വാര്‍ത്തകള്‍@7 പി.എം.



2026 | മേയ് 18, തിങ്കള്‍ 


◾  നിയമസഭാ സമ്മേളനം മേയ് 21 ന് ആരംഭിക്കാന്‍ ഗവര്‍ണര്‍ക്കു ശുപാര്‍ശ ചെയ്തു. 21 ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്തും. 22 ന് സ്പീക്കറെ തെരഞ്ഞെടുക്കും. 29 നു നയപ്രഖ്യാപന പ്രസംഗം നടത്തും. ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി തെരെഞ്ഞെടുക്കും. അഡ്വ. ജയ്ജു ബാബുവിനെ അഡ്വ ജനറലായി നിയമിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി ടി. അസഫലിയെ നിയമിക്കും.

◾  മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മോദി ഉറപ്പു നല്‍കി. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ പുതിയ കേരള ഗവണ്‍മെന്റിന് കേന്ദ്ര ഗവണ്‍മെന്റ് എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്ന് മോദി എക്സില്‍ കുറിച്ചു.

◾  റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ അഗ്നിബാധ. ബിഹാറിലെ സാസാരാം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാറ്റ്നയിലേക്ക് പുറപ്പെട്ട ഭഭുവ-സാസാരാം-പട്ന ഇന്റര്‍സിറ്റി ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനിലെ കോച്ചിന്റെ ശുചിമുറിയില്‍ നിന്നാണ് തീ പടര്‍ന്നത്. നിരവധി യാത്രക്കാര്‍ കോച്ചില്‍ ഇരിപ്പുറപ്പിച്ചിരുന്നു. പുക ഉയര്‍ന്നതോടെ എല്ലാവരും പുറത്തേക്ക് ഇറങ്ങിയോടി.

◾  പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ യുവാവ് കഴുത്തറത്തു കൊലപ്പെടുത്തി. പ്രതിയായ യുവാവിനെ ആള്‍ക്കൂട്ടം ഓടിച്ചിട്ടു പിടികൂടി തല്ലിക്കൊന്നു. തെലങ്കാനയിലെ ജഡ്ചേര്‍ലയിലാണ് സംഭവം. സ്വകാര്യസ്‌കൂളില്‍ റിസപ്ഷനിസ്റ്റായ വൈഷ്ണവി(21)യെയാണ് തേജ എന്ന യുവാവ് കൊലപ്പെടുത്തിയത്. ആള്‍ക്കൂട്ട മര്‍ദനത്തില്‍ മാരകമായി പരിക്കേറ്റ തേജ ആശുപത്രിയില്‍ മരിച്ചു.

◾  വ്യോമാഭ്യാസ പ്രകടനത്തിനിടെ യുഎസ് നേവിയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അഗ്നിഗോളമായി. വിമാനങ്ങളിലെ പൈലറ്റുമാര്‍ ഇജക്ട് ചെയ്ത് രക്ഷപ്പെട്ടു. അമേരിക്കയിലെ ഇദാഹോയില്‍ നടന്ന വ്യോമാഭ്യാസ പ്രകടനത്തിനിടെയാണ് യുഎസ് നാവികസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ചത്.

◾  നൈജീരിയയിലെ ബോര്‍ണോ സ്റ്റേറ്റില്‍ മൂന്ന് സ്‌കൂളുകളിലെ അമ്പതിലധികം കുട്ടികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. കാണാതായവരില്‍ ഭൂരിഭാഗവും അഞ്ചു വരെ വയസുള്ള കുട്ടികളാണ്. സായുധ സംഘങ്ങള്‍ ആക്രമണത്തിനു ശേഷമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്.  

◾  തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ലെവല്‍ ക്രോസിംഗില്‍ ബസിലേക്ക് ഗുഡ്സ് ട്രെയിന്‍ ഇടിച്ച് കയറി എട്ടു പേര്‍ മരിച്ചു. 32 ലേറെ പേര്‍ക്ക് ഗുരുതര പരിക്ക്. അസോക്ദിന്‍ ഡേങ് റോഡില്‍ എയര്‍പോര്‍ട്ട് റെയില്‍ ലിങ്കിന്റെ മക്കസാന്‍ സ്റ്റേഷനു സമീപമുള്ള റെയില്‍വേ ക്രോസിംഗിലുണ്ടായ അപകടത്തില്‍ ബസ് കത്തിച്ചാമ്പലായി.

◾  കേരളത്തില്‍ നിന്നൊരു വമ്പന്‍ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) വരുന്നു. പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എന്‍ബിഎഫ്സി) മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ആണ് 4000 കോടി രൂപയുടെ ഐപിഒ നടത്തി ഓഹരി വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2025-26) മുന്‍വര്‍ഷത്തെ 787 കോടി രൂപയില്‍ നിന്ന് 1640 കോടി രൂപയിലേക്ക് കമ്പനിയുടെ ലാഭം മുന്നേറിയിരുന്നു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലെ ഗോള്‍ഡ് ലോണ്‍ സ്ഥാപനമാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. ഐപിഒയ്ക്ക് മുന്നോടിയായി ഓഹരി വിഭജനം നടത്താനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. 10 രൂപ മുഖവിലയുള്ള ഓഹരിയെ 2 രൂപ മുഖവിലയുള്ള 5 ഓഹരികളായാണ് വിഭജിക്കുക. ഓഹരികളിലേക്ക് കൂടുതല്‍ നിക്ഷേപമൊഴുകാനും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം ഉയരാനും ഇതു സഹായിക്കുമെന്ന് കരുതുന്നു. ഐപിഒയ്ക്ക് പുറമേ, കടപ്പത്രങ്ങള്‍ പുറത്തിറക്കി 4000 കോടി രൂപവരെ സമാഹരിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.

◾  ഇന്ത്യന്‍ ഐ.ടി ഭീമനായ എച്ച്.സി.എല്‍.ടെക് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ സര്‍വം എ.ഐ-യില്‍ 150 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. സര്‍വം എ.ഐ സമാഹരിക്കുന്ന പുതിയ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായാണ് ഈ തുക വരുന്നത്. ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന ഈ റൗണ്ടിലൂടെ മൊത്തം 300 ദശലക്ഷം ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എച്ച്.സി.എല്‍.ടെക് നേതൃത്വം നല്‍കുന്ന ഈ നിക്ഷേപത്തില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ബെസ്സമര്‍ വെഞ്ച്വര്‍ പാര്‍ട്‌ണേഴ്സും 50 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും. കൂടാതെ എന്‍വിഡിയ, പ്രോസ്പിരിറ്റി 7, ആക്ടിവേറ്റ് തുടങ്ങിയ പ്രമുഖ ആഗോള നിക്ഷേപകരും നിലവിലുള്ള നിക്ഷേപകരായ ഖോസ്ല വെഞ്ചേഴ്‌സ്, ലൈറ്റ്‌സ്പീഡ് എന്നിവരും ഇതില്‍ പങ്കാളികളാകും.

◾  കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'അച്യുത അവതാരം'. ചിത്രത്തിന്റെ ടീസര്‍ റിലീസായി. പാന്‍ ഇന്ത്യന്‍ തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈബര്‍ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറില്‍ രമേശ സി, രുദ്രമൂര്‍ത്തി, രാജേഷ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പ്രമുഖ നര്‍ത്തകിയും താരവുമായ മാളവിക നന്ദന്‍, അവിനാശ് (കാന്താര ഫെയിം), സീമ.ജി.നായര്‍ എന്നിവര്‍ക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ഛായാഗ്രാഹകന്‍ ആനന്ദ് മീനാക്ഷിയാണ് ചിത്രില്‍ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രം ജൂണ്‍ മാസത്തോടെ തിയേറ്ററുകളില്‍ എത്തും. ഹരീഷ് മോഹനന്റെ വരികള്‍ക്ക് പ്രസന്ന കുമാര്‍ എം.എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

◾  വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രമാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍ട്സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി 2' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ജൂലായ് 3ന് റിലീസ് ചെയ്യും. ഐശ്വര്യ ലക്ഷ്മിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകര്‍ഷണം. വീരയുടെയും കാര്‍ത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് രണ്ടാം ഭാഗത്തില്‍. കഥാപാത്രത്തിനുവേണ്ടി ഐശ്വര്യ ലക്ഷ്മി ഗുസ്തി പഠിച്ചിരുന്നു. ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവരാണ് മറ്റു താരങ്ങള്‍. വേല്‍സ് ഫിലിം ഇന്റര്‍നാഷണലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. ഇടവേളയ്ക്കുശേഷം ഐശ്വര്യ ലക്ഷ്മി നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രം ആണിത്.

◾  ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡില്‍ ആദ്യ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു. ഈ കേന്ദ്രത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ടെസ്ലയുടെ മോഡല്‍ വൈ, പുതുതായി പുറത്തിറക്കിയ മോഡല്‍ വൈ എല്‍ എന്നീ വാഹനങ്ങള്‍ നേരിട്ട് കണ്ട് അനുഭവിക്കാന്‍ സാധിക്കും. മോഡല്‍ വൈ എല്‍ പതിപ്പിന് ഇന്ത്യയില്‍ 61.99 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. പുതുതായി വിപണിയിലെത്തിയ 'മോഡല്‍ വൈ എല്‍' ഒരു ആറ് സീറ്റര്‍ ഇലക്ട്രിക് എസ്യുവിയാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 681 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. വെറും അഞ്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള കരുത്തന്‍ മോട്ടോറാണ് ഇതില്‍. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മോഡല്‍ വൈ എല്ലിനായുള്ള ബുക്കിങ്  ആരംഭിച്ചു കഴിഞ്ഞു.

◾  അരനൂറ്റാണ്ടു പിന്നിട്ട മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകം. മതിലുകള്‍, വിധേയന്‍, പൊന്തന്‍മാട, ഒരു വടക്കന്‍ വീരഗാഥ, ഡോ. ബാബാ സാഹേബ് അംബേദ്കര്‍ തുടങ്ങി കാതല്‍ ദ കോര്‍, നന്‍പകല്‍ നേരത്ത് മയക്കം, ഭ്രമയുഗം, കണ്ണൂര്‍ സ്‌ക്വാഡ് വരെയുള്ള എഴുപതോളം ചിത്രങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിച്ചുകൊണ്ട് മമ്മൂട്ടിയിലെ നടനെ ഒരു പുസ്തകംപോലെ വായിക്കുന്ന ഗ്രന്ഥം. മമ്മൂട്ടിയുടെ അഭിനയജീവിതത്തെ സമഗ്രാവലോകനത്തിനു വിധേയമാക്കുന്ന പഠനഗ്രന്ഥം. 'മമ്മൂട്ടി: ഒരു പുസ്തകം'. ഇ.ജയകൃഷ്ണന്‍. മാതൃഭൂമി. വില 272 രൂപ.

◾  പ്രായപൂര്‍ത്തിയായതിന് ശേഷം അമിതവണ്ണം ആകുന്നവരില്‍ കാന്‍സര്‍ സാധ്യത ഇരട്ടിയാണെന്ന് പുതിയ പഠനം. അമിതവണ്ണം അന്നനാളത്തിലെ അര്‍ബുദം, വയറിന്റെ മുകള്‍ഭാഗത്തെ ബാധിക്കുന്ന അര്‍ബുദം, മലാശയ അര്‍ബുദം, കരളിനെയും മൂത്രസഞ്ചിയെയും ബാധിക്കുന്ന അര്‍ബുദം, മള്‍ട്ടിപ്പിള്‍ മൈലോമ, പാന്‍ക്രിയാറ്റിക് കാന്‍സര്‍, വൃക്ക, തൈറോയ്ഡ് ഗ്ലാന്‍ഡ്, ഓവറികള്‍, എന്‍ഡോമെട്രിയം തുടങ്ങിയവയെ ബാധിക്കുന്ന അര്‍ബുദസാധ്യത വര്‍ധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അമിതവണ്ണം ഏതു തരം കാന്‍സറിനുള്ള സാധ്യതയും കൂട്ടുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. മുപ്പത് വയസ്സിന് മുമ്പ് അമിതവണ്ണക്കാരാകുന്ന പുരുഷന്മാരില്‍ കരളില്‍ അര്‍ബുദമുണ്ടാകുന്നതിനുള്ള സാധ്യത അഞ്ചു മടങ്ങ് കൂടുതലാണെന്നാണ് പഠനം പറയുന്നത്. പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള സാധ്യത ഇരട്ടിയും കുടലിലെ കാന്‍സറിനുള്ള സാധ്യത 58 ശതമാനവും കൂടുതലാണ്. അതുപോലെ തന്നെ മുപ്പതിന് മുമ്പെ അമിതവണ്ണമെത്തുന്ന സ്ത്രീകളില്‍ എന്‍ഡോമെട്രിയല്‍ കാന്‍സറിനുള്ള സാധ്യത 4.5 മടങ്ങ് കൂടുതലും പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള 67 ശതമാനവുമാണെന്ന് ഗവേഷകര്‍ പറയുന്നു. അമിതവണ്ണമാകുന്നതോടെ ഹോര്‍മോണ്‍ നിലയിലുണ്ടാകുന്ന മാറ്റങ്ങള്‍, മെറ്റബോളിസത്തിലെ തകരാറുകള്‍, ഇന്‍സുലിന്‍ നിലയിലെ വ്യതിയാനം, ശരീരത്തില്‍ വീക്കമുണ്ടാവുക തുടങ്ങിയവയാകാം അര്‍ബുദത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ എന്നാണ് ഗവേഷകര്‍ കരുതുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.28, പൗണ്ട് - 128.51, യൂറോ - 112.02, സ്വിസ് ഫ്രാങ്ക് - 122.62, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.85, ബഹറിന്‍ ദിനാര്‍ - 254.88, കുവൈത്ത് ദിനാര്‍ -311.88, ഒമാനി റിയാല്‍ - 250.30, സൗദി റിയാല്‍ - 25.60, യു.എ.ഇ ദിര്‍ഹം - 26.21, ഖത്തര്‍ റിയാല്‍ - 26.35, കനേഡിയന്‍ ഡോളര്‍ - 70.06.

Post a Comment

0 Comments