2026 ജൂലൈ 4, ശനി
1201 മിഥുനം 20.
◾ ഇറാനില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് അലി ഖമനെയിയുടെ ശവമഞ്ചത്തിനരികില്‍ അദ്ദേഹത്തിന്റെ 14 മാസം പ്രായമുള്ള പേരമകളുടെ ശവമഞ്ചവും. അദ്ദേഹത്തിനൊപ്പം കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ ശവമഞ്ചവും പൊതുദര്‍ശനത്തിനു വച്ചതു കണ്ണീര്‍ക്കാഴ്ചയായി. പേരമകളായ സഹ്റ മൊഹമ്മദിയുടെ ശവമഞ്ചത്തിനരികെ സ്ഥാപിച്ച ചിത്രവും ഏവരെയും കണ്ണീരണിയിച്ചു. യാത്രമൊഴിയേകാന്‍ ആയിരങ്ങളാണ് ടെഹ്റാനിലെ ഗ്രാന്‍ഡ് മൊസല്ലയിലും പരിസരത്തും എത്തിച്ചേര്‍ന്നത്.
◾ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറിയാലും എംഎസ്സിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്ന് അദാനി പോര്‍ട്സ് സിഇഒ. കേരള സര്‍ക്കാരുമായുള്ള നല്ല ബന്ധം തുടരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഒപ്പിടൂ എന്നും അദാനി പോര്‍ട്സ് സിഇഒ വിശദീകരിച്ചു.
◾ പത്തനംതിട്ടയില്‍ 13 കാരിയെ പായപൂര്‍ത്തിയാകാത്ത എട്ടു സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ആറുപേരെ തിരിച്ചറിഞ്ഞു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്‌കൂളിലെ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
◾ ഹില്‍പാലസ് പൊലീസ് ക്യാമ്പിലെ ബാരക്കില്‍ മദ്യപിച്ച മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ യു അഭിലാഷ്, എന്‍ നവാസ്, എം വിഷ്ണു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഹില്‍പാലസ് പൊലീസ് ക്യാമ്പിലെ ബാരക്കില്‍ നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് ഇവരെ മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്.
◾ വില്‍ക്കാത്ത ലോട്ടറിക്ക് സമ്മാനമടിച്ചു. നെയ്യാറ്റിന്‍കര ലോട്ടറി ഓഫീസില്‍നിന്നും വില്‍ക്കാത്ത പട്ടികയിലുള്ള ലോട്ടറിയുമായാണ് പലരും സമ്മാനത്തുക അവകാശപ്പെട്ട് വിവിധ ഓഫീസുകളിലെത്തിയത്. അയ്യായിരം രൂപയും താഴെയുമുള്ള സമ്മാനം ലഭിച്ചെന്നാണ് ടിക്കറ്റ് ഹാജരാക്കിയവര്‍ അവകാശപ്പെടുന്നത്.
◾ അറബിക്കടലില്‍ പുതിയൊരു ആഴക്കടല്‍ മത്സ്യ ഇനത്തെ കണ്ടെത്തിയതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം അറിയിച്ചു. ലക്ഷദ്വീപ് കടലിന്റെ കിഴക്കന്‍ ഭാഗത്ത് 350 മുതല്‍ 500 മീറ്റര്‍ വരെ ആഴത്തിലാണ് ഈ പുതിയ ഇനത്തെ കണ്ടെത്തിയത്.
◾ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍. 'അമ്മ' പ്രസിഡന്റ് സ്ഥാനം രാജിവെക്കരുതെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും അവര്‍ തന്നോട് പറഞ്ഞതായി ശ്വേത അവകാശപ്പെട്ടു.
◾ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ ആണ് ശ്വേത ഉള്‍പ്പെട്ട കമ്മറ്റി താഴെ പോയതെന്നും അങ്ങനെ ഒരു കമ്മറ്റിയെ എങ്ങനെ തുടരാന്‍ അനുവദിക്കുമെന്നും നടി അന്‍സിബ.
◾ അമ്മ പ്രസിഡന്റ് ശ്വേത മേനോനെതിരെ ആരോപണവുമായി നടി മാലാ പാര്‍വതി. അമ്മയില്‍ നടക്കുന്നത് കഴിഞ്ഞ 32 വര്‍ഷത്തിനിടെ കേട്ടുകേള്‍വി പോലും ഇല്ലാത്തതാണെന്ന് മാലാ പാര്‍വതി പറഞ്ഞു. കലാകാരന്‍മാര്‍ക്കിടയില്‍ ധ്രുവീകരണം നടത്തുന്ന ഒരാള്‍ അല്ല അമ്മ ഭരിക്കേണ്ടതെന്നും മാലാ പാര്‍വതി പറഞ്ഞു.
◾ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ധാരണ കൂസാതെ കോറോ ഹെല്‍ത്ത്. പിരിച്ചുവിടപ്പെട്ടവര്‍ക്ക് മൂന്നു മാസത്തെ ശമ്പളം നല്‍കുമെന്നും പുതിയ ലേബര്‍ കോഡ് അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടല്‍ എന്നാണ് കമ്പനിയുടെ വാദം.
◾ മാരകരോഗം പിടിപെട്ടു സഹായംതേടുന്ന കമ്പളക്കാട് പറളിക്കുന്ന് സ്വദേശി അനീഷിന്റെ വിദഗ്ധ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു. പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ കുടുംബത്തെ സഹായിക്കുമെന്നും മന്ത്രിമാരായ കെ. മുരളീധരനും ടി.സിദ്ദീഖും ഉറപ്പുനല്‍കി. കല്‍പറ്റയിലെത്തിയ ഇരുവരും അനീഷിനെയും ഭാര്യ രജിതയെയും കണ്ടു.
◾ മദ്യപിച്ചെത്തി മര്‍ദിക്കാറുള്ള ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി വീട്ടിലെ ശുചിമുറിയില്‍ കുഴിച്ചു മൂടി. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് 44 കാരനായ സുരേന്ദ്ര കുമാര്‍ ശര്‍മയെയാണ് ഉറക്കഗുളികകള്‍ കലര്‍ത്തിയ പായസം നല്‍കി ബോധരഹിതനായപ്പോള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. ഭാര്യ റൂബിയെ പോലീസ് അറസ്റ്റു ചെയ്തു.
◾ പാകിസ്ഥാനില്‍ കോസ്റ്റ് ഗാര്‍ഡ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി നിരോധിത സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി. ഗ്വാദര്‍ ജില്ലയിലെ പന്‍വാനില്‍ നടത്തിയ ആക്രമണത്തില്‍ 30ലധികം പാകിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
◾ വിദേശവനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതിന് പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രിയുടെ അടുത്ത ബന്ധുവടക്കം നാലുപേര്‍ അറസ്റ്റില്‍. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിന്റെ ബന്ധു റാസ ദര്‍, ഹസ്സന്‍ റാസ, സിക്കന്ദര്‍ ഖാന്‍, സാജിദ് അലി എന്നിവരാണ് പാക്കിസ്ഥാനില്‍ പിടിയിലായത്.
◾ ജയത്തോളം പോന്ന തോല്‍വിയുമായി ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ വിറപ്പിച്ച് കേപ് വെര്‍ദെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ മെസ്സിയേയും സംഘത്തേയും അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിച്ചാണ് കേപ് വെര്‍ദെ കളിക്കളം വിട്ടത്. രണ്ടിനെതിരേ മൂന്നു ഗോളിനാണ് അര്‍ജന്റീന കടന്നുകൂടിയത്. കളിയുടെ 29-ാം മിനിറ്റില്‍ ലയണല്‍ മെസിയിലൂടെ അര്‍ജന്റീന ലീഡെടുത്തെങ്കിലും 59-ാം മിനിറ്റില്‍ ഡെറോയ് ഡ്യദറാറ്റെയിലൂടെ കേപ് വെര്‍ദെ തിരിച്ചടിച്ച് സമനില പിടിച്ചു. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 92-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിലൂടെ അര്‍ജന്റീന ലീഡ് തിരിച്ചു പിടിച്ചു. അധികം വൈകാതെ തന്നെ 102 -ാം മിനിറ്റില്‍ ലോപസ് കാബ്രാലിന്റെ മികച്ചൊരു ഗോളിലൂടെ കേപ് വെര്‍ദ സമനില പിടിച്ചു. എന്നാല്‍ കളിയുടെ 111 ാം മിനിറ്റില്‍ കാബോ വെര്‍ദെ പ്രതിരോധ താരം ഡൈനേ ബോര്‍ഗെസിന്റെ സെല്‍ഫ് ഗോളില്‍ അര്‍ജന്റീന വീണ്ടും മുന്നിലെത്തുകയായിരുന്നു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോഴും നിരന്തരം അര്‍ജന്റീനയുടെ ഗോള്‍മുഖം വിറപ്പിച്ച കേപ് വെര്‍ദെ വീരോചിതമായ പോരാട്ടത്തിനൊടുവില്‍ കീഴടങ്ങുകയായിരുന്നു. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന ഈജിപ്തുമായി ഏറ്റുമുട്ടും.
◾ ഘാനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് കൊളംബിയ ഫിഫ ലോകകപ്പിന്റെ അവസാന പതിനാറിലേക്ക് മുന്നേറി. 14-ാം മിനിറ്റില്‍ ജോണ്‍ ഏരിയാസ് നേടിയ ഗോളാണ് കൊളംബിയക്ക് ജയമൊരുക്കിയത്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലാന്‍ഡാണ് കൊളംബിയയുടെ എതിരാളി.
◾ ഫിഫ ലോകകപ്പില്‍ കേപ്പ് വെര്‍ദെക്കെതിരെ കഷ്ടിച്ച് ജയിച്ചതിന് പിന്നാലെ ടീമിലെ പോരായ്മകളെക്കുറിച്ച് തുറന്നുപറഞ്ഞ് ലിയോണല്‍ മെസി. അമിത ആത്മവിശ്വാസവും പിഴവുകളുമാണ് തിരിച്ചടിക്ക് കാരണമെന്നും കിരീടം നിലനിര്‍ത്താന്‍ പ്രകടനം മെച്ചപ്പെടുത്തണമെന്നും മെസി വ്യക്തമാക്കി.
◾ രാജ്യത്തെ വീടുകളിലും സ്ഥാപനങ്ങളിലും നിഷ്‌ക്രിയമായി കിടക്കുന്ന സ്വര്‍ണം പ്രയോജനപ്പെടുത്താന്‍ പരിഷ്‌കരിച്ച ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം ഉടന്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി വന്‍തോതില്‍ കുറയ്ക്കാനും ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇന്ത്യന്‍ വീടുകളില്‍ വെറുതെ കിടക്കുന്ന ഏകദേശം 30,000 ടണ്‍ സ്വര്‍ണത്തിന്റെ ഒരു ഭാഗമെങ്കിലും വിപണിയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളമുള്ള ജ്വല്ലറികളെ 'കളക്ഷന്‍ പാര്‍ട്ണര്‍മാരായി' ഉള്‍പ്പെടുത്താനാണ് പുതിയ ഫ്രെയിംവര്‍ക്കില്‍ ആലോചിക്കുന്നത്. നിലവില്‍ ബാങ്കുകള്‍ക്ക് മാത്രമായിരുന്നു ഈ അനുമതി. ഇന്ത്യന്‍ വീടുകളിലുള്ള മൊത്തം സ്വര്‍ണത്തിന്റെ വെറും 5 ശതമാനം എങ്കിലും ഇത്തരത്തില്‍ മോണിറ്റൈസ് ചെയ്യാന്‍ സാധിച്ചാല്‍ വിപണിയില്‍ ഏകദേശം 7.5 ലക്ഷം കോടി രൂപയുടെ ധനലഭ്യത ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
◾ ഇന്ത്യയില്‍നിന്ന് ചൈനയിലേക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം കയറ്റി അയച്ചത് 14,000 കോടി രൂപയുടെ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍. 2024 -'25 നെ അപേക്ഷിച്ച് 40 മടങ്ങ് വളര്‍ച്ച. 2025-'26 സാമ്പത്തികവര്‍ഷം ആകെ 18,000 കോടി രൂപയുടെ പി.സി.ബി.യാണ് ഇന്ത്യ കയറ്റി അയച്ചത്. ഇതില്‍ 80 ശതമാനത്തിനടുത്ത് കയറ്റുമതിയും ചൈനയിലേക്കായിരുന്നു. 2024-'25 സാമ്പത്തികവര്‍ഷം വെറും 343 കോടി രൂപയുടെ കയറ്റുമതി മാത്രമായിരുന്നു ഈ രംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ചൈനയില്‍നിന്ന് 4.43 ലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. ചൈനയില്‍നിന്നുള്ള മൊത്തം ഇറക്കുമതിയുടെ 35 ശതമാനം വരുമിത്. അതേസമയം, ഇന്ത്യയില്‍നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 37 ശതമാനം വളര്‍ച്ച കൈവരിക്കാനായി. ആകെ 1.86 ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങളാണ് ഇന്ത്യ ചൈനയിലേക്കയച്ചത്. നാഫ്ത കഴിഞ്ഞാല്‍ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തേക്ക് പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളെത്തി.
◾ സൂര്യയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തുന്ന 'വിശ്വനാഥ് ആന്റ് സണ്‍സിന്റെ' റിലീസ് തീയതി പുറത്ത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 14 നാണ് പ്രദര്‍ശനത്തിനെത്തുന്നത്. ന്യൂ സൂര്യ ഫിലിംസാണ് ഈ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. സൂര്യയും മമിതയും ചേര്‍ന്നുള്ള പട്ടാം പൂച്ചി എന്ന പ്രൊമോ സോങ് ഇതിനോടകം നവമാധ്യമങ്ങളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറിന്റേതാണ് സംഗീതം. വലിയ മുതല്‍ മുടക്കിലാണ് ഈ ചിത്രം ഒരുക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന ഈ സിനിമ ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് ആണ്. നിര്‍മിക്കുന്നത്. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഒരു പക്കാ ഫാമിലി എന്റെര്‍ടെയ്നര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.
◾ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2' സിനിമയുടെ റിലീസ് പ്രഖ്യാപന ടീസറില്‍ തിളങ്ങി മലയാളി താരങ്ങള്‍. ഹക്കിം ഷാജഹാന്‍, കോട്ടയം നസീര്‍, മിര്‍ണ, സുജിത് ശങ്കര്‍, സുനില്‍ സുഗദ എന്നിവരെ ടീസറില്‍ കാണാം. പ്രധാന വില്ലന്‍ വേഷത്തിലെത്തുന്ന സുരാജിന്റെ കണ്ണുകളുടെ ദൃശ്യം ടീസറില്‍ വന്നുപോകുന്നു. വിനായന്റെ കഥാപാത്രമായ വര്‍മന്റെ ഫ്ലാഷ് ബാക്ക് ഡയലോഗിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. രമ്യ കൃഷ്ണന്‍, റിത്വിക്, തമിഴ് എന്നിവരും ടീസറില്‍ വന്നുപോകുന്നു. രജനിയുടെ കഥാപാത്രത്തിന്റെ ലുക്ക് വെളിപ്പെടുത്തുന്നില്ല. ചിത്രം ഒക്ടോബര്‍ 15ന് തിയറ്ററുകളിലെത്തും. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീതസംവിധാനം. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, രമ്യ കൃഷ്ണന്‍, സുരാജ് വെഞ്ഞാറമ്മൂട്, അന്ന രേഷ്മ രാജന്‍, ജാക്കി ഷ്റോഫ് എന്നിങ്ങനെ വമ്പന്‍ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.
◾ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ തങ്ങളുടെ ചെറുകാറായ ക്വിഡിന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി. മുന്‍പത്തെ മോഡലിനെ അപേക്ഷിച്ച് ഡിസൈനില്‍ വലിയ മാറ്റങ്ങളില്ലെങ്കിലും, സുരക്ഷയിലും വേരിയന്റുകളിലും ചില പ്രധാന അപ്‌ഡേറ്റുകള്‍ വന്നിട്ടുണ്ട്. 4.53 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. മുന്‍പ് ലഭ്യമല്ലാതിരുന്ന 6 എയര്‍ബാഗുകള്‍ ഇപ്പോള്‍ സുരക്ഷയ്ക്കായി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇവല്യൂഷന്‍, ക്ലൈംബര്‍ എന്നീ രണ്ട് വേരിയന്റുകളില്‍ മാത്രമാണ് ഈ വാഹനം ലഭ്യമാകുക. മുന്‍വശത്ത് മാറ്റങ്ങളൊന്നുമില്ല. പുതിയ റെനോ ലോഗോ, പുതിയ 14-ഇഞ്ച് അലോയ് വീലുകള്‍, പിന്നില്‍ ചെറുതായി മാറ്റിയ ടെയില്‍ ലൈറ്റ് ഹൗസിംഗ് എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. ഔദ്യോഗികമായി കമ്പനി നല്‍കുന്ന സിഎന്‍ജി കിറ്റ് 70,449 രൂപ അധികം നല്‍കി ഈ കാറിനൊപ്പം സ്വന്തമാക്കാവുന്നതാണ്. 67 ബിഎച്പി കരുത്തും 91 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍, 3-സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഇതിലുള്ളത്. ഇത് 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി വരുന്നു.
◾ ആകാശദേവത വഴക്കുപറഞ്ഞതിന്റെ സങ്കടത്തില്‍ ഒരിക്കല്‍ മേഘക്കൂട്ടില്‍ കെറുവിച്ചിരിപ്പായി കുറുമ്പിയായ നമ്മുടെ മഴക്കുട്ടി. ഭൂമിയാകെ ചുട്ടുപഴുക്കാനും തുടങ്ങി. അവളുടെ പിണക്കം അലിയിച്ചുകളയാന്‍ അടവുകള്‍ പലതും പലരും പയറ്റിയെങ്കിലും ഒന്നുമൊന്നും ഫലിച്ചില്ല. മഴക്കുട്ടിയെ വീണ്ടും പഴയ മിടുക്കിക്കുട്ടിയാക്കാന്‍ ഒടുവില്‍ മേഘമുത്തശ്ശി ഒരു ഉപായം കണ്ടെത്തി... ആലിപ്പഴത്തണുപ്പുപോലെ കുഞ്ഞുമനസ്സുകളിലേക്കു കിനിഞ്ഞിറങ്ങുന്ന ഒരു കഥ. 'മഴക്കുട്ടി'. കവിത ആര്‍.ജെ. എച്ആന്‍ഡ്സി ബുക്സ്. വില 95 രൂപ.
◾ മഴക്കാലത്ത് രോഗപ്രതിരോധശേഷി നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ് മഞ്ഞള്‍, നെയ്യ്, കുരുമുളക് തുടങ്ങിയവ. സന്ധിവേദന, ആസ്ത്മ, ഹൃദയപ്രശ്നങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇന്‍ഫ്ലമേഷന്‍ ഒരു കാരണമാണ്. മഞ്ഞളിലടങ്ങിയ കുര്‍ക്കുമിനും കുരുമുളകിലടങ്ങിയ പെപ്പറൈനും ചേര്‍ന്ന് ഇന്‍ഫ്ലമേഷനെ പ്രതിരോധിക്കുന്നു. നെയ്യിലടങ്ങിയ ബ്യൂട്ടിറേറ്റ് രോഗം സുഖപ്പെടുത്താന്‍ സഹായിക്കും. നെയ്യ്, മഞ്ഞള്‍, കുരുമുളക് ഇവ മഴക്കാലത്തുണ്ടാകുന്ന ഇന്‍ഫ്ലമേഷന്‍ കുറയ്ക്കുന്നു. കുരുമുളക് ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നു. മഞ്ഞളാകട്ടെ ആസിഡ് റിഫ്ലക്സ് ഉള്‍പ്പെടെയുള്ള ഉദരപ്രശ്നങ്ങളകറ്റുന്നു. പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കാന്‍ നെയ്യ് സഹായിക്കും. ഇവ മൂന്നും ചേരുമ്പോള്‍ മഴക്കാലത്തുണ്ടാകുന്ന ദഹനക്കേട് അകറ്റാനും വയറുകമ്പിക്കല്‍ തടയാനും സഹായിക്കും. ഒരു ടീസ്പൂണ്‍ മഞ്ഞള്‍, ഒരു ടീസ്പൂണ്‍ ഉരുക്കിയ നെയ്യ്, ഒരു നുള്ള് കുരുമുളക് പൊടി ഇവ നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യഗുണങ്ങള്‍ വര്‍ധിപ്പിക്കും. ഇവ മൂന്നും ചേരുമ്പോള്‍ രക്തസമ്മര്‍ദം നിയന്ത്രിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ഹൃദയസംബന്ധമായ ആരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യും. ഡെങ്കി, മലേറിയ, കോളറ തുടങ്ങിയ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയും അള്‍ഷീമേഴ്സ്, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ തടയാനും ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും മനസ്സിനെ ഏകാഗ്രമാക്കി നിര്‍ത്താനും ഇത് സഹായിക്കും.
🟫
ഇന്നത്തെ വിനിമയ നിരക്ക്.
ഡോളര്‍ - 95.22, പൗണ്ട് - 127.57, യൂറോ - 108.89, സ്വിസ് ഫ്രാങ്ക് - 118.98, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.04, ബഹറിന്‍ ദിനാര്‍ - 252.48, കുവൈത്ത് ദിനാര്‍ -305.84, ഒമാനി റിയാല്‍ - 247.58, സൗദി റിയാല്‍ - 25.27, യു.എ.ഇ ദിര്‍ഹം - 26.01, ഖത്തര്‍ റിയാല്‍ - 26.02, കനേഡിയന്‍ ഡോളര്‍ - 67.04.
0 Comments