തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മുന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.
hscap.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ 'Third Allot Results' എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് ഫലം പരിശോധിക്കാം. അലോട്ട്മെൻ്റില്‍ ഉള്‍പ്പെട്ട വിദ്യാർത്ഥികള്‍ക്ക് ജൂണ്‍ 29ന് രാവിലെ 11 മണിമുതല്‍ പ്രവേശനം നേടാം. പ്രവേശന നടപടികള്‍ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചുമണിയ്ക്ക് പൂർത്തിയാകും. അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻ്റുകളില്‍ പരിഗണിക്കില്ല.
വിദ്യാർത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
അലോട്ട്‌മെൻ്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍നിന്ന് അഡ്മിഷൻ സമയത്ത് പ്രിൻ്റ് എടുത്ത് നല്‍കും. ഒന്ന്, രണ്ട് അലോട്ട്മെൻ്റുകളില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികള്‍ക്ക് ഈ അലോട്ട്മെൻ്റില്‍ ഉയർന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല. താല്‍ക്കാലിക പ്രവേശനത്തിലുള്ള വിദ്യാർത്ഥികള്‍ക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല. അതിനാല്‍ അലോട്ട്മെൻ്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
അലോട്ട്മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടക്കേണ്ടതുള്ളു. വിദ്യാർത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം.
അലോട്ട്മെന്റ് ലെറ്ററിൻ്റ ഒന്നാമത്തെ പേജില്‍ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പുവെച്ചിരിക്കണം. യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതല്‍ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയിൻ്റ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഹാജരാക്കണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട ബോർഡുകളില്‍നിന്ന് ലഭ്യമാകാത്ത വിദ്യാർത്ഥികള്‍ക്ക് അസ്സല്‍ സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കാൻ സമയം അനുവദിക്കും.
പ്രവേശനത്തിനായി വിദ്യാർത്ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുന്ന യോഗ്യത തെളിയിക്കുന്ന പകർപ്പുകള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ സ്കൂള്‍ അധികൃതർ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസ്തുത ഫലത്തിൻ്റെ സാധുത ഉറപ്പാക്കും. പ്രവേശന സമയത്ത് വിടുതല്‍ സർട്ടിഫിക്കറ്റിൻ്റെയും സ്വഭാവ സർട്ടിഫിക്കറ്റിൻ്റയും അസ്സല്‍ നിർബന്ധമായും ഹാജരാക്കണം.
മൂന്നാം അലോട്ട്മെൻ്റിനോടൊപ്പം വിവിധ ക്വാട്ടകളിലെ അഡ്മിഷൻ നടക്കുമെന്നതിനാല്‍ ഒന്നില്‍ കൂടുതല്‍ ക്വാട്ടകളില്‍ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികള്‍ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തിരഞ്ഞെടുക്കണം. പ്രവേശന നടപടികള്‍ ഒരേ കാലയളവില്‍ നടക്കുന്നതിനാല്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയാല്‍ മറ്റൊരു ക്വാട്ടയിലെക്ക് പ്രവേശനം മാറ്റാൻ സാധിക്കില്ല. അപേക്ഷിച്ചിട്ടും ഇതുവരെയും അലോട്ട്മെൻ്റ് ലഭിക്കാത്തവർക്ക് സപ്ലിമെൻ്ററി അലോട്ട്മെൻ്റില്‍ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കി നല്‍കണം.
0 Comments