വാര്‍ത്തകള്‍



2026  ജൂലൈ 3, വെള്ളി 
1201  മിഥുനം.19.

◾  മൂന്ന് ആഴ്ചക്കുള്ളില്‍ വിവിധ വകുപ്പുകളിലുള്ള ഒഴിവുകള്‍ പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അടക്കം വ്യക്തമായ നിര്‍ദേശമാണ് ഭരണപരിഷ്‌കാര വകുപ്പ് നല്‍കിയിട്ടുള്ളത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. താല്‍ക്കാലിക നിയമനങ്ങളില്‍ വന്‍ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക് കടക്കുന്നത്.

◾  നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. നികുതി വര്‍ദ്ധിപ്പിക്കാതെ നെറ്റ് വര്‍ക്ക് കൂട്ടി ഖജനാവ് നിറയ്ക്കാനാണ് ശ്രമം. പോര്‍ട്ട് സിറ്റി കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. നികുതി വര്‍ധനയില്ലാതെ വരുമാനം വര്‍ധിപ്പിച്ച് പുതിയ വികസന മോഡല്‍ ആവിഷ്‌കരിക്കാനാണ് ശ്രമമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

◾  കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത സ്‌പോര്‍ട്‌സ് അസോസിയേഷനുകളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് നിര്‍ദേശം നല്‍കി. വിവരശേഖരണത്തിനുള്ള ചോദ്യാവലി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിക്ക് കൈമാറി.

◾  വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. ഒപ്പം വിദഗ്ധ പരിശോധനയും നടത്തും. കരാറിന് സര്‍ക്കാര്‍ അതിവേഗം അനുമതി നല്‍കില്ല. എല്ലാം വ്യവസ്ഥകള്‍ അനുസരിച്ചാണ് നടക്കുന്നതെന്നും സര്‍ക്കാരിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് പോകൂ എന്നുമാണ് അദാനിയുടെ നിലപാട്.

◾  ബംഗാള്‍, പസഫിക് ഉള്‍ക്കടലുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇന്നും നാളെയും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദ പാത്തിയുമുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.

◾  സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ജൂനിയര്‍ ഡോക്ടര്‍മാരില്‍ 82 ശതമാനം പേര്‍ക്കും കിട്ടുന്ന ശമ്പളം 30,000 രൂപ. തുച്ഛമായ ശമ്പളം മൂലം 70 ശതമാനംപേരും കേരളം വിടുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാരില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം.

◾  കൊച്ചിയില്‍  യുഎസ് ആസ്ഥാനമായുള്ള കോറോ ഹെല്‍ത്ത് എന്ന സ്ഥാപനം മുന്നറിയിപ്പില്ലാതെ 900 ജീവനക്കാരെ കൂട്ടത്തോടെ  പിരിച്ചുവിട്ടു. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ അടക്കുകയും ചെയ്തു.

◾  മുണ്ടിനീര് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

◾  തമിഴ്നാട്ടിലെ അടുത്ത പൊങ്കല്‍ മഹോത്സവത്തിന് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു സാരിയും മുണ്ടും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക്  ഒരുക്കങ്ങള്‍ ആരംഭിച്ചു. വസ്ത്ര നിര്‍മ്മാണത്തിനും സംഭരണത്തിനുമുള്ള ആദ്യ ഗഡുവായി 300 കോടി രൂപ വിജയ് സര്‍ക്കാര്‍ അനുവദിച്ചു.

◾  ലോക വിപണിയില്‍ ക്രൂഡോയില്‍ വില 70 -73 ഡോളറിലേക്ക് താഴ്ന്നു. യുദ്ധത്തെ തുടര്‍ന്ന് ബാരലിന് 110- 120 ഡോളര്‍ വരെ വില ഉയര്‍ന്നിരുന്നു.

◾  ഇന്ത്യന്‍ നാവികന്റെ മരണത്തില്‍ വെനിസ്വേലന്‍ അധികൃതരോട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി. കാരക്കാസിലെ ഇന്ത്യന്‍ എംബസി ആണ് നാവികന്റെ ആന്തരികാവയവങ്ങള്‍ കാണാതായതില്‍ ദുരൂഹത തുടരുന്നതിനിടെയാണ് അന്വേഷണം ആവശ്യപ്പെട്ടത്.

◾  ഹിന്ദു വിവാഹ നിയമപ്രകാരമുള്ള പരമ്പരാഗത ആചാരങ്ങളും ചടങ്ങുകളും പാലിക്കാതെ വെറും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രം കൊണ്ട് ഒരു വിവാഹം നിയമപരമായി സാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ആചാരങ്ങള്‍ കൂടി പാലിക്കണമെന്നും കോടതി പറഞ്ഞു.

◾  ക്യാബിന്‍ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കിളവുമായി 'ഇന്‍ഡിഗോ ലൈറ്റ്' വിമാന സര്‍വീസ്. പുതിയ ഇക്കോണമി നിരക്ക് കുറഞ്ഞ ചെലവില്‍ വിമാനയാത്ര ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് ആശ്വാസമാകും.

◾  അമേരിക്ക മരവിപ്പിച്ച 600 കോടി ഡോളര്‍ ഉടന്‍ വിട്ടുകിട്ടണമെന്ന് ഇറാന്‍. ഹോര്‍മൂസില്‍ അമേരിക്ക ഇടപെടരുതെന്നും ഇറാന്‍ ആവശ്യപ്പെട്ടു. പാകിസ്ഥാന്റെ മധ്യസ്ഥ ചര്‍ച്ചയില്‍ നടക്കുന്ന ചര്‍ച്ചയിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

◾  മുന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി അദ്ദേഹത്തിന്റെ ഭൗതികശരീരം തെഹ്‌റാനിലെ ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ എത്തിച്ചു. നാളെ പൊതുദര്‍ശനം.

◾  ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അകന്നുപോകുകയാണെന്ന് ശാസ്ത്രജ്ഞര്‍. ഏകദേശം 3.8 സെന്റിമീറ്റര്‍ വീതം ചന്ദ്രന്‍ അകലയുകയാണെന്നാണ് പുതിയ പഠനം പറയുന്നതെന്ന് സ്പേസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക സ്വാതന്ത്ര്യം പ്രഖ്യാപിച്ച 1776-ല്‍ ഇന്നത്തേതിനേക്കാള്‍ ഏകദേശം 9.4 മീറ്റര്‍ കൂടുതല്‍ ഭൂമിയോട് അടുത്തായിരുന്നു ചന്ദ്രന്‍.

◾  അള്‍ജീരിയയെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ സ്വിറ്റ്സര്‍ലന്‍ഡ് ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍. 1938-ന് ശേഷം ആദ്യമായാണ് സ്വിറ്റ്സര്‍ലന്‍ഡ് ഒരു നോക്കൗട്ട് വിജയം സ്വന്തമാക്കുന്നത്. പത്താംം മിനിറ്റില്‍ ബ്രീല്‍ എംബോളോയും 46-ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയെയുമാണ് സ്വിറ്റ്സര്‍ലന്‍ഡിനായി ഗോളുകള്‍ നേടിയത്. കൊളംബിയ - ഘാന മത്സര വിജയികളാണ് പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍

◾  അത്യന്തം നാടകീയമായ പോരാട്ടത്തില്‍ ക്രോയേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീ-ക്വാര്‍ട്ടറിലേക്ക്. രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യയെ 68-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒപ്പമെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ ഗോണ്‍സാലോ റാമോസാണ് ഇന്‍ജുറി ടൈമില്‍ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയത്. പ്രീ ക്വാര്‍ട്ടറില്‍ സ്പെയിനാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.

◾  പ്രതിഷേധവുമായി ക്രൊയേഷന്‍ ആരാധകര്‍. പോര്‍ച്ചുഗലിനെതിരെ ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്‍ഡില്‍ ക്രോയേഷ്യ സമനില ഗോള്‍ നേടിയെങ്കിലും വാര്‍ പരിശോധനക്കൊടുവില്‍ റഫറി ഗോള്‍ റദ്ദാക്കിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ക്രോയേഷ്യന്‍ ആരാധകര്‍ കൂട്ടത്തോടെ മൈതാനത്തേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞു.

◾  പ്രമുഖ ആഗോള പാനീയ നിര്‍മ്മാതാക്കളായ കൊക്കകോള തങ്ങളുടെ ഇന്ത്യന്‍ ബോട്ട്‌ലിംഗ് വിഭാഗമായ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നു. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ (ഏകദേശം 9,500 കോടി രൂപ) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിപണിയിലെ ശക്തമായ നിക്ഷേപക ഡിമാന്‍ഡ് പ്രയോജനപ്പെടുത്താനാണ് ഈ പുതിയ നീക്കം. ഇന്ത്യന്‍ ബോട്ട്‌ലിംഗ് ബിസിനസിന് ഏകദേശം 10 ബില്യണ്‍ ഡോളര്‍ മൂല്യമാണ് കൊക്കകോള പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി അടുത്ത ആഴ്ച ലണ്ടനില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളുടെ യോഗം നടക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് ബോട്ട്‌ലിംഗ് കമ്പനികളിലൊന്നാണ്. രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി 14 നിര്‍മ്മാണ പ്ലാന്റുകള്‍ ഇവര്‍ക്കുണ്ട്.

◾  യൂസര്‍നെയിം സംവിധാനവുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിന് നോട്ടീസ് നല്‍കിയതിന് പിന്നാലെ മെസേജിങ് പ്ലാറ്റ്‌ഫോമുകളായ ടെലഗ്രാമിനും സിഗ്‌നലിനും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു. യൂസര്‍നെയിം ഫീച്ചറുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഉപയോക്തൃ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരു കമ്പനികളോടും ആവശ്യപ്പെട്ടതായാണ് വിവരം. ടെലഗ്രാമില്‍ നേരത്തെ തന്നെ യൂസര്‍നെയിം സംവിധാനം നിലവിലുണ്ട്. അതേസമയം, സിഗ്‌നലില്‍ ഈ സൗകര്യം ലഭ്യമാണെങ്കിലും അത് ഉപയോക്താക്കള്‍ക്ക് നിര്‍ബന്ധിതമല്ല. ഫോണ്‍ നമ്പര്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന യൂസര്‍നെയിം സംവിധാനം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ആള്‍മാറാട്ടം, ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ എന്നിവ വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് കേന്ദ്രം ഉയര്‍ത്തുന്നത്.  ഇതിനിടെ, പുതിയ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടുന്നതിനായി 'അറട്ടൈ' പ്ലാറ്റ്‌ഫോമിലെ യൂസര്‍നെയിം അടിസ്ഥാനമാക്കിയുള്ള അക്കൗണ്ട് സംവിധാനം പിന്‍വലിക്കുമെന്ന് സോഹോ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധര്‍ വെമ്പു അറിയിച്ചു.

◾  മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ 'കിരീടം' സാങ്കേതികമായി കൂടുതല്‍ മികവുറ്റതാക്കി വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ജൂലായ് 10ന് ആണ് മോഹന്‍ലാല്‍-ലോഹിതദാസ്- സിബി മലയില്‍ ടീമിന്റെ ഈ ക്ലാസിക് ചിത്രം റീ റിലീസിനൊരുങ്ങുന്നത്. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ കിരീടം, 37 വര്‍ഷങ്ങള്‍ക്കിപ്പുറം 4കെ ദൃശ്യമേന്മയിലും ഡോള്‍ബി അറ്റ്മോസ് സൗണ്ട് ക്വാളിറ്റിയിലുമായിരിക്കും തിയറ്ററുകളിലെത്തുക. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകര്‍ത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസില്‍ ഉറച്ചുപോയ മുള്‍ക്കിരീടം ആണ് ലോഹിതദാസ് സിബി മലയില്‍ കൂട്ടുകെട്ടിലൂടെ കിരീടം എന്ന മികച്ച ക്ലാസിക്കായി മാറിയത്. മോഹന്‍ലാല്‍-തിലകന്‍ കൂട്ടുകെട്ട് സ്‌ക്രീനില്‍ തകര്‍ത്തഭിനയിച്ച ആ ചിത്രത്തില്‍ മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പാര്‍വതി, മുരളി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ പൊന്നമ്മ, മോഹന്‍രാജ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ജഗദീഷ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.

◾  'കല്യാണി' എന്ന ഗാനത്തിന്റെ വിജയത്തിന് പിന്നാലെ അര്‍ജന്‍, കെഡിഎസ്, റോണ്‍, ഫിഫ്റ്റി 4 എന്നിവര്‍ ഈ ഗാനത്തിന്റെ പ്രത്യേക റീമിക്സുമായി എത്തുന്നു. ശ്രേയ ഘോഷാലും ഇവര്‍ക്കൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രാദേശിക തലത്തില്‍ ശ്രദ്ധ നേടിയ ഒരു ഗാനമായി മാറിയ 'കല്യാണി', പിന്നീട് ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിരുകള്‍ മറികടന്ന് രാജ്യവ്യാപകമായ സംഗീത പ്രതിഭാസമായി വളര്‍ന്നു. സ്പോട്ടിഫൈ ഇന്ത്യയുടെ ടോപ് 200 ചാര്‍ട്ടില്‍ 'കല്യാണി' 17-ാം സ്ഥാനവും സ്പോട്ടിഫൈ യുഎഇ ടോപ് 200 ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവും നേടി. കൂടാതെ സ്പോട്ടിഫൈ ഗ്ലോബല്‍ വൈറല്‍ സോങ്സ് ചാര്‍ട്ടില്‍ 32-ാം സ്ഥാനവും സ്വന്തമാക്കി. സിംഗപ്പൂരില്‍ രണ്ടാം സ്ഥാനവും യുഎഇയില്‍ മൂന്നാം സ്ഥാനവും ഇന്ത്യയിലും മലേഷ്യയിലും 11-ാം സ്ഥാനവും നേടി ഈ ഗാനം പ്രാദേശിക ഇന്ത്യന്‍ സംഗീതത്തിനുള്ള ആഗോള സ്വീകാര്യത തെളിയിച്ചു. ഈ പുതിയ പതിപ്പിനൊപ്പം, സാനിയ അയ്യപ്പന്‍ അഭിനയിക്കുന്ന ഔദ്യോഗിക മ്യൂസിക് വിഡിയോയും പുറത്തിറങ്ങി.

◾  മാരുതി സുസുക്കി അവതരിപ്പിച്ച രാജ്യത്തെ ആദ്യ ഫ്ലെക്സ് ഫ്യൂവല്‍ കാറായ വാഗണ്‍ആര്‍ ഫ്ലെക്സ് മോഡല്‍ ജൂണില്‍ വെറും മൂന്ന് യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്. ഏകദേശം 7.23 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയ വാഹനത്തിന് സാധാരണ പെട്രോള്‍ വാഗണ്‍ആര്‍ മോഡലിനേക്കാള്‍ ഏകദേശം 86,000 രൂപ അധിക വിലയുണ്ട്. ഇന്ത്യയിലെ എത്തനോള്‍ അടിസ്ഥാനമാക്കിയുള്ള ഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായാണ് മാരുതി സുസുക്കിയുടെ വാഗണ്‍ആര്‍ ഫ്ലെക്സ് ഫ്യൂവല്‍ മോഡലിനെ കണക്കാക്കുന്നത്. ഇ20 മുതല്‍ ഇ85 വരെയുള്ള എത്തനോള്‍-പെട്രോള്‍ മിശ്രിതങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഈ വാഹനം, ചില സാഹചര്യങ്ങളില്‍ ഇ100 അഥവാ ശുദ്ധമായ എത്തനോളിലും പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. മാരുതിയുടെ ഫ്ലെക്സ്-ഫ്യൂവല്‍ പ്രോട്ടോടൈപ്പില്‍ പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്‍ജക്ടറുകള്‍, ശക്തമായ ഇന്ധന ലൈനുകള്‍, ഈടുനില്‍ക്കുന്ന സീലുകള്‍, എത്തനോളിന്റെ അതുല്യമായ ഗുണങ്ങള്‍ പ്രശ്‌നമില്ലാതെ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം കാലിബ്രേറ്റ് ചെയ്ത എഞ്ചിന്‍ മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങിയവയും ഉള്‍പ്പെടും.

◾  ദീപ ഒരു യാത്രികയല്ല, വംശസ്മൃതിയുടെ ചോദനയാല്‍ പറക്കാന്‍ നിര്‍ബ്ബന്ധിതയായ ദേശാടനപ്പക്ഷിയാണ്. ഓര്‍മ്മയെഴുത്തുകളില്‍നിന്ന് യാത്രയെഴുത്തിലേക്കു പറക്കുമ്പോള്‍ ദീപയുടെ ഭാഷ തൂവല്‍പോലെ മിനുസമാകുന്നു. വീക്ഷണങ്ങള്‍ വിഹഗത്തിന്റേതാകുന്നു. എല്ലാവര്‍ക്കും ഒരേ അര്‍ഹതയുള്ള സ്‌നേഹംപോലെ, എല്ലാവര്‍ക്കും ഒരേ അവകാശമുള്ള  സ്ഥലമോ കാലമോ ഓര്‍മ്മയോ ഇല്ലെന്നു തന്നെത്തന്നെ ബോദ്ധ്യപ്പെടുത്താന്‍ പറന്നുകൊണ്ടേയിരിക്കുന്ന പക്ഷിയാകുന്നു, ദീപ. - കെ.ആര്‍. മീര. ബിലാത്തി എന്നു വിളിച്ചിരുന്ന ലണ്ടനിലേക്ക്, ചരിത്രത്തെ രൂപപ്പെടുത്തിയ ദേശങ്ങളെയും മനുഷ്യരെയും തേടി സഞ്ചരിച്ച ഒരു എഴുത്തുകാരിയുടെ യാത്രാക്കുറിപ്പുകള്‍. 'ഓ ബിലാത്തീ... ഓമല്‍ക്കിനാത്തീ...'. ടി.എസ് ദീപ. മാതൃഭൂമി. വില 160 രൂപ.

◾  കൂടുതല്‍ കഴിച്ചാല്‍ കൂടുതല്‍ ഗുണമെന്ന ധാരണ പ്രോബയോട്ടിക്സിന്റെ കാര്യത്തില്‍ അപകടമുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍. പ്രോബയോട്ടിക്സ് എന്നത് കുടലിന് ഗുണം ചെയ്യുന്ന സൂക്ഷ്മജീവികളാണ്. ഇവ പ്രധാനമായും കുടലിലെ മൈക്രോബയോമിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുക, വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കുക, ചില ആന്റിബയോട്ടിക് ചികിത്സകള്‍ക്ക് ശേഷം കുടലിലെ നല്ല ബാക്ടീരിയകളെ പുനഃസ്ഥാപിക്കുക തുടങ്ങിയ ഗുണങ്ങള്‍ ഇവയ്ക്ക് ഉണ്ട്. ഗട്ട് മൈക്രോബ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, പ്രോബയോട്ടിക്സ് അമിതമായി ഉപയോഗിക്കുന്നത് കുടലില്‍ അമിതമായി പുളിക്കല്‍ പ്രക്രിയ നടക്കാനും ദഹനനാളത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും കാരണമാകുന്നുവെന്ന് വിശദീകരിക്കുന്നു. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഉയര്‍ന്ന ഡോസ് സപ്ലിമെന്റുകളോ ഒരേസമയം ഒന്നിലധികം പ്രോബയോട്ടിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതോ പ്രോബയോട്ടിക്സ് അമിത ഉപയോഗത്തിലേക്ക് നയിക്കാം. ചിലര്‍ക്ക് വയറുവീക്കം, ഗ്യാസ്, വയറ്റില്‍ അസ്വസ്ഥത എന്നിവ അനുഭവപ്പെടാം. ചിലരില്‍ ദഹനപ്രക്രിയയിലെ മാറ്റങ്ങള്‍ മൂലം വയറിളക്കമോ മലബന്ധമോ അനുഭവപ്പെടാം. ഗുരുതര പാന്‍ക്രിയാറ്റൈറ്റിസ്, ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍, ഗുരുതര കുടല്‍രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരില്‍ പ്രോബയോട്ടിക് ഉപയോഗം വിദഗ്ധരുടെ നിര്‍ദേശപ്രകാരം മാത്രമായിരിക്കണം.

🟫
ഇന്നത്തെ വിനിമയ നിരക്ക്.
ഡോളര്‍ - 95.33, പൗണ്ട് - 127.46, യൂറോ - 109.18, സ്വിസ് ഫ്രാങ്ക് - 118.86, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.22, ബഹറിന്‍ ദിനാര്‍ - 253.98, കുവൈത്ത് ദിനാര്‍ -307.37, ഒമാനി റിയാല്‍ - 247.94, സൗദി റിയാല്‍ - 25.31, യു.എ.ഇ ദിര്‍ഹം - 25.95, ഖത്തര്‍ റിയാല്‍ - 26.24, കനേഡിയന്‍ ഡോളര്‍ - 67.25.


കടപ്പാട്: DN online.

Post a Comment

0 Comments