗനിര്‍ണ്ണയത്തില്‍ സഹായകമാകും. ക്ഷയരോഗം ഉണ്ടാക്കുന്ന മൈകോബാക്ടീരിയം ടൂബര്‍കുലോസിസിന്റെ സാന്നിധ്യം അറിയാനായി ഈ സാംപികളുകള്‍ മോളിക്യുലാര്‍ ടെസ്റ്റിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കും. അത്യാധുനിക ലാബ് സൗകര്യങ്ങള്‍ ഇല്ലാതെ തന്നെ ഒരു മണിക്കൂറില്‍ ഫലം അറിയാമെന്നതാണ് ഇതിന്റെ മറ്റൊരു മെച്ചം. ആഫ്രിക്ക, ഏഷ്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഉയര്‍ന്ന കൃത്യതയോടെ ക്ഷയരോഗം നിര്‍ണ്ണയിക്കാന്‍ ഈ സ്രവ പരിശോധനകളിലൂടെ സാധിച്ചിട്ടുണ്ട്. കൊണ്ട് നടക്കാവുന്ന ഈ മോളിക്യുലാര്‍ ടെസ്റ്റിങ് ഉപകരണം ബാറ്ററി ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാം. ക്ഷയരോഗ നിര്‍ണ്ണയത്തിനുള്ള ഇത്തരം പുതിയ ഉപകരണങ്ങള്‍ ജീവനുകള്‍ രക്ഷിക്കുമെന്നും രോഗപടര്‍ച്ച തടയുമെന്നും ചെലവ് കുറയ്ക്കുമെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു. സ്രവം പരിശോധനിക്കാനുള്ള മോളിക്യുലാര്‍ ടെസ്റ്റിങ് ഉപകരണത്തിന് കഫം പരിശോധിക്കുന്ന പരമ്പരാഗത ഉപകരണങ്ങളെ അപേക്ഷിച്ച് നിര്‍മ്മാണ ചെലവും കുറവാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.71, പൗണ്ട് - 129.36, യൂറോ - 112.16, സ്വിസ് ഫ്രാങ്ക് - 122.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 69.48, ബഹറിന്‍ ദിനാര്‍ - 253.69, കുവൈത്ത് ദിനാര്‍ -310.53, ഒമാനി റിയാല്‍ - 248.90, സൗദി റിയാല്‍ - 25.48, യു.എ.ഇ ദിര്‍ഹം - 26.06, ഖത്തര്‍ റിയാല്‍ - 26.28, കനേഡിയന്‍ ഡോളര്‍ - 69.85.

0 Comments