2026 മേയ് 15, വെള്ളി
1201 എടവം 1.
◾ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റേയും എല്ലാ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. 21 ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ യുഡിഎഫ് കക്ഷിനേതാവ് വി.ഡി. സതീശനെ ക്ഷണിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും എഐസിസി സെക്രട്ടറി ദീപദാസ് മുന്‍ഷിയും അടക്കമുള്ള നേതാക്കള്‍ ലോക്ഭവനില്‍ എത്തിയിരുന്നു.
◾ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയാണു കക്ഷി നേതാവായി പിണറായിയെ തെരഞ്ഞെടുത്തത്.
◾ ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും നൂറോളം പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഉത്തര്‍പ്രദേശിലെ ബറേലിയിലുണ്ടായ കൊടുങ്കാറ്റില്‍ യുവാവ് പറന്നുപോയി. ബാമിയാന സ്വദേശി നാന്‍ഹെ മിയാന്‍ പറന്നുപോകുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
◾ സര്‍ക്കാര്‍ ഓഫീസുകളില്‍ ആഴ്ചയില്‍ രണ്ടു ദിവസം വര്‍ക്ക് ഫ്രം ഹോം നടപ്പാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ഇന്ധനം ലാഭിക്കാന്‍ യാത്ര കുറയ്ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതനുസരിച്ചാണ് ഈ തീരുമാനം. സ്വകാര്യ മേഖലയിലും ഇത്തരം മാറ്റങ്ങള്‍ വേണമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
◾ സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ സാധ്യത. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടമാണ് ഉണ്ടായത്.
◾ ഇടുക്കി ചിന്നക്കനാലിനു സമീപം തമിഴ്നാട്ടില്‍ നിന്നുളള 27 അംഗ വിനോദസഞ്ചാരികളുടെ മിനി ബസ് മറിഞ്ഞ് സ്ത്രീ മരിച്ചു. വിരുദനഗര്‍ സ്വദേശി സ്റ്റെല്ല മേരിയാണ് മരിച്ചത്. സാരമായ പരിക്കേറ്റ ആറുപേരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
◾ എറണാകുളം പാലാരിവട്ടത്തെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ലാപ്ടോപ്പുകളും പണവും കവര്‍ന്ന കേസില്‍ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍. മഹാരാഷ്ട്ര പുനെ സ്വദേശി വികാസ് സഞ്ജയ് ഹഗാവന്‍ (35) എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റു ചെയ്തത്.
◾ കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ തെച്ച്യാട് അനധികൃത ഗാസ് ഫില്ലിങ് കേന്ദ്രത്തില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. 29 ഗാര്‍ഹിക സിലിണ്ടറുകള്‍, 31 വാണിജ്യ സിലിണ്ടറുകള്‍, രണ്ട് ചെറിയ സിലിണ്ടറുകള്‍ എന്നിവയുള്‍പ്പെടെ 62 സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. ഇതില്‍ 29 സിലിണ്ടറുകള്‍ തൊട്ടടുത്ത വീട്ടില്‍ അനധികൃതമായാണ് സൂക്ഷിച്ചത്.
◾ എഫ്‌സിഐ ഗോഡൗണ്‍ റോഡു പണിക്ക് ജെസിബി ഉപയോഗിച്ച് കുഴിക്കുന്നതിനിടെ കപ്പലിന്റെ നങ്കൂരവും പീരങ്കിയും കണ്ടെത്തി. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
◾ കുവൈറ്റിലെ ജലീബില്‍ താമസസ്ഥലത്തെ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ബിജുവിന്റെ മകള്‍ ഫേബ (14) ആണ് മരിച്ചത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഫേബ.
◾ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ഐഎംഎഫ് സമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നതും ഇന്ധന ഉപയോഗവും കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.
◾ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായി. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 96-ന് അടുത്തെത്തി. ഒരു ഡോളറിന് 95.74 ഇന്ത്യന്‍ രൂപയാണ് മൂല്യം.
◾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റു കമ്മിഷണര്‍മാരെയും നിയമിക്കുന്നതില്‍ സര്‍ക്കാര്‍ അമിത അധികാരം ചെലുത്തുന്നത് എന്തിനാണെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളിലാണ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷണം നടത്തിയത്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതി കമ്മിഷണര്‍മാരെ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ മറികടന്ന് ചീഫ് ജസ്റ്റിനെ ഒഴിവാക്കാന്‍ പാര്‍ലമെന്റില്‍ നിയമഭേദഗതി വരുത്തിയിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി, പ്രധാനമന്ത്രി ശുപാര്‍ശ ചെയ്യുന്ന കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കുന്നത്.
◾ മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും മറ്റ് 22 പേരെയും കുറ്റവിമുക്തരാക്കിയ വിചാരണ കോടതി ഉത്തരവിനെതിരേ സിബിഐ നല്‍കിയ അപ്പീല്‍ താന്‍ പരിഗണിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വര്‍ണകാന്ത. ജഡ്ജി പിന്മാറണമെന്ന് കേജരിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേസമയം, തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച കേജരിവാളിനെതിരേ കോടതിയലക്ഷ്യ നടപടികള്‍ തുടരുമെന്നു ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ വ്യക്തമാക്കി.
◾ തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാര്‍ ക്ഷാമബത്ത രണ്ടു ശതമാനം വര്‍ധിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ച പെന്‍ഷന്‍കാര്‍ക്കും ഡിഎ അറുപതു ശതമാനമാകും. ഖജനാവിന് 1230 കോടിയുടെ അധികബാധ്യതയുണ്ടാകുന്ന നടപടിയാണിത്.
◾ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രിയാകുമെന്ന് ജ്യോതിഷി റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേല്‍. നരേന്ദ്ര മോദിയുടെ ജാതകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് വിജയ്യുടേത്. വിജയ്ക്ക് ജ്യോതിഷത്തില്‍ വിശ്വാസം ഇല്ല. സ്നേഹം കാരണമാണ് തനിക്ക് പദവി നല്‍കിയതെന്നും റിക്കി രാധന്‍ പണ്ഡിറ്റ് പറഞ്ഞു. വിവാദമായതോടെ വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ച ഉത്തരവ് റദ്ദാക്കിയിരുന്നു.
◾ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആര്‍ നടപ്പാക്കുക. സെന്‍സസ്, കാലാവസ്ഥ എന്നിവ പരിഗണിച്ച് ഹിമാചല്‍ പ്രദേശ്, ലഡാക്ക്, കാശ്മീര്‍ എന്നിവിടങ്ങളില്‍ പിന്നീട് പ്രഖ്യാപിക്കും. 3.94 ലക്ഷം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എസ്ഐആറിന്റെ ഭാഗമാകും.
◾ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനു പിറകേ, തന്റെ വാഹനവ്യൂഹം ഒഴിവാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോട്ടോര്‍സൈക്കിളിലാണ് അദ്ദേഹം നിയമസഭാ മന്ദിരമായ വിധാന്‍ ഭവനിലേക്ക് എത്തിയത്.
◾ ഒമാന്‍ തീരത്ത് ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ചരക്ക് കപ്പല്‍ മുങ്ങി. ഗുജറാത്തില്‍ നിന്നുള്ള 'ഹാജി അലി' എന്ന ചരക്ക് കപ്പലാണ് ഒമാന്‍ തീരത്ത് കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യന്‍ നാവികരെയും ഒമാന്‍ അധികൃതര്‍ രക്ഷപ്പെടുത്തി.
◾ കോവിഡ് ബാധിച്ച് ലോകത്ത് 2.21 കോടിയിലേറെ ആളുകള്‍ മരിച്ചെന്ന് ലോകാരോഗ്യ സംഘടനയുടെ 'വേള്‍ഡ് ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ് 2026' റിപ്പോര്‍ട്ട്. എന്നാല്‍ ലോകരാജ്യങ്ങള്‍ 70 ലക്ഷം പേര്‍ മരിച്ചെന്ന റിപ്പോര്‍ട്ടാണു നല്‍കിയത്. യഥാര്‍ത്ഥ മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാള്‍ മൂന്നിരട്ടിയാണെന്നു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
◾ ഐപിഎല്ലില്‍ അവസാന ഓവറിലേക്കുവരെ ആവേശം നീണ്ട പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സിനെ തകര്‍ത്ത മുംബൈ ഇന്ത്യന്‍സിനു സീസണിലെ നാലാം ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തപ്പോള്‍ ഒരു പന്ത് ബാക്കി നിര്‍ത്തി നാലു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തി. 33 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയുടെ ഇന്നിംഗ്സാണ് മുംബൈക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. 10 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്ന വില്‍ ജാക്സും 23 പന്തില്‍ 48 റണ്‍സടിച്ച റിയാന്‍ റിക്കിള്‍ടണും മുംബൈ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
◾ 2026 ഏപ്രിലില്‍ ഇന്ത്യയിലെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 8.3 ശതമാനമെന്ന 42 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. മാര്‍ച്ചിലെ 3.88 ശതമാനത്തില്‍ നിന്നാണ് ഈ കുതിച്ചുചാട്ടം. അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പണപ്പെരുപ്പം മാര്‍ച്ചിലെ 35.98 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 67.18 ശതമാനമായി ഉയര്‍ന്നു. അസംസ്‌കൃത എണ്ണയുടെ മാത്രം പണപ്പെരുപ്പം 88.06 ശതമാനമായാണ് വര്‍ദ്ധിച്ചത്. ഇന്ധന-ഊര്‍ജ വിഭാഗത്തിലെ പണപ്പെരുപ്പം മാര്‍ച്ചിലെ 1.05 ശതമാനത്തില്‍ നിന്ന് 24.71 ശതമാനമായി കുതിച്ചുയര്‍ന്നു. പെട്രോള്‍ (32.40%), ഡീസല്‍ (25.19%) എന്നിവയില്‍ പണപ്പെരുപ്പം ഗണ്യമായി പ്രതിഫലിച്ചു. പാചകവാതക വില ഏപ്രിലില്‍ 10.92 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. നിര്‍മ്മാണ മേഖലയിലെ പണപ്പെരുപ്പവും 3.39 ശതമാനത്തില്‍ നിന്ന് 4.62 ശതമാനമായി ഉയര്‍ന്നു. മൊത്തവിലയില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പണപ്പെരുപ്പം 2.31 ശതമാനമായി താരതമ്യേന കുറഞ്ഞുനില്‍ക്കുന്നത് ആശ്വാസകരമാണ്. പശ്ചിമേഷ്യയിലെ യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ കാരണം ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 122 ഡോളറിലേക്ക് ഉയര്‍ന്നതാണ് ഈ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന ആഗോള ഘടകം.
◾ കൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ വന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മെറ്റ. 18 വയസ്സില്‍ താഴെയുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും ഇനി മുതല്‍ '13+ കണ്ടന്റ് എക്സ്പീരിയന്‍സ്' എന്ന കര്‍ശന സുരക്ഷ ക്രമീകരണം ഡിഫോള്‍ട്ടായി ലഭ്യമാകും. 18 വയസ്സില്‍ താഴെയുള്ളവരുടെ അക്കൗണ്ടുകളില്‍ സ്വയം ക്രമീകരിക്കാവുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ ഇനി മുതല്‍ മെറ്റ തന്നെ നിശ്ചയിക്കും. സിനിമകളിലെ പി.ജി-13 റേറ്റിങ്ങിന് സമാനമായ ഉള്ളടക്കങ്ങള്‍ മാത്രമേ കൗമാരക്കാര്‍ക്ക് ഇനി കാണാന്‍ സാധിക്കൂ. മാറ്റം വരുത്തണമെങ്കില്‍ മാതാപിതാക്കളുടെ പ്രത്യേക അനുമതി നിര്‍ബന്ധമാണ്. 'ലിമിറ്റഡ് കണ്ടന്റ്' എന്ന പുതിയ ഫീച്ചറുമുണ്ട്. ഇതുവഴി കമന്റുകള്‍ നിയന്ത്രിക്കാനും കുട്ടികള്‍ കാണുന്ന ഉള്ളടക്കത്തിന് മേല്‍ കൂടുതല്‍ കടിഞ്ഞാണിടാനും സാധിക്കും. തെറ്റായ പ്രായം നല്‍കി അക്കൗണ്ട് തുടങ്ങുന്നവരെ കണ്ടെത്താനും പുതിയ എ.ഐ സംവിധാനം സഹായിക്കും. മെറ്റ ആപ്പുകളില്‍ കൗമാരക്കാര്‍ ചെലവഴിച്ച ആകെ സമയം തുടങ്ങിയ കൂടുതല്‍ നിരീക്ഷണ സംവിധാനങ്ങള്‍ വരും മാസങ്ങളില്‍ ഫാമിലി സെന്ററില്‍ ലഭ്യമാക്കുമെന്നും മെറ്റ അറിയിച്ചു.
◾ മൂന്ന് മണിക്കൂറും 10 മിനിട്ടുമായി രാം ചരണ്‍ നായകനാകുന്ന 'പെദ്ധി' ജൂണ്‍ നാലിന് ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഗുസ്തിക്ക് ഒപ്പം ക്രിക്കറ്റും ചിത്രത്തിന്റെ കഥാ പശ്ചാത്തലമായി വരുന്നു. ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ഈ ചിത്രത്തില്‍ ഒരു നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരണ്‍- ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശര്‍മ, ജഗപതി ബാബു, ബോമന്‍ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ സജില്‍ മമ്പാട് സംവിധാനം ചെയ്ത ചിത്രം 'ഡര്‍ബി' ഒടിടിയില്‍. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സിലൂടെ എന്നിവയിലൂടെ മെയ് 15 മുതല്‍ സ്ട്രീമിംഗ് നടക്കും. പണി സിനിമയിലൂടെ ശ്രദ്ധേയനായ സാഗര്‍ സൂര്യ, ഓസ്ലര്‍ സിനിമയില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്ത ശിവരാജ്, ആലപ്പുഴ ജിംഖാനയും തണ്ണീര്‍ മത്തന്‍ ദിനങ്ങളും ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രാങ്കോ ഫ്രാന്‍സിസ്, അഞ്ചക്കള്ള കൊക്കാനിലെ പ്രവീണ്‍ എന്നിവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ താരങ്ങളായ ഹിഫ്രാസ്, ഫാഹിസ് ബിന്‍ റിഫാഹി, ഹബീബ് ഷാജഹാന്‍, മനൂപ് എലാംബ്ര എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ക്യാമ്പസ് എന്റര്‍ടെയ്നറായി ഒരുക്കിയ ചിത്രം ഒരു മുഴുനീള ആക്ഷന്‍ ചിത്രമായിരുന്നു. സുപര്‍ണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വര്‍മ്മ, ദിവ്യ എം നായര്‍, സന്തോഷ് കീഴാറ്റൂര്‍, പ്രദീപ് ബാലന്‍, കൊല്ലം ഷാഫി, സിനോജ് വര്‍ഗ്ഗീസ്, ആര്‍.ജെ അന്തു, ഷിക്കു നസീര്‍, ഹബീബ് ഷാജഹാന്‍, ഫാഹിസ് ബിന്‍ റിഫാഹി, മനൂപ് എന്നിവരും ചിത്രത്തിലുണ്ട്.
◾ 2027 സാമ്പത്തിക വര്‍ഷത്തില്‍ 350 സിസി മുതല്‍ 750 സിസി വരെയുള്ള വിഭാഗങ്ങളിലായി 18 പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്. ഇതില്‍ അഞ്ചെണ്ണം തികച്ചും പുതിയ മോഡലുകളാണെങ്കില്‍ 13 എണ്ണം നിലവിലെ എന്‍ഫീല്‍ഡ് മോഡലുകളുടെ ഫേസ്ലിഫ്റ്റഡ് പതിപ്പുകളായിരിക്കും. ഹിമാലയന്‍ 440, സ്‌ക്രാം 450, ബുള്ളറ്റ് 650, ഹിമാലയന്‍ 750, കോണ്ടിനെന്റല്‍ ജിടി750 എന്നിവയാണ് ആ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍. 750 സിസിയുടെ ഹൈ പെര്‍ഫോമെന്‍സ് പ്രീമിയം സെഗ്മെന്റിലേക്കു കൂടി റോയല്‍ എന്‍ഫീല്‍ഡ് എത്തുന്നുവെന്ന സവിശേഷതയുമുണ്ട്. നിലവില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പക്കല്‍ 650 സിസി വരെയുള്ള മോഡലുകളാണുള്ളത്. 350-450 സിസി വിഭാഗത്തില്‍ നിലവിലുള്ള 13 മോഡലുകളാണ് മുഖം മിനുക്കിയെത്തുക. 2026 സാമ്പത്തിക വര്‍ഷം 12 ലക്ഷം യൂണിറ്റുകള്‍ വിറ്റ് റോയല്‍ എന്‍ഫീല്‍ഡ് ചരിത്രം രചിച്ചിരുന്നു. തദ്ദേശീയമായി 11.07 ലക്ഷം യൂണിറ്റുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റത്. 1.30 ലക്ഷം യൂണിറ്റുകളായിരുന്നു വിദേശത്തേക്ക് വിറ്റുപോയത്.
◾ ഭാരതം സ്വതന്ത്രമാകുന്നതിനുമുന്‍പ്, കേരളത്തിലെ ഒരു കൊച്ചുഗ്രാമം അനുഭവിച്ച, സാമൂഹികപരിവര്‍ത്തന കാലത്തെ പ്രക്ഷുബ്ധവും സംഭവബഹുലവുമായ ഒരു കഥ. മതങ്ങളുടെ കുടപിടിച്ച് അധികാരത്തിനും സമ്പത്തിനും വേണ്ടി നിലകൊണ്ട മനുഷ്യര്‍ക്കുമുന്നില്‍ തോറ്റുകൊടുക്കാതെ നിലനില്പിനും നീതിക്കും വേണ്ടി പൊരുതിയ ഒരു സ്ത്രീ... സുന്ദരിയും യൗവ്വനയുക്തയുമായ സ്ത്രീ വിധവയായിരിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ദുരവസ്ഥ. അമ്മയാകാന്‍ തയ്യാറെടുക്കുന്ന അവരെപ്പോലും ദുഷിച്ച സമൂഹം വെറുതെവിട്ടില്ല. എല്ലാത്തിനോടും പോരാടിയെങ്കിലും ഒടുവില്‍ മരണം വരിക്കേണ്ടിവന്ന ആ അമ്മയുടെ മാറില്‍ നിന്നും കാലം അടര്‍ത്തിമാറ്റി അനാഥനാക്കിയ ഒരു മകന്‍. 'അഭിമന്യു'. കല്ലേലി പത്മനാഭന്‍ നമ്പൂതിരി. പരിധി പബ്ളിക്കേഷന്‍സ്. വില 228 രൂപ.
◾ ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കാന്‍ ഒരു ദിവസത്തില്‍ 160 മിനിറ്റ് നടന്നാല്‍ മതി. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നത് അകാല മരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ദിവസവും നടക്കുന്ന ശീലം ആരോഗ്യത്തിന് പല രീതിയില്‍ ഗുണം ചെയ്യും. മൂന്ന് മൈല്‍ വേഗതയില്‍ 160 മിനിറ്റ് വരെ നടക്കുന്നത് അഞ്ച് വര്‍ഷം വരെ ആയുസ് വര്‍ധിപ്പിക്കുന്നുവെന്ന് സമീപകാലത്ത് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്പോട്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കാര്‍ഡിയോമെറ്റബോളിക് ഹെല്‍ത്ത് മെച്ചപ്പെടുത്തുന്നതിലൂടെ നടത്തം ആയുസ് വര്‍ധിപ്പിക്കുന്നു. മധ്യവയസ്സു കഴിഞ്ഞാല്‍ ഒരാഴ്ചയില്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു മണിക്കൂര്‍ എങ്കിലും കായികമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടേണ്ടത് ശരീരത്തിന് അനിവാര്യമാണ്. നടത്തം ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിലൂടെ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യും. ഭക്ഷണത്തിന് ശേഷമുള്ള നടത്തം രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തിന് പ്രത്യേകിച്ചും ഫലപ്രദമാണ്. കൂടാതെ പതിവായി നടക്കുന്നത് ശരീരത്തെ വീക്കത്തില്‍ നിന്ന് സംരക്ഷിക്കും. ശരീര വീക്കം വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നടത്തം ഹൃദയമിടിപ്പ് ക്രമീകരിക്കാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
രാത്രി ആരോ വാതിലില്‍ മുട്ടുന്നത് കേട്ട് ഗൃഹനാഥന്‍ വാതില്‍ തുറന്നപ്പോള്‍ കണ്ടത് പ്രിയ സുഹൃത്തിനെയാണ്. അയാള്‍ വളരെ സങ്കടത്തോടെയും ദയനീയതോടെയും പറഞ്ഞു: ഞാന്‍ ഒരാള്‍ക്ക് 500 രൂപ കൊടുക്കാനുണ്ട്. നേരം വെളുക്കുന്നതിന് മുമ്പ് കൊടുത്തില്ലെങ്കില്‍ എനിക്കെല്ലാം നഷ്ടമാകും. എന്നെ സഹായിക്കണം. പണം കയ്യിലില്ലാതിരുന്നതുകൊണ്ട് അയല്‍ക്കാരനില്‍ നിന്നും വാങ്ങി അയാള്‍ ആ തുക കൊടുത്തു. സുഹൃത്ത് പോയിക്കഴിഞ്ഞിട്ട് ദുഃഖത്തോടെ ഇരിക്കുന്ന അയാളെ നോക്കി ഭാര്യ ചോദിച്ചു: കടം വാങ്ങിയ തുക തിരിച്ചുകൊടുക്കാന്‍ കഴിയില്ലെന്നു കരുതിയാണോ നിങ്ങള്‍ ദുഃഖിച്ചിരിക്കുന്നത്? അപ്പോള്‍ അയാള്‍ പറഞ്ഞു: അല്ല, എന്റെ പ്രിയപ്പെട്ട സുഹൃത്ത് ഇത്രയും ചെറിയ തുകയ്ക്ക് വേണ്ടി കഷ്ടപ്പെടുന്നതുപോലും അറിയാതിരുന്ന ഞാന്‍ എങ്ങിന നല്ല സുഹൃത്താകും.. ഭാര്യ അത്ഭുതത്തോടെ അയാളെ നോക്കി. അടുത്തിരിക്കുന്നവരുടെ അടിസ്ഥാന ആവശ്യങ്ങള്‍പോലും അറിയുന്നില്ലെങ്കില്‍ ആ അടുപ്പത്തിനിടയിലും വ്യക്തമായ അകലമുണ്ട്. ആവശ്യങ്ങളോ ഇഷ്ടങ്ങളോ കുറവുകളോ ഒന്നും മനസ്സിലാകാതെ ആളുകളെ സുഹൃത്തുക്കളെന്നു വിശേഷിപ്പിക്കുന്നത് ഭംഗിവാക്ക് മാത്രമാണ്. വെള്ളി വെളിച്ചത്തില്‍ നില്‍ക്കുന്നവരുമായി സൗഹൃദം സ്ഥാപിക്കാന്‍ അവരുടെ ശോഭയില്‍ തിളങ്ങാനും എല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷേ, ഇരുട്ടി്ല്‍ നില്‍ക്കുന്നവനെയും മനസ്സിലാക്കുന്നവനാകണം സുഹൃത്ത്. പരസ്പരം മനസ്സിലാക്കുന്നില്ല എന്നതാണ് എല്ലാ വേര്‍പിരിയലിന്റേയും അടിസ്ഥാനകാരണം.. പറയാതെ തന്നെ മനസ്സിലാക്കാനും, മനസ്സിലാകുന്ന വിധത്തില്‍ പറയാനും കഴിയുന്നവരുടെ ഇടയിലാണ് യഥാര്‍ത്ഥ സൗഹൃദം ഉളളത് - ശുഭദിനം.

0 Comments