2026 | മേയ് 7, വ്യാഴം
◾
ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യന്‍ സൈന്യം സമാനതകളില്ലാത്ത ധൈര്യവും കൃത്യതയും ദൃഢനിശ്ചയവും പ്രകടിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹാല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന്റെ ഒന്നാം വാര്‍ഷികത്തില്‍ സൈനികരെ അഭിവാദ്യം ചെയ്ത് മോദി എക്സില്‍ കുറിച്ചു.
◾ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി. ഞായറാഴ്ച മുഖ്യമന്ത്രി ആരെന്നു പ്രഖ്യാപിക്കും. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അവതരിപ്പിച്ചു. വി.ഡി. സതീശന്‍ പിന്താങ്ങി. കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും കോണ്‍ഗ്രസ് എംഎല്‍എമാരെ ഒറ്റയ്ക്കു കണ്ടു നിലപാടുകള്‍ ആരാഞ്ഞു.
◾ കേരളത്തില്‍ മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടിക വൈകും. ഹൈക്കമാന്‍ഡിന്റെ മേല്‍നോട്ടത്തിലാകും മന്ത്രിമാരെ തീരുമാനിക്കുക. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങള്‍ നോക്കരുതെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി.
◾ മാധ്യമപ്രവര്‍ത്തകന്‍ വിക്ടര്‍ ജോസഫ് (41) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ത്യാവിഷന്‍, മനോരമ ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. സംസ്‌കാരം നാളെ കണ്ണൂര്‍ പയ്യാവൂരില്‍.
◾ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി മക്കയിലെത്തുന്ന ഇന്ത്യന്‍ സംഘത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ഇന്ത്യന്‍ ഹജ്ജ് മിഷന്‍. ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന്റെ നേതൃത്വത്തില്‍ ഹറമൈന്‍ റെയില്‍വേ സ്റ്റേഷനിലും താമസ കെട്ടിടങ്ങളിലും പരിശോധന നടത്തി, തീര്‍ത്ഥാടകര്‍ക്ക് സുഗമമായ അനുഭവം ഉറപ്പാക്കി.
◾ ഭീകരതയ്ക്കെതിരെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് സേനാ മേധാവികള്‍. ഓപ്പറേഷന്‍ സിന്ദൂരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പഹല്‍ഗാമില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരമേകി സൈനിക മേധാവികള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. മുന്‍ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായി, മുന്‍ ഡിഡിഎഒ എയര്‍ മാര്‍ഷല്‍ അവധേഷ് കുമാര്‍ ഭാരതി, ഡിജിഎന്‍ഒ വൈസ് അഡ്മിറല്‍ എഎന്‍ പ്രമോദ്, ലെഫ്ജനറല്‍ സുബിന്‍ മിനിവാള്‍ എന്നിവര്‍ ആണ് വാര്‍ത്ത സമ്മേളനം നടത്തിയത്.
◾ ബംഗാളില്‍ മമത ബാനര്‍ജിയുടെ വിശ്വസ്തരായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥാനമൊഴിഞ്ഞു. സംസ്ഥാനത്തെ മുന്‍ ചീഫ് സെക്രട്ടറിമാരായ ആലാപന്‍ ബന്ദോപാധ്യായ, എച്ച്.കെ. ദ്വിവേദി എന്നിവര്‍ 'മുഖ്യ ഉപദേശക' സ്ഥാനങ്ങള്‍ രാജിവച്ചു. ഇവര്‍ക്കു പുറമെ മമതയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് പന്ത്, സാമ്പത്തിക വിദഗ്ധനായ അഭിരൂപ് സര്‍ക്കാര്‍ എന്നിവരും രാജിവെച്ചു. അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത നേരത്തെ തന്നെ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു.
◾ സ്ത്രീസുരക്ഷയുടെ യഥാര്‍ത്ഥ അവസ്ഥ പരിശോധിക്കാന്‍ മഫ്ടിയില്‍ ബസ് സ്റ്റാന്‍ഡിലെത്തിയ വനിതാ പൊലീസ് കമ്മീഷണറെ ശല്യം ചെയ്ത നാല്‍പതോളം പുരുഷന്മാരെ പോലീസ് പിടികൂടി. ഹൈദരാബാദിലെ മല്‍ക്കാജ്ഗിരി പൊലീസ് കമ്മീഷണര്‍ വി. സുമതിയാണ് ദില്‍സുഖ്‌നഗര്‍ ബസ് സ്റ്റാന്‍ഡില്‍ പൂവാലന്മാരെ പിടികൂടാന്‍ അര്‍ദ്ധരാത്രി 12:30 മുതല്‍ പുലര്‍ച്ചെ 3:30 വരെ കെണിയൊരുക്കി നിന്നത്. കമ്മീഷണറാണെന്ന് അറിയാതെ അശ്ലീലം സംസാരിക്കുകയും കൂടെ വരുന്നോയെന്നു ക്ഷണിക്കുകയും ചെയ്തവരെ പിടികൂടി കൗണ്‍സലിംഗ് നല്‍കി വിട്ടയച്ചു.
◾ തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന് സമീപം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയിലെ ഹമാസ് തലവന്റെ മകന്‍ ഖലില്‍ അല്‍-ഹയ്യയുടെ മകന്‍ അസം അല്‍-ഹയ്യക്കു ഗുരുതരമായി പരിക്കേറ്റു. ഹമാസ് അംഗങ്ങളായ അഞ്ചു പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് പറയുന്നു.
◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 30 രൂപ വര്‍ധിച്ച് പുതുക്കിയ വിപണി വില 13,975 രൂപയായി. ഒരു പവന് വില 240 രൂപ കൂടി 1,11,800 രൂപയിലേക്ക് എത്തിച്ചേര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് വില 25 രൂപ ഉയര്‍ന്ന് 11,485 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന്റെ വിപണി വില 20 രൂപ വര്‍ധിച്ച് 8,945 രൂപയായും രേഖപ്പെടുത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 10 രൂപ ഉയര്‍ന്ന് വില 5,765 രൂപയായും പുതുക്കി നിശ്ചയിച്ചു. അതുപോലെ വെള്ളിയുടെ നിരക്കുകളിലും ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 5 രൂപ വര്‍ധിച്ച് പുതുക്കിയ വില 270 രൂപയായി. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വില ഔണ്‍സിന് 4,700 ഡോളറിന് മുകളിലേക്ക് എത്തിച്ചേര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 തവണയാണ് കേരളത്തിലെ സ്വര്‍ണ വിലയില്‍ വര്‍ധന കുറിച്ചത്. ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് ജ്വല്ലറികളില്‍ 1,21,077 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനില്‍ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം നേരിടാം.
◾ ഐടി രംഗത്തെ മുന്‍നിരക്കാരായ കോഗ്നിസന്റ് ജീവനക്കാരില്‍ 12,000 മുതല്‍ 15,000 പേരെ പിരിച്ചുവിടുന്നു. ഇന്ത്യയിലാകും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുക. നിലവില്‍ 3,57,000 ജീവനക്കാര്‍ കമ്പനിക്ക് ആഗോളതലത്തിലുണ്ട്. ഇതില്‍ 2,50,000 ജോലിക്കാരും ഇന്ത്യയിലാണ്. പിരിച്ചുവിടല്‍ ആനുകൂല്യങ്ങള്‍ നല്കാന്‍ വേണ്ടി മാത്രം കോഗ്നിസന്റ് ഇന്ത്യയ്ക്ക് 230-320 മില്യണ്‍ ഡോളര്‍ ചെലവാകും. ഇന്ത്യയില്‍ കോഗ്നിസന്റ് ജീവനക്കാരുടെ വാര്‍ഷിക ശമ്പളം 15 ലക്ഷം രൂപയ്ക്ക് മുകളിലാണ്. പിരിച്ചുവിടപ്പെടുന്ന ഓരോ ജീവനക്കാരനും 7.5 ലക്ഷം രൂപ വരെ ലഭിക്കും. പ്രൊജക്ട് ലീപ് എന്നു പേരിട്ടിരിക്കുന്ന പിരിച്ചുവിടല്‍ പദ്ധതി പ്രകാരം കോടികള്‍ നഷ്ടപരിഹാരമായി നല്‌കേണ്ടി വരും. ആമസോണ്‍, മെറ്റ തുടങ്ങി വന്‍കിട കമ്പനികള്‍ അടുത്തിടെ വലിയ തോതില്‍ ജീവനക്കാരുടെ പിരിച്ചുവിടലിന് തുടക്കമിട്ടിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തിലേക്ക് ഐടി കമ്പനികള്‍ മാറുന്നതിന്റെ ഫലമായാണ് മാറ്റം.
◾ ബജാജ് ഓട്ടോ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അവഞ്ചര്‍ സ്ട്രീറ്റ് 220 ഉള്‍പ്പെടുത്തി. ഈ മാസം അവസാനത്തോടെ ബൈക്ക് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ അവഞ്ചര്‍ ക്രൂയിസ് 220 മോഡലിന് 1.29 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില. പുതിയ സ്ട്രീറ്റ് 220ന് ഇതിനേക്കാള്‍ കുറഞ്ഞ വിലയായിരിക്കും. ഇതിന് പുറമേ അവഞ്ചര്‍ സ്ട്രീറ്റ് 160 മോഡല്‍ ഇന്ത്യയില്‍ ബജാജ് നിര്‍ത്തലാക്കിയതായാണ് സൂചന. കാരണം ഈ മോഡല്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. നിലവില്‍ ക്രൂയിസ് 220, സ്ട്രീറ്റ് 220 എന്നീ രണ്ട് അവഞ്ചര്‍ മോഡലുകള്‍ മാത്രമാണ് വെബ്സൈറ്റിലുള്ളത്. ക്രൂയിസ് 220-ല്‍ ഉപയോഗിച്ചിരിക്കുന്ന അതേ 220സിസി, എയര്‍/ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഇതിലുമുള്ളത്. ഇത് 8,500 ആര്‍പിഎമ്മില്‍ 19 ബിഎച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 17.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. എബണി ബ്ലാക്ക്, കോക്ടെയില്‍ വൈന്‍ റെഡ് എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാകും.
◾ ജീവിതദുഃഖത്തിന്റെ പൊരുള്‍ തേടി രാജകീയസുഖങ്ങളില്‍ നിന്ന് സത്യാന്വേഷണത്തിലേക്ക് സഞ്ചരിച്ച സിദ്ധാര്‍ത്ഥന്റെ ആത്മാന്വേഷണ യാത്രയാണ് ഈ പുസ്തകം പറയുന്നത്. ബോധോദയത്തില്‍ നിന്ന് ലോകശാന്തിയിലേക്കുള്ള ബുദ്ധന്റെ യാത്രയുടെ സൂക്ഷ്മാംശങ്ങള്‍ ഇവിടെ അനാവരണം ചെയ്യുന്നു. അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ജീവിതത്തെ പുതുഅര്‍ത്ഥത്തില്‍ കാണാനും മനസ്സിന്റെ ശാന്തി കണ്ടെത്താനും ആഗ്രഹിക്കുന്നവര്‍ക്കുള്ള ആത്മീയയാത്രയായിരിക്കും ഇതിന്റെ വായന. ദുഃഖം, അനിത്യത, കരുണ, ബോധോദയം തുടങ്ങി ബുദ്ധദര്‍ശനത്തിന്റെ നാളിതുവരെ പ്രസക്തമായ സന്ദേശങ്ങള്‍ ഹൃദയത്തില്‍ തൊടുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. 'മധ്യമാര്‍ഗം - ശ്രീബുദ്ധന്റെ ജീവിതവും ദര്‍ശനവും'. രാജന്‍ ചെറുകാട്. ജിവി ബുക്സ്. വില 309രൂപ.
◾ കൊതുകുനിവാരണ ക്രീമുകള്‍ മിതത്വം പാലിച്ച് ശരിയായി ഉപയോഗിച്ചാല്‍ ചര്‍മത്തില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ഗവേഷകര്‍. ഇതിലെ പ്രധാന ഘടകങ്ങളായ ഡീറ്റ്, പിക്കാരിഡിന്‍ തുടങ്ങിയവയെക്കുറിച്ച് നടന്ന പഠനങ്ങളില്‍ ഇവ ആരോഗ്യത്തിന് സുരക്ഷിതമാണെന്ന് തെളിയിഞ്ഞിട്ടുണ്ട്. എങ്കിലും അമിതമായ ഉപയോഗം ചര്‍മത്തില്‍ അസ്വസ്ഥതകള്‍ക്ക് കാരണമായേക്കാം. സെന്‍സിറ്റീവ് ചര്‍മമുള്ളവരിലും എക്സിമ പോലുള്ള അസുഖങ്ങളുള്ളവരിലും നേരിയ തോതിലുള്ള ചുവന്ന പാടുകളോ ചൊറിച്ചിലോ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുറത്തു കാണുന്ന ചര്‍മത്തില്‍ മാത്രം മിതമായ അളവില്‍ ക്രീം പുരട്ടണമെന്നും മുറിവുകളുള്ള ഭാഗങ്ങളില്‍ ഉപയോഗിക്കരുതെന്നും വിദഗ്ധര്‍ വ്യക്തമാക്കി. മുഖത്ത് പുരട്ടുമ്പോള്‍ കണ്ണിലും വായിലും പോകാതെ ശ്രദ്ധിക്കുകയും വേണം. മാത്രമല്ല, പ്രകൃതിദത്തമെന്ന് അവകാശപ്പെടുന്ന ഹെര്‍ബല്‍ ക്രീമുകള്‍ക്ക് കൊതുകുകളെ ദീര്‍ഘനേരം അകറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും വിദഗ്ധര്‍ പറയുന്നുണ്ട്. പുറത്തുപോയി തിരിച്ചെത്തിയാല്‍ ചര്‍മ്മം നന്നായി കഴുകി ക്രീം നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. ശരിയായ രീതിയിലുള്ള ഉപയോഗം പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികളില്‍ നിന്ന് മികച്ച സംരക്ഷണം നല്‍കുകയും ചെയ്യും.
ഇന്നത്തെ വിനിമയ നിരക്ക്.
ഡോളര്‍ - 94.71, പൗണ്ട് - 128.78, യൂറോ - 111.34, സ്വിസ് ഫ്രാങ്ക് - 121.64, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.67, ബഹറിന്‍ ദിനാര്‍ - 250.95, കുവൈത്ത് ദിനാര്‍ -307.67, ഒമാനി റിയാല്‍ - 246.29, സൗദി റിയാല്‍ - 25.20, യു.എ.ഇ ദിര്‍ഹം - 25.76, ഖത്തര്‍ റിയാല്‍ - 25.98, കനേഡിയന്‍ ഡോളര്‍ - 69.47.

0 Comments