വാർത്തകൾ.


2026 | ജൂണ്‍ 22 , തിങ്കള്‍
1201 | മിഥുനം 8.
◾ എറണാകുളം വൈപ്പിനില്‍ കപ്പലിനു തീപ്പിടിച്ചു. വൈപ്പിന്‍ കാളമുക്കില്‍ സീ ബ്യൂ എന്ന സ്വകാര്യ ഷിപ് യാര്‍ഡിലാണ് തീപിടുത്തമുണ്ടായത്. അറ്റകുറ്റ പണിക്ക് എത്തിച്ച വിദേശ കപ്പലിനാണ് തീപിടിച്ചത്.

◾ അമ്മയില്‍ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണമെന്ന് അന്‍സിബ. ഡബ്ല്യുസിസി അംഗങ്ങള്‍ അടക്കം പിരിഞ്ഞുപോയ സ്ത്രീകളെ തിരിച്ചു കൊണ്ട് വരണം എന്നും അന്‍സിബ പ്രതികരിച്ചു. തന്റെ പ്രശ്നം പരിഹരിക്കാന്‍ അഡ്ഹോക്ക് കമ്മിറ്റിക്ക് പരിമിതികള്‍ ഉണ്ടാകാം. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അന്‍സിബ പ്രതികരിച്ചു.

◾ പ്രിയദര്‍ശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വിവേചനമാണെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. വിവേചനവും ഭരണഘടനാവിരുദ്ധതയും തെളിയിക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

◾ മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. കേരളത്തിന് സുരക്ഷ, തമിഴ് നാടിന് വെള്ളം എന്ന ആശയത്തെ ആധാരമാക്കി കരാറുണ്ടാക്കണം നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ആശങ്ക ഉണ്ടാക്കുന്ന നടപടികളാണുള്ളത്. കേരളത്തോട് വിവേചനമാണ്. അദ്ദേഹം ആരോപിച്ചു.

◾ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ട് ബസ് ഓടിച്ച കെ എസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. യാത്രക്കാരന്റെ പരാതിയിലാണ് കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അഭിജിത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടി എടുത്തത്. ലൈസന്‍സ് രണ്ടുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.


◾ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട്. അതെസമയം ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

◾ കോട്ടയത്ത് യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണെന്ന് സംശയം. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ്(42) ആണ് മരിച്ചത് ജ്യോതിഷിന് ഒപ്പം ഉണ്ടായിരുന്ന അഞ്ചു പേര്‍ ചികിത്സയില്‍ തുടരുന്നു. ശനിയാഴ്ച ഇവര്‍ പരിപ്പ് എന്ന സ്ഥലത്തെ ഷാപ്പില്‍ നിന്ന് മീന്‍തല കറിയും കള്ളും കഴിച്ചിരുന്നു.

◾ സൗദി അറേബ്യയിലെ ജുബൈലിന് സമീപം അബൂഹദ്രിയ്യ റോഡില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ചെട്ടിപ്പടി സ്വദേശി മേമ്പാട്ട് പറമ്പില്‍ അബ്ദുന്നാസര്‍ (48) ആണ് മരിച്ചത്.

◾ പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്കു കൂടുതല്‍ പലിശ. തെരഞ്ഞെടുത്ത നോണ്‍- റെസിഡന്റ് എക്‌സ്റ്റേണല്‍, ഫോറിന്‍ കറന്‍സി നോണ്‍-റെസിഡന്റ് എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങളുടെ പലിശ നിരക്കിലെ നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് താല്‍ക്കാലിക ഇളവ് വരുത്തി. ഇതോടെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഉയര്‍ന്ന പലിശ നല്‍കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും.

◾ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ മൂന്നു വര്‍ഷത്തേക്കു കൂടി നീട്ടി. കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റി ആണ് ജൂലൈ ഒന്നു മുതല്‍ മൂന്നുവര്‍ഷത്തേക്കു കൂടി തുഷാര്‍ മേത്തയെ പുനര്‍നിയമിച്ചത്.

◾ 250 കിലോമീറ്റര്‍ വേഗതയില്‍ ചീറിപ്പായുന്നതിനിടെ ആഡംബര കാര്‍ ഡിവൈഡറില്‍ ഇടിച്ച് രണ്ടു പേര്‍ കൊല്ലപ്പെട്ടു. മൃതദേഹ ഭാഗങ്ങളും എന്‍ജിനും റോഡില്‍ ചിതറിയ നിലയില്‍. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുണ്ടായ വാഹനാപകടത്തിലാണ് യുവതി ഉള്‍പ്പെടെയുള്ളവര്‍ മരിച്ചത്.

◾ അയോധ്യ സംഭാവന തട്ടിപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. അന്തിമ റിപ്പോര്‍ട്ട് ഞായറാഴ്ച നല്‍കും. പണാപഹരണം ഏറ്റവുമധികം നടന്നത് ഇക്കഴിഞ്ഞ കുംഭമേളക്കാലത്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

◾ തൂത്തുക്കുടി ജില്ലയുടെ ചില ഭാഗങ്ങളില്‍ ഇന്നലെ അതിശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. ഇതേതുടര്‍ന്ന് വീടുകള്‍, നിരവധി തട്ടുകടകളും ചെറിയ കടകളും, ഒരു ടോള്‍ പ്ലാസ, ഒരു സ്വകാര്യ തീം പാര്‍ക്ക് എന്നിവിടങ്ങളില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്.

◾ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഡ്രോണുകള്‍ വര്‍ഷിച്ച് യുക്രൈന്റെ തിരിച്ചടി. ആക്രമണത്തിനു പിറകേ മോസ്‌കോയിലെ നാല് വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു. യുക്രെയിന്റെ 59 ഡ്രോണുകള്‍ വെടിവെച്ചിട്ടതായി മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ വെളിപ്പെടുത്തി.

◾ അമേരിക്കയും ഇറാനും തമ്മില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആരംഭിച്ച നിര്‍ണായക സമാധാന ചര്‍ച്ചാ വേദിയില്‍നിന്ന് ഇറേനിയന്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയി. സമാധാന ചര്‍ച്ചകള്‍ക്കെത്തിയ അമേരിക്കന്‍ സംഘത്തിനൊപ്പം ഫോട്ടോയെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി പ്രസ്താവനയാണു പ്രകോപനത്തിനു കാരണം.

◾ സിന്ധുനദീജല വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാടുകള്‍ക്കെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഭീഷണിപ്പെടുത്തി. ഇന്ത്യ 1960-ലെ സിന്ധുനദീജല കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ക്കിടയിലാണ് ഈ പ്രകോപനപരമായ പ്രസ്താവന.

◾ ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനിലെ ഫാക്ടറിയില്‍ ഉഗ്ര സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ എണ്ണം 54 ആയി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദ്രവീകൃത പ്രകൃതിവാതക ഉല്‍പാദന-കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണിത്. അപകടത്തില്‍ 18 ജീവനക്കാരെ കാണാതായി.

◾ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള പുതിയ സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം ഇറക്കുമതി തീരുവയില്‍ വലിയ ഇളവുകള്‍ വരുന്നു. ഈ കരാര്‍ നിലവില്‍ വരുന്നതോടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഒലീവ് ഓയില്‍, ചോക്ലേറ്റുകള്‍, മദ്യം തുടങ്ങിയ നിരവധി യൂറോപ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വില കുറയും.

◾ ഫിഫ ലോക കപ്പ് ഫുട്ബോളില്‍ ന്യൂസിലന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കു തോല്പിച്ച് ഈജിപ്ത്. ബെല്‍ജിയം ഇന്നലെ സമനിലയില്‍ കുരുങ്ങിയതോടെ ഗ്രൂപ്പ് ജിയില്‍ ഈജിപ്ത് ഒന്നാം സ്ഥാനത്താണ്. ലോകകപ്പിലെ ആദ്യ വിജയമാണു സലയും സംഘവും നേടിയത്.

◾ വിശ്വവേദിയില്‍ വീണ്ടും വിസ്മയമായി കേപ് വര്‍ദെ. ഗ്രൂപ്പ് എച്ച്- ല്‍ നടന്ന മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ഉറുഗ്വായ്യെ 2 - 2 നാണ് കേപ് വര്‍ദെ തോല്പിച്ചത്.

◾ ഗ്രൂപ്പ് ജെ യില്‍ അര്‍ജന്റീന ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ഓസ്ട്രിയയാണ് എതിരാളികള്‍. അള്‍ജീരിയയുമായുള്ള ആദ്യ മത്സരത്തില്‍ മെസിയുടെ ഹാട്രിക് മികവില്‍ അര്‍ജന്റീന മികച്ച വിജയം നേടിയിരുന്നു.

◾ ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതി സര്‍വകാല റെക്കോഡില്‍. 8.46 ബില്യണ്‍ (73,890.46 കോടി രൂപ) യു.എസ് ഡോളറിലെത്തിയതില്‍ കേരളത്തിനും വലിയ പങ്കുണ്ട്. 2025-26 സാമ്പത്തിക വര്‍ഷം രാജ്യത്തുനിന്ന് 73,890.46 കോടി രൂപ (8.46 ബില്യണ്‍) വിലമതിക്കുന്ന 19,72,018 മെട്രിക് ടണ്‍ സമുദ്രോല്‍പന്നങ്ങളാണ് കയറ്റിയയച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വളര്‍ച്ച. കേരളത്തിന്റെ വരുമാനത്തിലുണ്ടായത് 17 ശതമാനം വളര്‍ച്ചയാണ്. ഈ വര്‍ഷം കേരളത്തില്‍ നിന്ന് 1,94,224 മെട്രിക് ടണ്‍ ഉല്‍പന്നങ്ങള്‍ കയറ്റിയയച്ചതിലൂടെ 8466.77 കോടി രൂപയുടെ വരുമാനം നേടി. മുന്‍ വര്‍ഷത്തേക്കാള്‍ 1525.41 കോടി രൂപ അധികം. രാജ്യത്തെ മൊത്തം സമുദ്രോല്‍പന്ന കയറ്റുമതിയുടെ 10 ശതമാനം കൊച്ചി തുറമുഖത്തുനിന്നാണ്. വിശാഖപട്ടണവും മുംബൈയും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനമാണ് കൊച്ചിക്കുള്ളത്. 49,037.93 കോടി രൂപയുടെ വരുമാനം ശീതീകരിച്ച ചെമ്മീനില്‍ നിന്നുണ്ടായി. കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തുള്ള ശീതീകരിച്ച മത്സ്യം 5,658.37 കോടി രൂപ വരുമാനം നേടി. മൂന്നാമതുള്ള ഉണക്ക മത്സ്യം 5,079.09 കോടി രൂപ നേടി.

◾  നിര്‍മിതബുദ്ധിയും റോബോട്ടുകളും മനുഷ്യന്റെ ജോലി ഇല്ലാതാക്കുമോ എന്ന ലോകമെമ്പാടുമുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ചരിത്രപരമായ പ്രഖ്യാപനവുമായി പ്രമുഖ റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പായ 'ഫിഗര്‍ എ.ഐ'. ഈ കമ്പനിയില്‍  മനുഷ്യ ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ റോബോട്ടുകള്‍ 'ജോലി' ചെയ്യുന്നുണ്ടെന്ന് ഫിഗര്‍ എ.ഐ സി.ഇ.ഒ ബ്രെറ്റ് ആഡ്‌കോക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ 'ഹെഡ്കൗണ്ട് വേഴ്സസ് റോബോട്ടുകള്‍' എന്ന ഗ്രാഫും പങ്കുവെച്ചു. പെട്ടികളില്‍ അടുക്കിവെച്ചിരിക്കുന്ന ഡസന്‍കണക്കിന് ഹ്യൂമനോയിഡ് റോബോട്ടുകളുടെ ചിത്രം പങ്കുവെച്ച് 'പവര്‍ ഓണ്‍' എന്നും അദ്ദേഹം കുറിച്ചു. 2022 മുതല്‍ 2026 ന്റെ രണ്ടാം പാദത്തോടെ ഏകദേശം 740ല്‍ എത്തിനില്‍ക്കുകയുമാണ് റോബോട്ടുകളുടെ എണ്ണം.  എന്നാല്‍ മനുഷ്യ ജീവനക്കാരുടെ എണ്ണം 2022 മുതല്‍ നിലവില്‍ 650 മുതല്‍ 660 വരെ മാത്രമാണ്. ചുരുക്കത്തില്‍, മനുഷ്യരേക്കാള്‍ വളരെ വേഗത്തിലാണ് ഫിഗര്‍ എ.ഐയില്‍ റോബോട്ടുകള്‍ തസ്തികകള്‍ കീഴടക്കുന്നത്. വരും നാളുകളില്‍ ഈ വ്യത്യാസം ഇനിയും വര്‍ധിക്കുമെന്നാണ് ഗ്രാഫിന്റെ സൂചനകള്‍ നല്‍കുന്നത്.

◾  ടിയാന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ ഒരുക്കുന്ന ചിത്രമാണ് 'അനന്തന്‍ കാട്'. തമിഴ് നടന്‍ ആര്യ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ വരുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ട്. ചിത്രത്തില്‍ മുരളി ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്‌സ് വിഡിയോ പുറത്ത് വിട്ടു. തങ്കരാജ് പൊന്നപ്പന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മുരളി ഗോപിയെത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന രംഗത്തില്‍, കോളേജില്‍ വന്ന വിദ്യാര്‍ത്ഥിയുടെ കയ്യിലെ ചരടും നെറ്റിയിലെ കുറിയും കളയാന്‍ നിങ്ങളാരാണ് എന്നാണ് മുരളി ഗോപിയുടെ കഥാപാത്രം ചോദിക്കുന്നത്. ഇത് പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഇട വരുത്തിയിട്ടുണ്ട്. നിഖില വിമല്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, റെജീന കാസന്‍ഡ്ര, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

◾  ഉര്‍വശി, നവ്യ നായര്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന പുതിയ ചിത്രം 'വിസിറ്റര്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. രാഹുല്‍ മുരളീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഔറിക ഫിലിംസ് ബാനറില്‍ അബ്ദുല്‍ ഗഫൂറാണ്. അനൂപ് ഹോര്‍മീസ്, അനില്‍ തമലം എന്നിവര് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. നീതു മാത്യു ആണ് ചിത്രം രചിച്ചിരിക്കുന്നത്. ഹൊറര്‍ ചിത്രമായാണ് 'വിസിറ്റര്‍' ഒരുക്കുന്നത്. സിദ്ധാര്‍ഥ് ഭരതന്‍, റോണി ഡേവിഡ്, മധു വാര്യര്‍, വിഷ്ണു ജി വാര്യര്‍, കെ പി എ സി ലീല, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും. ഉര്‍വശി, നവ്യ നായര്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കുന്നത്.

◾  സുസുക്കി തങ്ങളുടെ ജനപ്രിയ ഓഫ്-റോഡ് എസ്യുവിയായ ജിംനിയുടെ ഏറ്റവും വിലയേറിയതും എക്‌സ്‌ക്ലൂസീവുമായ പതിപ്പ് ഓസ്‌ട്രേലിയയില്‍ പുറത്തിറക്കി. ജിംനി എക്‌സ്എല്‍ റിനോ സ്പെഷ്യല്‍ എഡിഷന്‍ എന്നാണ് ഇതിന്റെ പേര്. ഇന്ത്യയില്‍ മാരുതി സുസുക്കി ജിംനി എന്ന  അഞ്ച് ഡോറുകളുള്ള ജിംനി എക്‌സ്എല്ലിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്ന തരത്തില്‍ കമ്പനി നിരവധി പുതിയ കോസ്‌മെറ്റിക് അപ്‌ഡേറ്റുകള്‍, എക്‌സ്‌ക്ലൂസീവ് സവിശേഷതകള്‍, പ്രത്യേക ആക്‌സസറി പാക്കേജുകള്‍ എന്നിവ ചേര്‍ത്തിട്ടുണ്ട്. കൈനറ്റിക് യെല്ലോ നിറത്തിലും പേള്‍ ബ്ലാക്ക് റൂഫിലും മാത്രമേ ഈ പ്രത്യേക പതിപ്പ് ലഭ്യമാകൂ. മെക്കാനിക്കല്‍ കാര്യങ്ങളില്‍ എസ്യുവി അതേപടി തുടരുന്നു. 101 കുതിരശക്തി ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉപയോഗിച്ച് ഇത് വാങ്ങാം. ഈ പതിപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ റിനോ ഗോ പായ്ക്കാണ്.

◾  മഹാമാന്ത്രികന്‍ സാരംഭന്റെ പുനര്‍ജന്മം പ്രഹ്ലാദനും സാക്ഷാല്‍ ആദിപരാശക്തിയുടെ അംശാവതാരം പൂര്‍വികയും ഇവിടെ സുഹൃത്തുക്കളാണ്. നാം സഞ്ചരിക്കാന്‍ പോകുന്ന മഹായാനം പത്മവനത്തിലെ മന്ത്രവാദിയുടെ ജീവിതമാണ്. അവനു ചുറ്റും നമുക്ക് ചിരപരിചിതരായ ദൈവങ്ങളുണ്ടാകും. രാത്രിയുടെ യാമങ്ങളില്‍ നമ്മളില്‍ ചിലരെങ്കിലും ഭയന്ന് തിരിഞ്ഞു നടന്നിട്ടുള്ള പ്രേതങ്ങളുണ്ടാകും. മന്ത്രവാദിയായൊരുത്തന്‍ ആരെ ഭയപ്പെടാനാണ്... 'മഹാ വീര്യം'. ഗ്രീഷ്മ ടി.എം. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 361 രൂപ.

◾  
പ്രോട്ടീന്‍, വിറ്റാമിന്‍ ബി 12, കോളിന്‍ തുടങ്ങി നിരവധി അവശ്യ പോഷകങ്ങള്‍ നിറഞ്ഞതാണെങ്കിലും പലരും കൊളസ്ട്രോള്‍ പേടിച്ച് മുട്ടയെ അകറ്റിനിര്‍ത്താറുണ്ട്. അഥവാ മുട്ട കഴിച്ചാലും മുട്ടയുടെ മഞ്ഞ ഒഴിവാക്കി വെള്ള മാത്രമാണ് കഴിക്കുക. ഒരു ശരാശരി വലിപ്പമുള്ള മുട്ടയില്‍ 207 മില്ലിഗ്രാം ഡയറ്ററി കൊളസ്ട്രോളാണ് അടങ്ങിയിരിക്കുന്നത്. ഇത് നേരത്തെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നിര്‍ദ്ദേശിച്ച ദൈനംദിന പരിധിയുടെ മൂന്നില്‍ രണ്ട് ഭാഗം വരും. എന്നാല്‍ ഡയറ്ററി കൊളസ്ട്രോളും രക്തത്തിലെ കൊളസ്ട്രോളും ഒന്നല്ല, രണ്ടാണ്. ഡയറ്ററി കൊളസ്ട്രോള്‍ ഒരുകാലത്ത് ഹൃദ്രോഗത്തിന് കാരണമാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ 2019 ലെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ സയന്‍സ് അഡൈ്വസറി റിപ്പോര്‍ട്ട്, ഡയറ്ററി കൊളസ്ട്രോളും ഹൃദയ സംബന്ധമായ അപകടസാധ്യതയും തമ്മിലുള്ള ബന്ധത്തെ ഗവേഷണം പിന്തുണയ്ക്കുന്നില്ലെന്ന് കണ്ടെത്തി. മുട്ട കഴിക്കാനും സമയമുണ്ട്. പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ മുട്ട ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് കൊഴുപ്പും പ്രോട്ടീനും കൂടുതല്‍ കാര്യക്ഷമമായി പ്രോസസ്സ് ചെയ്യാന്‍ സഹായിക്കുന്നു. രാത്രി വൈകി മുട്ട കഴിക്കുന്നത് ഒരുപക്ഷെ അസിഡിറ്റി, വയറു വീര്‍ക്കല്‍ എന്നിവ അനുഭവപ്പെടാന്‍ കാരണമാകും. മുട്ടയിലുള്ള വിറ്റാമിന്‍ എ, ബി 12, സെലിനിയം എന്നിവ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു.
🟫
ഇന്നത്തെ വിനിമയ നിരക്ക്.
ഡോളര്‍ - 94.73, പൗണ്ട് - 124.90, യൂറോ - 108.41, സ്വിസ് ഫ്രാങ്ക് - 117.12, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.27, ബഹറിന്‍ ദിനാര്‍ - 251.40, കുവൈത്ത് ദിനാര്‍ -306.73, ഒമാനി റിയാല്‍ - 246.36, സൗദി റിയാല്‍ - 25.24, യു.എ.ഇ ദിര്‍ഹം - 25.71, ഖത്തര്‍ റിയാല്‍ - 26.01, കനേഡിയന്‍ ഡോളര്‍ - 66.81.

Post a Comment

0 Comments