വാര്‍ത്തകള്‍


2026  ജൂണ്‍ 23 , ചൊവ്വ 
1201  മിഥുനം 9.

◾  കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്കു മറിഞ്ഞ് പതിനഞ്ചുകാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. നീലേശ്വരം കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിവ് (15), ചടയമംഗലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ മെക്കാനിക്ക് അജയകുമാര്‍ (45), കുടവട്ടൂര്‍ സ്വദേശി .ഹരിലാല്‍ (54) എന്നിവരാണു മരിച്ചത്.

◾  സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. മാര്‍ച്ച,ഏപ്രില്‍ മാസങ്ങളില്‍ കടം വാങ്ങിയ വൈദ്യുതി ഈ മാസം തിരിച്ചുകൊടുക്കണം. മഴ ലഭിക്കാത്തതിനാല്‍ തിരിച്ചു നല്‍കാനാവാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.

◾  മയക്കുമരുന്നു മാഫിയക്കെതിരെയുള്ള ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് 2954 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 3176 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. 84 പൊലീസ് സബ് ഡിവിഷനുകളിലായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

◾  മെഡിക്കല്‍ ഷോപ്പുകള്‍ക്കു മുന്നില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ഡിസ്‌കൗണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വിലക്കിയ ഡ്രഗ്സ് കണ്‍ട്രോളറുടെ സര്‍ക്കുലര്‍ ഹൈക്കോടതി ശരിവെച്ചു. 80 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന ബോര്‍ഡുകള്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനിടയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

◾  കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്കു പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് ടിപ്പര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നു. അമിതവേഗതയാണ് അപകട കാരണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.

◾  കുട്ടികളെ വില്‍ക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റ് സംഘം ഡല്‍ഹിയില്‍ പിടിയില്‍. പെണ്‍കുഞ്ഞിന് മൂന്നു മുതല്‍ നാലു വരെ ലക്ഷം രൂപയും ആണ്‍കുഞ്ഞിന് ആറു മുതല്‍ എട്ടുവരെ ലക്ഷം രൂപയുമാണ്  സംഘം വാങ്ങിയിരുന്നത്. റോഹിണിയിലെ ബീഗംപൂരിലെ ഹിരാസ് മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായിരുന്നു ശിശു വില്‍പന കേന്ദ്രമായി പ്രവര്‍ത്തിച്ചത്. നവജാത ശിശുക്കളെ പ്രൈസ് ടാഗ് നല്‍കിയാണു വിറ്റിരുന്നതെന്ന് ഡല്‍ഹി പൊലീസ്.

◾  താത്കാലിക നിരോധനത്തിന് ശേഷം ടെലഗ്രാം ഇന്ത്യയില്‍ ലഭ്യമായി തുടങ്ങി.   ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ആപ്പ് മടങ്ങിയെത്തി. നീറ്റ് പുനപരീക്ഷയുടെ പശ്ചാത്തലത്തിലാണ് ആപ്പിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

◾  ബെംഗളൂരുവിലെ ഫ്ളാറ്റില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ കുത്തിക്കൊന്നു. സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകള്‍ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബത്തിലെ മൂത്ത മകള്‍ ശ്വേതയും കാമുകന്‍ കെന്നത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ്.

◾  വിവാഹത്തലേന്ന് 21 കാരിയായ പ്രതിശ്രുത വധുവിനെയും മാതാപിതാക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ മൈസൂരു ജില്ലയിലുള്ള ടി നരസിപുര താലൂക്കിലാണ് ശിവണ്ണ (50), ഭാര്യ നാഗരത്ന (45), മകള്‍ രക്ഷിത (21) എന്നിവര്‍ മരിച്ചത്.

◾  ആറു മാസത്തിനിടെ മ്യാന്‍മറില്‍ എഴുന്നൂറിലേറെ സാധാരണക്കാരെ സൈന്യം കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മറില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോഴാണ് ഇത്രയും കൊലപാതകളുണ്ടായതെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ 224 സ്ത്രീകളും 153 കുട്ടികളും ഉള്‍പ്പെടുന്നു.

◾  സെനഗല്‍ ഫുട്ബോള്‍ ടീമിനു കടുത്ത സാമ്പത്തിക പ്രതിസന്ധി. ടീമിന്റെ മുഖ്യ പരിശീലകന്‍ പാപ് ചിയാവിന് അഞ്ച് മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നാണ് വിവരം. താരങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങളെല്ലാം പൂര്‍ണ്ണമായി മുടങ്ങിയിരിക്കുകയാണ്.

◾  കനത്ത മഴയും ശക്തമായ ഇടിമിന്നലും കാരണം രണ്ടു മണിക്കൂറോളം തടസപ്പെട്ട ഫ്രാന്‍സ് - ഇറാഖ് ലോകകപ്പ് മത്സരം പുനരാരംഭിച്ചപ്പോള്‍ ഫ്രാന്‍സ് എതിരില്ലാത്ത 3 ഗോളിന് ഇറാഖിനെ കീഴടക്കി. 14-ാം മിനിറ്റിലും 54-ാം മിനിറ്റിലും ഗോളുകള്‍ നേടി ഫ്രാന്‍സിന്റെ കിലിയന്‍ ലോകകപ്പിലെ 16-ാമത്തെ ഗോളുകള്‍ സ്വന്തമാക്കി ജര്‍മന്‍ താരം ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പമെത്തി. ഒസുമാനെ ഡെംബല്ലാണ് 66-ാം മിനിറ്റില്‍ മൂന്നാമത്തെ ഗോള്‍ നേടിയത്.

◾  ലോകകപ്പിലെ ഗ്രൂപ്പ് ഐയില്‍ നടന്ന മത്സരത്തില്‍ സെനഗലിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് നോര്‍വെ നോക്കൗട്ടില്‍. എര്‍ലിങ് ഹാളണ്ട് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ മാര്‍ക്കസ് ഹോളംഗ്രെന്‍ പെഡേഴ്സണും നോര്‍വെക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ സെനഗലിന്റെ രണ്ട് ഗോളും ഇസ്മാലിയ സാറിന്റെ വകയായിരുന്നു.

◾  ലോകകപ്പിലെ ഗ്രൂപ്പ് ജെയില്‍ നടന്ന മത്സരത്തില്‍ ജോര്‍ദാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി അള്‍ജീരിയ. 36-ാം മിനിറ്റില്‍ മുന്നിലെത്തിയ ജോര്‍ദ്ദാനെതിരെ 69-ാം മിനിറ്റിലും 82-ാം മിനിറ്റിലും ഗോളുകള്‍ നേടിയാണ് അള്‍ജീരിയ തിരിച്ചടിച്ചത്്.

◾  ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്എക്‌സിന് ഓഹരി വിപണിയില്‍ ചരിത്രം കുറിച്ച അരങ്ങേറ്റത്തിന് പിന്നാലെ വന്‍ തിരിച്ചടി. കമ്പനിയുടെ വിപണി മൂല്യം മൂന്ന് ദിവസത്തിനിടെ 60,000 കോടി ഡോളറിലേറെ ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യ ദിവസങ്ങളിലെ വ്യാപാരത്തില്‍ റീട്ടെയില്‍ നിക്ഷേപകര്‍ വലിയ രീതിയില്‍ താല്‍പര്യം കാണിച്ചതോടെ സ്‌പേസ്എക്സ് ഓഹരി ഉയരങ്ങളിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവോടെ ഓഹരി വിലയില്‍ ശക്തമായ സമ്മര്‍ദ്ദമാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവില്‍ ഓഹരി ഏകദേശം 16 ശതമാനം വരെ ഇടിഞ്ഞതോടെ കമ്പനിയുടെ വിപണി മൂല്യം 2 ലക്ഷംകോടി ഡോളറിന് മുകളിലേക്ക് ചുരുങ്ങി. കടപ്പത്രങ്ങളിലൂടെ ഫണ്ട് സമാഹരിക്കാനുള്ള നീക്കമാണ് നിക്ഷേപകരില്‍ ആശങ്ക ഉയര്‍ത്തിയതെന്നാണ് വിലയിരുത്തല്‍. ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ കമ്പനിയാണ് സ്‌പേസ്എക്‌സ്.
'
◾  വാട്‌സ്ആപ്പ് തലപ്പത്തേക്ക് ഇന്ത്യക്കാരന്‍. മുംബൈ സ്വദേശിയായ കുനാല്‍ ഷാ(47) ആണ് ഇനി വാട്‌സ്ആപ്പിനെ നയിക്കുക. ഏഴ് വര്‍ഷം വാട്‌സ്ആപ്പ് സിഇഒ ആയിരുന്ന വില്‍ കാത്ത്കാര്‍ട്ട് പടിയിറങ്ങിയതോടെയാണ് പുതിയ നിയമനം. പ്രമുഖ ഫിനാന്‍ഷ്യല്‍ ആപ്പായ ക്രെഡിന്റെ തലപ്പത്ത് നിന്നാണ് കുനാല്‍ ഷാ വാട്‌സാപ്പിലേക്ക് ചേക്കേറുന്നത്. 2015ല്‍ സ്‌നാപ്ഡീല്‍ ഏറ്റെടുത്ത ഓണ്‍ലൈന്‍ റീചാര്‍ജ് പ്ലാറ്റ്ഫോമായ ഫ്രീചാര്‍ജിന്റെ സഹസ്ഥാപകനാണ്. പിന്നീടാണ് ക്രെഡിറ്റ്-കാര്‍ഡ് ബില്‍ പേയ്മെന്റ് റിവാര്‍ഡ് പ്ലാറ്റ്ഫോമായ ക്രെഡ് സ്ഥാപിച്ചത്. വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയില്‍ നിന്ന് 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടിയതിന് പിന്നാലെയാണ് കുനാല്‍ വാട്‌സാപ്പ് തലപ്പത്തേക്ക് എത്തുന്നത്. പേയ്മെന്റുകള്‍, ബിസിനസ് മെസേജിങ്, എഐ ഫീച്ചറുകള്‍ എന്നിവ മെച്ചപ്പെടുത്തി വാട്‌സ്ആപ്പിനെ അടുത്ത തലത്തിലേക്ക് വികസിപ്പിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്. മിറ്റന്‍ സമ്പത്ത് ക്രെഡിന്റെ താല്‍ക്കാലിക സിഇഒ ആകും.

◾  മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന, ആര്യ നായകനാകുന്ന മലയാള ചിത്രം 'അനന്തന്‍ കാട്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. 'പൊന്നിന്‍ കട്ടയാണെന്നാലും നെഞ്ചില്‍ കൊണ്ടാല്‍ മറിഞ്ഞു വീഴും, പൊന്നിന്‍ സൂചിയാണെന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു നോവും' എന്ന പഴയകാല ശ്രദ്ധേയ ഗാനത്തിന്റെ റീമേക്കായാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 25 - നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഇത് 1977-ല്‍ പുറത്തിറങ്ങിയ 'കണ്ണപ്പനുണ്ണി' എന്ന മലയാള ചിത്രത്തിലെ പ്രശസ്തമായ ഈ ഗാനത്തിന് പി. ഭാസ്‌കരനാണ് വരികളൊരുക്കിയിട്ടുള്ളത്. കെ. രാഘവനാണ് സംഗീതം നല്‍കിയത്. അന്ന് കെ.ജെ യേശുദാസും പി. ജയചന്ദ്രനും ചേര്‍ന്ന് പാടി അനശ്വരമാക്കിയ ഈ ഗാനം മുരളി ഗോപിയും ദീപക് ബ്ലൂവും ചേര്‍ന്ന് പാടിയാണ് റീമേക്കായി അവതരിപ്പിച്ചിരിക്കുന്നത്. ബി. അജനീഷ് ലോക്‌നാഥാണ് സംഗീതം.

◾  മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നാണ് 'കിരീടം'. മോഹന്‍ലാല്‍-സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്ന മാജിക്. 1989 ല്‍ പുറത്തിറങ്ങിയ സിനിമ ഇന്നും മലയാളികളുടെ മനസില്‍ പ്രദര്‍ശനം തുടരുകയാണ്. സേതു മാധവനും അയാളുടെ ആത്മസംഘര്‍ഷങ്ങളും വേദനയുമെല്ലാം മലയാളി സ്വന്തം നെഞ്ചിലാണ് പേറുന്നത്. ഇപ്പോഴിതാ, നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം വീണ്ടുമെത്തുകയാണ്. ഡോള്‍ബി അറ്റ്‌മോസ് 4 കെ ദൃശ്യ മികവോടെയാണ് കിരീടത്തിന്റെ റീ-റിലീസ്. അതിന് മുന്നോടിയായി ട്രെയിലര്‍ പുറത്തു വിട്ടു. ലോഹിതദാസ് തിരക്കഥയെഴുതിയ സിനിമയുടെ സംഗീതം ജോണ്‍സണ്‍ മാസ്റ്ററായിരുന്നു. മോഹന്‍ലാല്‍-തിലകന്‍ കൂട്ടുകെട്ട് സ്‌ക്രീനില്‍ തകര്‍ത്താടിയപ്പോള്‍ മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പാര്‍വതി, മുരളി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ പൊന്നമ്മ, മോഹന്‍രാജ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ജഗദീഷ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. അടുത്തമാസമാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക.

◾  നിസാന്‍ ഇന്ത്യ വീണ്ടും ക്രെറ്റയുടെ എതിരാളിയായ ടെക്ടണിന്റെ ഒരു ടീസര്‍ പുറത്തിറക്കി. ഇത്തവണ വാഹനത്തിന്റെ ഡിസൈന്‍ ഘടകങ്ങള്‍ കാണാം. ജൂലൈ 9 ന് ഈ എസ്യുവി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതാണ് നിസാന്‍ ടെക്ടണ്‍, അതിനാല്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി ജോടിയാക്കിയ ഡസ്റ്ററിന്റെ രണ്ട് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. സ്ട്രോംഗ്-ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഈ വര്‍ഷാവസാനം ടെക്ടണിലും ഉള്‍പ്പെടുത്താം. എക്സ്-ഷോറൂം വില 10.50 ലക്ഷം മുതല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷയ്ക്കായി, ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ടയര്‍-പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ട്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് (എച്ച്എച്ച്എ), എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, 360-ഡിഗ്രി ക്യാമറ, ലെവല്‍-2 എഡിഎഎസ് തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ലഭിക്കും.

◾  അധിനിവേശത്തിനു മുന്‍പും അതേത്തുടര്‍ന്നുമുള്ള ആഫ്രിക്ക എന്ന ഭൂഖണ്ഡത്തിന്റെ ഒത്തുമാറ്റങ്ങളെയും പലതരത്തില്‍പ്പെട്ട വിനിമയങ്ങളെയും നോവല്‍ എന്ന സാഹിത്യരൂപത്തിലൂടെ സംക്രമിപ്പിക്കുകയാണ് ഗുര്‍ണ ചെയ്യുന്ന ചരിത്രദൗത്യം. മടക്കമില്ലാത്ത പലായനങ്ങളില്‍ അധിഷ്ഠിതമായ രംഗങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളുടെ സത്തയും സത്യവും എന്നുറപ്പിച്ചുപറയാം. നോവലുകളെ സാംസ്‌കാരികരൂപങ്ങളാക്കി പരിണമിപ്പിക്കുന്നതില്‍ തത്പരനാണ് അബ്ദുള്‍റസാഖ് ഗുര്‍ണ എന്നത് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഈ നോവലും തെളിയിക്കുന്നു. 'അപഹരണം'. അബ്ദുള്‍ റസാഖ് ഗൂര്‍ണ. വിവര്‍ത്തനം - അനൂപ് ചന്ദ്രന്‍. ഡിസി ബുക്സ്. വില 360 രൂപ.

◾  പ്രത്യേകിച്ച് യാതൊരു പോഷകഗുണവുമില്ലാത്ത പഞ്ചസാരയെ പുറത്താക്കിക്കൊണ്ടുള്ള ഷുഗര്‍കട്ട് ഡയറ്റ് എടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. മധുരം ഒഴിവാക്കുമ്പോള്‍ ശരീരത്തിലേക്ക് എത്തുന്ന അധിക കലോറി കുറയും. ഇതുവഴി ശരീരഭാരം നിയന്ത്രിക്കാനും അമിതവണ്ണം കുറയ്ക്കാനും സഹായിക്കും. പഞ്ചസാര ഒഴിവാക്കുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരതയോടെ നിലനില്‍ക്കുന്നതിനാല്‍ ഊര്‍ജ നിലയും മെച്ചപ്പെടും. ചര്‍മം കൂടുതല്‍ തിളക്കമുള്ളതും ആരോഗ്യകരവുമാകാന്‍ സാധ്യതയുണ്ട്. അമിത പഞ്ചസാര രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് അളവ് എന്നിവ വര്‍ധിപ്പിക്കാം. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിന്റെ സ്വാഭാവിക സര്‍ക്കാഡിയന്‍ റിഥം മെച്ചപ്പെടുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യും. അമിത പഞ്ചസാര കുടലിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ ബാധിക്കാം. പഞ്ചസാര കുറയ്ക്കുമ്പോള്‍ ദഹനം മെച്ചപ്പെടുകയും വയറുവേദന, വയറുവീക്കം തുടങ്ങിയ പ്രശ്നങ്ങള്‍ കുറയുകയും ചെയ്യും. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് മാനസിക സമ്മര്‍ദ്ദം, അസ്വസ്ഥത, ക്ഷീണം എന്നിവ കുറയ്ക്കാന്‍ സഹായകമാകാം. പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. കുറച്ച് ആഴ്ചകള്‍ക്കു ശേഷം രുചിമുകുളങ്ങള്‍ പുതിയ ഭക്ഷണരീതിയോട് പൊരുത്തപ്പെടുകയും പ്രകൃതിദത്ത മധുരമുള്ള പഴങ്ങളുടെ രുചി കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുകയും ചെയ്യും.
🟫
ഇന്നത്തെ വിനിമയ നിരക്ക്.

ഡോളര്‍ - 94.74, പൗണ്ട് - 125.33, യൂറോ - 108.15, സ്വിസ് ഫ്രാങ്ക് - 117.09, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 65.84, ബഹറിന്‍ ദിനാര്‍ - 250.86, കുവൈത്ത് ദിനാര്‍ -306.86, ഒമാനി റിയാല്‍ - 246.43, സൗദി റിയാല്‍ - 25.24, യു.എ.ഇ ദിര്‍ഹം - 25.78, ഖത്തര്‍ റിയാല്‍ - 25.98, കനേഡിയന്‍ ഡോളര്‍ - 66.87.

Post a Comment

0 Comments