2026 ജൂണ്‍ 29 , തിങ്കള്‍
1201 മിഥുനം.15
◾ വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ കൊളുക്കുമലയില്‍ 100 ഏക്കര്‍ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു. ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശമിരുന്ന സര്‍ക്കാര്‍ ഭൂമിയാണ് ഏറ്റെടുത്തത്.
◾ മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന വിഷയത്തില്‍ കേന്ദ്ര ജലവിഭവ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പില്‍ ഇന്ന് കേരളവും തമിഴ്നാടും ചര്‍ച്ച നടത്തും. മൂന്നാറില്‍ നടക്കുന്ന യോഗത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാര്‍ പങ്കെടുക്കും. 'തമിഴ്നാടിന് വെള്ളം, കേരളത്തിന് പുതിയ ഡാം' എന്ന നിലപാട് കേരളം അറിയിക്കും.
◾ സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്.
◾ വയനാട് ജില്ലയില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി. സ്വകാര്യ ബസുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്.
◾ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്.
◾ പത്തനംതിട്ട ചിറ്റാറിലെ സന്ദീപിന്റെ മരണത്തില്‍ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പ്രതികള്‍ നായാട്ട് സംഘത്തില്‍പെട്ടവരാണ്. കസ്റ്റഡിയിലുള്ളവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് നാടന്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
◾ മഹാരാഷ്ട്രയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 20 ലക്ഷം രൂപ വിലമതിക്കുന്ന 180 ഗ്രാം സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നു. പയ്യന്നൂര്‍ സ്വദേശിയായ വികാസും കുടുംബവുമാണ് ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. മംഗലാപുരത്താണ് സിനിമയെ വെല്ലുന്ന കവര്‍ച്ച നടന്നത്.
◾ പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ അമേരിക്ക-ഇറാന്‍ സംഘര്‍ഷം അവസാനിക്കുന്നു. നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാന്‍ ഇരുപക്ഷവും ധാരണയിലെത്തിയതായും, സംഘര്‍ഷം ലഘൂകരിക്കാന്‍ ഖത്തറിലെ ദോഹയില്‍ ഇന്നു സമാധാന ചര്‍ച്ച നടന്നേക്കും.
◾ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ഇറാനു മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന്‍ നിര്‍ദ്ദേശിക്കുന്ന റൂട്ട് മറികടക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
◾ ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ചര്‍ച്ച തുടങ്ങി. അമേരിക്കന്‍ വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കാന്‍ താത്പര്യമുണ്ടെന്ന് ഇറാന്‍ അറിയിച്ചു. അന്താരാഷ്ട്ര നിരക്കിനേക്കാള്‍ മുന്നോ നാലോ ഡോളര്‍ കുറഞ്ഞ നിരക്കില്‍ ഇന്ത്യയ്ക്കു ക്രൂഡ് ഓയില്‍ നല്‍കാമെന്ന് ഇറാന്‍ അറിയിച്ചെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി സെഷെല്‍സിലെ വിക്ടോറിയയില്‍ നടന്ന സുവര്‍ണ്ണ ജൂബിലി ദേശീയ ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യന്‍ സായുധ സേനയുടെ മാര്‍ച്ചിംഗ് ഗ്രൂപ്പും രണ്ട് നാവികസേനാ കപ്പലുകളും ഈ മാര്‍ച്ചില്‍ അണിനിരന്നു. സെയ്ഷെല്‍സിലെ ഇന്ത്യന്‍ സമൂഹത്തെയും മോദി ഇന്ന് കാണും.
◾ ഫ്രാന്‍സിന്റെ കിഴക്കന്‍ മേഖലയില്‍ സ്‌കൈ ഡൈവിംഗ് സംഘവുമായി പുറപ്പെട്ട വിമാനം തകര്‍ന്ന് 11 പേര്‍ക്ക് ദാരുണാന്ത്യം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും 10 യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്.
◾ പാക്കിസ്ഥാനിലെ കറാച്ചിയില്‍ നടത്തിയ ആക്രമണത്തിന് അഫ്ഗാന്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാന്റെ തിരിച്ചടി. ആക്രമണത്തില്‍ 29 ഭീകരരെ വധിച്ചതായി പാക്കിസ്ഥാന്‍ അവകാശപ്പെട്ടു. അതേസമയം, പാക്കിസ്ഥാന്‍ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവരാണു കൊലപ്പെടുത്തിയതെന്ന് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം.
◾ ആദ്യ ലോകകപ്പില്‍ തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി കായികലോകത്തെ ഞെട്ടിച്ച കേപ് വെര്‍ദെ ടീമിനെ പിടിച്ചുലച്ച് വന്‍ വിവാദം. നോക്കൗട്ട് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ നേരിടാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കേപ് വെര്‍ദെ നായകനും ഫോര്‍വേഡുമായ റയാന്‍ മെന്‍ഡെസിനെതിരെ ബലാത്സംഗക്കേസില്‍ അന്വേഷണം ആരംഭിച്ചു
◾ ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ, ലയണല്‍ മെസ്സിയെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി പ്രശംസിച്ചു. കിലിയന്‍ എംബാപ്പെയുടെ വേഗതയും കളിശൈലിയും തന്റെ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
◾ ഇന്ധന ക്ഷാമത്താല്‍ വലഞ്ഞ് റഷ്യ. ആവശ്യത്തിലധികം എണ്ണ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ശുദ്ധീകരണ ശാലകളിലേക്ക് യുക്രെയ്ന്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ റഷ്യയ്ക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയില്‍ നിന്നടക്കം പെട്രോള്‍, ഡീസല്‍ ഇറക്കുമതി നടത്തി പ്രതിസന്ധി പരിഹരിക്കാനാണ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന കമ്പനികള്‍ക്ക് നികുതി ഇളവ് നല്കുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ആവശ്യകതയുടെ 20 ശതമാനം കുറവാണ് ലഭ്യതയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ശുദ്ധീകരിച്ച എണ്ണ വാങ്ങാന്‍ റഷ്യ തീരുമാനിച്ചാല്‍ നേട്ടങ്ങള്‍ പലതാണ്. റഷ്യന്‍ എണ്ണ കൂടുതല്‍ വിലകുറച്ച് ലഭിക്കാന്‍ ഇന്ത്യയ്ക്ക് സമ്മര്‍ദ്ദം ശക്തമാക്കാം. ക്രൂഡ് കൊണ്ടുവരുന്ന കപ്പലുകളില്‍ ശുദ്ധീകരിച്ച എണ്ണ തിരിച്ചയച്ച് ചെലവ് ചുരുക്കാന്‍ സാധിക്കും. ഇന്ത്യന്‍ പൊതുമേഖല കമ്പനികള്‍ക്ക് കൂടുതല്‍ ലാഭകരമായി എണ്ണ വില്ക്കാനും സാധിക്കും.
◾ രാജ്യസുരക്ഷയടക്കം മുന്‍നിര്‍ത്തി യു.എസിലെ ട്രംപ് ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയ മിത്തോസ് 5, ഫേബിള്‍ 5 എന്നീ മോഡലുകളുടെ അതേ മികവുള്ള എഐ മോഡലുകള്‍ പുറത്തിറക്കി ജപ്പാനിലെയും ചൈനയിലെയും രണ്ട് എഐ കമ്പനികള്‍. എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ രണ്ട് മോഡലുകള്‍ക്കാണ് യു.എസ് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്. ഇതില്‍ മിത്തോസ് 5-ന്റെ നിയന്ത്രണം പിന്നീട് ഭാഗികമായി നീക്കി. ജപ്പാനിലെ പ്രമുഖ എഐ സ്റ്റാര്‍ട്ടപ്പായ സക്കാന എഐ 'ഫുഗു' എന്ന പേരിലാണ് പുതിയ എഐ മോഡല്‍ പുറത്തിറക്കിയത്. സൈബര്‍ സുരക്ഷാ ഭീമനായ 360 രണ്ട് ശക്തമായ എഐ സുരക്ഷാ സംവിധാനങ്ങളാണ് ചൈന പുറത്തിറക്കിയിട്ടുള്ളത്. ആന്ത്രോപിക്കിന്റെ മിത്തോസിനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ കഴിയുംവിധം രൂപകല്‍പ്പന ചെയ്ത തുലോങ്‌ഫെങ് ആണ് ഇതിലൊന്ന്. അതിവേഗ സൈബര്‍ പ്രതിരോധവും തത്സമയ പ്രതികരണവും ഓട്ടോമേറ്റ് ചെയ്യാന്‍ കഴിയുംവിധം രൂപകല്‍പ്പനചെയ്ത യെറ്റിയന്‍ഷെന്‍ ആണ് രണ്ടാമത്തേത്.
◾ ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി 'മെയ്ഡ് ഇന്‍ ക്യാരവാന്‍' എന്ന ചിത്രത്തിന് ശേഷം ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'മിനി ആന്‍ഡ് കൂപ്പര്‍' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. മഞ്ജു വാര്യര്‍, സംഗീത് പ്രതാപ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, അജയ് വാസുദേവ്, ജിയോ ബേബി, നോബി മര്‍ക്കോസ്, കുട്ടി അഖില്‍ തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. 'ശാന്തമീ രാത്രിയില്‍' എന്ന ചിത്രത്തിനു ശേഷം എ ഡബ്ല്യൂയു എ മൂവിസിന്റെ ബാനറില്‍ റോള്‍ഡ് തോമസ് നിര്‍മ്മിക്കുന്ന ഈ ചിത്രം പൂര്‍ണമായും ഇംഗ്ലണ്ടിലാണ് ചിത്രീകരിക്കുന്നത്. അലിസ്റ്റൈര്‍ ജോര്‍ജ് ജോണ്‍, ശാന്ത നീറ്റോ എന്നിവരാണ് സഹനിര്‍മാതാക്കള്‍. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് അവസാനം ലണ്ടനില്‍ ആരംഭിക്കും.
◾ സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി എഴുതി സംവിധാനം ചെയ്ത 'ഭരതനാട്യ'ത്തിന് മൂന്നാംഭാഗം വരുന്നു. രണ്ടാംഭാഗം 'ഭരതനാട്യം 2: മോഹിനിയാട്ടം' തിയേറ്ററില്‍ വന്‍ വിജയമായതിന് പിന്നാലെയാണ് പ്രഖ്യാപനം. 'മോഹിനിയാട്ട'ത്തിന് വന്‍ പ്രേക്ഷകസ്വീകരണമായിരുന്നു ലഭിച്ചത്. അനൗണ്‍സ്‌മെന്റ് വിഡിയോ നല്‍കുന്ന സൂചന മൂന്നാം ഭാഗമായ 'രാസലീല' ഹൊറര്‍ കോമഡി ആയിരിക്കുമെന്നാണ്. തോമസ് തിരുവല്ല ഫിലിംസിന്റേയും സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റിന്റേയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ്. സൈജു കുറുപ്പ് നായകനായ ചിത്രത്തില്‍ കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍, ദിവ്യ എം നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍, സ്വാതി ദാസ് പ്രഭു തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. രണ്ടാം ഭാഗത്തില്‍ ബേബി ജീന്‍, സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരുമെത്തി.
◾ കോംപാക്ട് എസ് യുവി വിഭാഗത്തിലെ ജനപ്രിയ മോഡലായ ബ്രെസയുടെ ഫേസ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനൊരുങ്ങി മാരുതി സുസുക്കി. നിലവില്‍ 1.5 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ് ബ്രെസയിലുള്ളത്. ഇതിനു പുറമേ 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ കൂടിയെത്തുന്നുവെന്നാണ് സൂചന. പുതിയ എന്‍ജിനൊപ്പം വിലയും കുറയുമെന്നതാണ് പ്രധാന സവിശേഷത. ഫ്രോങ്‌സില്‍ 100എച്ച്പി കരുത്തും 147എന്‍എം ടോര്‍ക്കുമാണ് ഈ ടര്‍ബോ എന്‍ജിന്‍ പുറത്തെടുക്കുന്നത്. എന്നാല്‍ ബ്രെസയില്‍ ഇതേ എന്‍ജിന്റെ ട്യൂണിങില്‍ മാറ്റം വരുത്തി കരുത്തു കൂട്ടാനാവും മാരുതി സുസുക്കിയുടെ ശ്രമം. വാഹനത്തിന് അടിയില്‍ സിഎന്‍ജി സംവിധാനം ക്രമീകരിച്ചുകൊണ്ടാവും പുതിയ ബ്രെസ എത്തുക. ചൂടുകാലത്ത് ഉപകാരപ്രദമായ വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍ ബ്രെസയുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ എത്തും. ഒരു ബട്ടണില്‍ നിയന്ത്രിക്കാവുന്ന രീതിയിലേക്ക് ഡ്രൈവര്‍ സീറ്റുകളെ മാറ്റാനും മാരുതി സുസുക്കി തയ്യാറായേക്കും.
◾ മാന്ത്രികവടി എന്ന ബാലസാഹിത്യകൃതിയിലെ കഥകളില്‍ മനുഷ്യരോടൊപ്പം മൃഗങ്ങളും പക്ഷികളും ഒക്കെയും കഥാപാത്രങ്ങള്‍ ആണ്. കഥ പറയുന്നതിനൊപ്പം ആ കഥയുടെ ഗുണപാഠവും അടയാളപ്പെടുത്തുന്നതിനാല്‍ കുട്ടികളുടെ ചിന്തകളും ഭാവനകളും നന്മയുടെയും സത്യത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാന്‍ പ്രേരകമാകുന്നു. അതിനാല്‍ മാന്ത്രികവടി കുട്ടികള്‍ക്കും അവരെ സ്നേഹിക്കുന്ന മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും. 'മാന്ത്രികവടി' കല്ലട പ്രതാപ സിംഹന്‍. സൈന്ധവ ബുക്സ്. വില 190 രൂപ.
◾ വായിലും അതിന് അനുബന്ധമായുള്ള കലകളിലും കാണപ്പെടുന്ന കാന്‍സര്‍ ആണ് ഓറല്‍ കാന്‍സര്‍. ഹെഡ് ആന്റ് നെക്ക് കാന്‍സറിന്റെ ഏറ്റവും സാധാരണമായ രൂപമാണിത്. നാവിന്റെ വശങ്ങള്‍, നാവിന്റെ അടിഭാഗം, നാവിന്റെ ഉപരിതലം, ചുണ്ട്, ചുണ്ടിന്റെ അരികുകള്‍, കവിളിന്റെ ഉള്‍ഭാഗം, തൊണ്ട, മോണ എന്നീ ഭാഗങ്ങളെയാണ് ഓറല്‍ കാന്‍സര്‍ ബാധിക്കുക. 70 ശതമാനം ഓറല്‍ കാന്‍സറിന്റെയും കാരണം പുകയിലജന്യ ഉല്‍പ്പന്നങ്ങളുടെ ഉപയോഗമാണ്. ബാക്കിയുള്ള 30 ശതമാനം കേസുകളില്‍ നമ്മുടെ ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരം, മാറിയ ജീവിത ശൈലി എന്നിവയാണ് കാരണമാകുന്നത്. ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്ന രോഗമുക്തിക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. യുഎസ്സിലെ മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ ശരീരത്തിന് വീക്കം അഥവാ ഇന്‍ഫ്ലമെഷന്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഓറല്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു. അതുപോലെ ഉയര്‍ന്ന ചൂടില്‍ പാകം ചെയ്യുന്ന അല്ലെങ്കില്‍ ഗ്രില്‍ ചെയ്തു മാംസത്തിന്റെ കരിഞ്ഞ ഭാഗം കഴിക്കുന്നതും അപകടമാണ്. തുടര്‍ച്ചയായുണ്ടാകുന്ന വായ്പ്പുണ്ണ് വായിലെ കാന്‍സറിന്റെ ലക്ഷണമാകാം. തുടര്‍ച്ചയായതും അസഹനീയമായതുമായ ദുര്‍ഗന്ധം വായിലെ കാന്‍സറിന്റെ ലക്ഷണമാകാം. അയഞ്ഞ, ഇളകുന്ന പല്ലുകള്‍ വായിലെ കാന്‍സറിന്റെ ലക്ഷണമാണ്. ചുണ്ടിനുള്ളിലോ മോണയ്ക്കുള്ളിലോ വായയ്ക്കു ചുറ്റും എവിടെയെങ്കിലുമോ ഒരു വളര്‍ച്ചയോ മുഴയോ കാണപ്പെട്ടാല്‍ അത് കാന്‍സറിനു കാരണമായവ ആയേക്കാം.
🟫
ഇന്നത്തെ വിനിമയ നിരക്ക്.
ഡോളര്‍ - 94.40, പൗണ്ട് - 124.70, യൂറോ - 107.61, സ്വിസ് ഫ്രാങ്ക് - 116.66, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 65.06, ബഹറിന്‍ ദിനാര്‍ - 250.25, കുവൈത്ത് ദിനാര്‍ -304.78, ഒമാനി റിയാല്‍ - 245.53, സൗദി റിയാല്‍ - 25.10, യു.എ.ഇ ദിര്‍ഹം - 25.70, ഖത്തര്‍ റിയാല്‍ - 25.86, കനേഡിയന്‍ ഡോളര്‍ - 66.51.
0 Comments