വാട്‌സ്‌ആപ്പ് ടിക്കറ്റുമായി ട്രെയിൻ യാത്ര വേണ്ട; ഡിജിറ്റല്‍ ടിക്കറ്റ് പരിശോധന കര്‍ശനമാക്കി റെയില്‍വെ, ലംഘിച്ചാല്‍ പിഴ.



ഡല്‍ഹി: ട്രെയിൻ യാത്രക്കിടെ വാട്‌സ്‌ആപ്പില്‍ ഫോർവേഡ് ചെയ്ത ടിക്കറ്റോ സ്ക്രീൻ ഷോട്ടുകളോ കരുതുന്നവരാണ് ഭൂരിഭാഗം പേരും.

ടിടിഇ വരുമ്പോള്‍ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ഈ ടിക്കറ്റായിരിക്കും കാണിക്കുക. എന്നാല്‍ ഇനി മുതല്‍ വാട്‌സ്‌ആപ്പ് ചിത്രങ്ങളായോ സ്‌ക്രീൻഷോട്ടുകളായി പങ്കിടുന്ന ട്രെയിൻ ടിക്കറ്റുകള്‍ ടിക്കറ്റ് പരിശോധനക്കിടെ യാത്രയുടെ സാധുവായ തെളിവായി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ റെയില്‍വേ വ്യക്തമാക്കി. റെയില്‍വണ്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റല്‍ അണ്‍റിസർവ്ഡ് ടിക്കറ്റുകള്‍ എടുത്ത ഫോണില്‍തന്നെ കാണിക്കണമെന്ന് റെയില്‍വേ അറിയിച്ചു.

യാത്രക്കാർ യഥാർഥ ഡിജിറ്റല്‍ ടിക്കറ്റ് കൈവശം വയ്ക്കുന്നതിന് പകരം ടിക്കറ്റ് സ്ക്രീൻഷോട്ടുകള്‍ കുടുംബാംഗങ്ങളുമായി പങ്കിടുകയോ വാട്സ് ആപ്പില്‍ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

''RailOne ആപ്പ് വഴി ബുക്ക് ചെയ്ത ജനറല്‍ (അണ്‍റിസർവ്ഡ്) ടിക്കറ്റുകള്‍, ഏത് രജിസ്റ്റർ ചെയ്ത മൊബൈല്‍ ഫോണില്‍ നിന്നാണോ ടിക്കറ്റ് എടുത്തത്, ആ ഫോണില്‍ മാത്രം കാണിച്ചാല്‍ മാത്രമേ സാധുവായി കണക്കാക്കുകയുള്ളൂ. യാത്രയിലുടനീളം പ്രസ്തുത മൊബൈല്‍ ഫോണിനൊപ്പം ഫോട്ടോ പതിച്ച ഒരു തിരിച്ചറിയല്‍ കാർഡും കൈവശം കരുതേണ്ടത് നിർബന്ധമാണ്. വാട്സാപ്പ്, സ്ക്രീൻഷോട്ട് അല്ലെങ്കില്‍ മറ്റ് മാർഗങ്ങളിലൂടെ ലഭിക്കുന്ന ടിക്കറ്റുകള്‍ നിയമപരമായ യാത്രാരേഖയായി പരിഗണിക്കുന്നതല്ല'' സൗത്ത് ഈസ്റ്റ് സെൻട്രല്‍ റെയില്‍വേയും എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഒറിജിനല്‍ ഡിജിറ്റല്‍ ടിക്കറ്റിന് പകരം വാട്ട്‌സ്‌ആപ്പ് സ്‌ക്രീൻഷോട്ട് കാണിച്ചതിന് ഒരു യാത്രക്കാരന് അടുത്തിടെ പിഴ ചുമത്തിയിരുന്നു.

എന്താണ് റെയില്‍വേ പറയുന്നത്

ഇന്ത്യൻ റെയില്‍വേയുടെ അറിയിപ്പ് പ്രകാരം, ടിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥർ (ടിടിഇ) ട്രെയിൻ ടിക്കറ്റുകളുടെ സ്ക്രീൻഷോട്ടുകള്‍, ഫോട്ടോകള്‍ അല്ലെങ്കില്‍ വാട്ട്‌സ്‌ആപ് പങ്കിട്ട ചിത്രങ്ങള്‍ എന്നിവ വെരിഫിക്കേഷൻ സമയത്ത് സ്വീകരിക്കില്ല.

യാത്രക്കാർ അംഗീകൃത റെയില്‍വേ ബുക്കിങ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ജനറേറ്റ് ചെയ്യുന്ന ഒറിജിനല്‍ ഇലക്‌ട്രോണിക് ടിക്കറ്റോ റെയില്‍വേ കൗണ്ടറുകളില്‍ നിന്ന് വാങ്ങിയ സാധുവായ പ്രിന്‍റ് ചെയ്ത ടിക്കറ്റോ ഹാജരാക്കേണ്ടതുണ്ട്. വാട്ട്‌സ്‌ആപ്പില്‍ ടിക്കറ്റിന്‍റെ ചിത്രം കാണിക്കുന്നത് സാധുവായ യാത്രാ രേഖയായി കണക്കാക്കില്ല.

സ്ക്രീൻഷോട്ടുകള്‍ ഒഴിവാക്കാനുള്ള കാരണങ്ങള്‍

എഡിറ്റ് ചെയ്യാനും കൃത്രിമം കാണിക്കാനും എളുപ്പമാണ്: മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച്‌ ഇത്തരം സ്ക്രീൻഷോട്ടുകളില്‍ തീയതി, ട്രെയിൻ നമ്പർ, പേര് എന്നിവയില്‍ എളുപ്പത്തില്‍ കൃത്രിമം കാണിക്കാൻ സാധിക്കും.

ഒന്നിലധികം ആളുകള്‍ക്ക് പങ്കിടാം: ഒരേ ടിക്കറ്റിന്റെ സ്ക്രീൻഷോട്ട് ഒരേസമയം ഒന്നിലധികം യാത്രക്കാർക്ക് വാട്സാപ്പ് വഴിയോ മറ്റോ അയച്ചു നല്‍കി ഒരേ സീറ്റില്‍ പലർക്ക് യാത്ര ചെയ്യാൻ ഇത് വഴി സാധ്യമാകും.

തത്സമയം പരിശോധിക്കാൻ പ്രയാസം: സ്ക്രീൻഷോട്ടുകളിലെ വിവരങ്ങള്‍ യഥാർഥമാണോ എന്ന് പെട്ടെന്ന് പരിശോധിക്കുന്നതിന് ടിടിഇമാർക്ക് ബുദ്ധിമുട്ടാണ്.

വ്യാജ യാത്രകള്‍ തടയാൻ: ഇത്തരം ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് യാത്രക്കാർ നടത്തുന്ന തട്ടിപ്പുകള്‍ പൂർണമായും ഇല്ലാതാക്കുക എന്നതാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

ഇതുവഴി ടിക്കറ്റ് തട്ടിപ്പുകള്‍ തടയുന്നതിനും യഥാർത്ഥ യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനും വേണ്ടിയാണ് ടിക്കറ്റ് പരിശോധകർ ഒറിജിനല്‍ ബുക്കിംഗ് രേഖകള്‍ നേരിട്ട് പരിശോധിക്കണമെന്ന് റെയില്‍വേ നിർബന്ധമാക്കുന്നത്.

Post a Comment

0 Comments