വാര്‍ത്തകള്‍.



2026 | ജൂലൈ 17, വെള്ളി
1201 | കര്‍ക്കടകം 1, മകം
➖➖➖➖➖➖➖➖

◾ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സോണിപത് വരെയുള്ള 89 കിലോമീറ്റര്‍ ദൂരം രണ്ടു മണിക്കൂര്‍കൊണ്ട് ഓടിയെത്തും. അഞ്ചു മുതല്‍ 25 വരെ രൂപയാണു ടിക്കറ്റ് നിരക്ക്. നമോ ഗ്രീന്‍ റെയില്‍ എന്ന ട്രെയിന്‍ ഇന്ത്യന്‍ നിര്‍മ്മിതമാണ്.

◾ റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് മൂന്ന് സ്‌കൂള്‍ കുട്ടികള്‍ അടക്കം നാലു പേര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് അപകടമുണ്ടായത്.

◾ ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന പരിസ്ഥിതി-വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന്റെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് പവന്‍ ഖേര സിജെപി സമരവേദിയില്‍ എത്തി സോനം വാങ്ചുകിനെ സന്ദര്‍ശിച്ചു.

◾ സ്റ്റാര്‍ഷിപ്പ് 13 ാം പരീക്ഷണ വിക്ഷേപണം അവസാന നിമിഷം മാറ്റി. റോക്കറ്റിന്റെ ഒന്നാം ഘട്ടത്തിലെ 33 എഞ്ചിനുകളില്‍ ചിലത് ജ്വലിക്കാത്തതിനാലാണ് ശ്രമം ഉപേക്ഷിക്കേണ്ടി വന്നത്. നിലവിലെ അവസ്ഥയില്‍ ബൂസ്റ്ററിലെ രണ്ട് എഞ്ചിനുകള്‍ എങ്കിലും മാറ്റി വയ്‌ക്കേണ്ടി വരും.

◾ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശുചിമുറിയില്‍ നിന്നാണ് ജീവനക്കാര്‍ക്ക് ഭീഷണികുറിപ്പ് ലഭിച്ചത്.

◾ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ മകള്‍ക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ യുവാവിനെ, ഭാര്യയും കാമുകനും ചേര്‍ന്ന് വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ രമേശ് (23) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഹാസിനിയും (19) സുഹൃത്തായ യുഗന്ധറും (20) ആണ് കൊലപാതകം നടത്തിയത്.

◾ 2020-ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചൈന വിവരങ്ങള്‍ ചോര്‍ത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ കവര്‍ച്ചയിലൂടെ ചൈന നിയമവിരുദ്ധമായി 22 കോടി അമേരിക്കന്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ കൈക്കലാക്കിയെന്നാണ് ട്രംപിന്റെ ആരോപണം.

◾ ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള അപേക്ഷകളില്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പലുകളാണ് മുന്നിലെന്ന് റിപ്പോര്‍ട്ട്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് ഇറാന്‍ രൂപീകരിച്ച പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയ്റ്റ് അതോറിറ്റി പ്രകാരമുള്ള കണക്കാണിത്.

◾ ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള കിരീടപ്പോരാട്ടം നിയന്ത്രിക്കാന്‍ സ്ലോവേനിയന്‍ റഫറി സ്ലാവോ വിന്‍സിക്കിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിന്‍സിക്കിനൊപ്പം സഹപ്രവര്‍ത്തകരായ ടോമാസ് ക്ലാന്‍ച്‌നിക്, ആന്‍ഡ്രാസ് കോവാസിക് എന്നിവര്‍ അസിസ്റ്റന്റ് റഫറിമാരായി ഉണ്ടാകും.

◾ കാനഡക്കും മെക്സിക്കോക്കുമൊപ്പം അമേരിക്ക സംയുക്ത ആതിഥേയത്വം വഹിച്ച ലോകകപ്പിന്റെ കിരീട പോരാട്ടം കാണാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്റ്റേഡിയത്തിലെത്തും. ഞായറാഴ്ച ന്യൂയോര്‍ക്ക്-ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ നടക്കുന്ന അര്‍ജന്റീന - സ്പെയിന്‍ ഫൈനല്‍ മത്സരത്തില്‍ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

◾ ഇന്ത്യന്‍ വനിതാ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനത്തേക്ക് സ്മൃതി മന്ദാനയെ കൊണ്ടുവരാന്‍ സമയമായെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഹര്‍മന്‍പ്രീത് കൗറിന് ശേഷം സ്മൃതിക്ക് ഈ ചുമതല നല്‍കണമെന്നും, കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ അവര്‍ക്ക് ഈ പദവി ലഭിക്കേണ്ടതായിരുന്നുവെന്നും മിതാലി അഭിപ്രായപ്പെട്ടു.

◾ സൗത്ത് ഇന്ത്യന്‍ ബാങ്കിന് ആദ്യ പാദത്തില്‍ മികച്ച മുന്നേറ്റം. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ അറ്റാദായം മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 17.29 ശതമാനം ഉയര്‍ന്ന് 377.63 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23.05 ശതമാനം വളര്‍ച്ചയോടെ അറ്റ പലിശ വരുമാനം 1,025 കോടി രൂപയായി ഉയര്‍ന്നു. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 3.15 ശതമാനത്തില്‍ നിന്നും 177 ബേസിസ് പോയിന്റുകള്‍ കുറഞ്ഞ് 1.38 ശതമാനത്തിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 0.68 ശതമാനത്തില്‍ നിന്ന് 42 പോയിന്റുകള്‍ മെച്ചപ്പെട്ട് 0.26 ശതമാനമായി കുറഞ്ഞു. കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 247 പോയിന്റുകള്‍ മെച്ചപ്പെട്ട് 81.40 ശതമാനമായി. റീറ്റെയ്ല്‍ നിക്ഷേപങ്ങള്‍ 13.66 ശതമാനം ഉയര്‍ന്ന് 1,24,306 കോടി രൂപയായി. എന്‍.ആര്‍.ഐ നിക്ഷേപം 32,293 കോടി രൂപയില്‍ നിന്നും 36,432 കോടി രൂപയായി. കാസ നിക്ഷേപത്തില്‍ 14.61 ശതമാനം വളര്‍ച്ച. സേവിങ്സ് ബാങ്ക് നിക്ഷേപത്തില്‍ 16.51 ശതമാനവും കറന്റ് അക്കൗണ്ടില്‍ 6.95 ശതമാനവും വളര്‍ച്ചയുണ്ടായി. വായ്പകള്‍ 1,04,368 കോടി രൂപയായി ഉയര്‍ന്നു. വായ്പാ വിതരണത്തില്‍ 15,170 കോടി രൂപയുടെ വര്‍ധനയുണ്ടായി.

◾ കൗമാരക്കാരുടെ ആത്മഹത്യ അടക്കമുള്ളവ തടയാനുള്ള സുരക്ഷാ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മെറ്റ. ഇന്‍സ്റ്റാഗ്രാം അടക്കമുള്ള മെറ്റയുടെ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ചാറ്റ്‌ബോട്ടായ മെറ്റ എഐയുമായി കൗമാരക്കാര്‍ ആത്മഹത്യയെക്കുറിച്ചോ സ്വയം പരിക്കേല്‍പ്പിക്കുന്നതിനെപ്പറ്റിയോ സംസാരിക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് പുതിയ സംവിധാനം. എഐയുമായുള്ള കൗമാരക്കാരുടെ ഇടപെടലുകള്‍ മാതാപിതാക്കള്‍ നിരീക്ഷിക്കുന്ന രീതിയില്‍തന്നെ ഈ സംവിധാനം മാറ്റം വരുത്തിയേക്കാം എന്ന് വിലയിരുത്തപ്പെടുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ഉപയോക്താക്കളോടും കുട്ടികളോടും എഐ ചാറ്റ്‌ബോട്ടുകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിക്കുന്നതിനുള്ള കമ്പനിയുടെ പുതിയ നീക്കത്തിന്റെ ഭാഗമാണിത്. യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഇന്‍സ്റ്റഗ്രാമിന്റെ പേരന്റല്‍ സൂപ്പര്‍വിഷന്‍ ടൂളുകള്‍ ഉപയോഗിക്കുന്ന മാതാപിതാക്കള്‍ക്ക് ആദ്യഘട്ടത്തില്‍ ഇത് ലഭ്യമാകും. ഈ വര്‍ഷം അവസാനത്തോടെ ലോകമെമ്പാടും ഈ സംവിധാനം വിപുലീകരിക്കാന്‍ മെറ്റ പദ്ധതിയിടുന്നു.

◾ നിത്യജീവിത വ്യവഹാരങ്ങളില്‍പ്പെട്ട മനുഷ്യരുടെ ചെറിയ ആനന്ദമാണ് യാത്ര. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ സ്വന്തമായി കുറച്ച് നിമിഷങ്ങള്‍! അത് കഴിഞ്ഞുവരുമ്പോള്‍ അവര്‍ മറ്റൊരാളായി മാറിയിരിക്കും. ഈ പുസ്തകത്തിലെ പന്ത്രണ്ട് യാത്രക്കാരും എന്നെന്നേക്കുമായി ഒരുപടി വളര്‍ന്നിരിക്കും. ഇത് വായിക്കുന്ന നമ്മളും യാത്ര കൊണ്ട് ശുദ്ധി നേടിയിരിക്കും. 'മഞ്ഞുനാട്ടിലെ ഒറ്റനൂല്‍പ്പട്ടങ്ങള്‍'. അജയദാസ് ചന്തവിള. ഓറ ടെയ്ല്‍സ് പബ്ളിക്ക്േഷന്‍സ്. വില 209 രൂപ.

◾ കനത്ത മഴയും കാലാവസ്ഥാ വ്യതിയാനങ്ങളും നിറഞ്ഞ കര്‍ക്കടക മാസം പ്രകൃതിയില്‍ മാത്രമല്ല, മനുഷ്യശരീരത്തിലും നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും ദഹനശക്തി ദുര്‍ബലമാകുകയും ചെയ്യുന്ന സമയമാണിത്. കര്‍ക്കടകത്തില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന സുഖചികിത്സയാണ് എണ്ണതേച്ചുകുളി. ശരീരത്തില്‍ എണ്ണതേച്ചുപിടിപ്പിച്ച് അര മണിക്കൂറിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കുളിക്കാം. രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാന്‍ കര്‍ക്കടകത്തില്‍ പ്രധാനം കര്‍ക്കടക കഞ്ഞിയാണ്. കര്‍ക്കടകമാസത്തില്‍ കൂടുതലായി കഴിക്കേണ്ടത് പഴവര്‍ഗങ്ങളും പച്ചക്കറികളുമാണ്. ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പുതിനയില, ചുക്ക് തുടങ്ങിയവ ആഹാരത്തില്‍ കൂടുതലായി ചേര്‍ക്കാം. ഇവ ദഹനത്തിന് സഹായിക്കും. ദഹിക്കാന്‍ പ്രയാസമുള്ള ആഹാരങ്ങള്‍ കഴിവതും ഒഴിവാക്കണം. മിതമായി ഭക്ഷണം കഴിക്കുന്നതാണ് എല്ലാകാലത്തും ഉത്തമം. ചവര്‍പ്പ്, കയ്പ്പ്, എരിവ് എന്നീ രസങ്ങള്‍ കര്‍ക്കടത്തില്‍ കുറയ്ക്കുന്നതാണ് നല്ലത്. കൂടാതെ കഴിവതും പുറത്തുനിന്നുള്ള ഒഴിവാക്കാം. കര്‍ക്കടക മാസത്തില്‍ മത്സ്യമാംസാദികള്‍ കഴിക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ട് നേരിടുകയും ആഹാരം ആമാശയത്തില്‍ വെച്ച് പുളിക്കുകയും ദഹനക്കേടും അനുബന്ധപ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യും. ഏറ്റവും എളുപ്പത്തില്‍ ദഹിക്കുന്ന സസ്യാഹാരം മാത്രം കര്‍ക്കടകത്തില്‍ കഴിക്കുന്നതാണ് നല്ലത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രമിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം. കൊതുക് പെരുകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മഴയില്‍ നനഞ്ഞ വസ്ത്രങ്ങള്‍ ദീര്‍ഘനേരം ധരിക്കാതിരിക്കാനും ശ്രദ്ധിക്കണം. രാവിലെ നേരത്തെ എഴുന്നേല്‍ക്കുക. ചെറുവ്യായാമമോ യോഗയോ ചെയ്യുക. ആവശ്യത്തിന് ഉറങ്ങുക. വ്യക്തിശുചിത്വം പാലിക്കുക എന്നിവയും ഇക്കാലത്ത് പ്രധാനമാണ്.

🟫
ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.34, പൗണ്ട് - 129.57, യൂറോ - 110.23, സ്വിസ് ഫ്രാങ്ക് - 119.39, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.23, ബഹറിന്‍ ദിനാര്‍ - 255.41, കുവൈത്ത് ദിനാര്‍ -311.69, ഒമാനി റിയാല്‍ - 250.53, സൗദി റിയാല്‍ - 25.74, യു.എ.ഇ ദിര്‍ഹം - 26.25, ഖത്തര്‍ റിയാല്‍ - 26.47, കനേഡിയന്‍ ഡോളര്‍ - 68.67.

Post a Comment

0 Comments