◾
ശബരിമല യുവതി പ്രവേശന കേസില്‍ യങ് ലോഴ്സ് അസോസിയേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. വിശ്വാസകാര്യങ്ങളില്‍ ഇടപെടാന്‍ നിങ്ങള്‍ ആരാണെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. യുവാക്കളായ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കൂ എന്നും നാഗരത്ന യങ് ലോഴ്സ് അസോസിയേഷനെ പരിഹസിച്ചു.
◾ സിനിമ സീരിയല്‍ താരം സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ അന്തരിച്ചു. എംസി റോഡില്‍ രാവിലെ ആറരയോടെ അടൂര്‍ ഏനാത്തായിരുന്നു അപകടം. സന്തോഷ് യാത്ര ചെയ്ത കാര്‍ നിയന്ത്രണം തെറ്റി പാഴ്സല്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. മോഹിനിയാട്ടം അടക്കം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
◾ ജിദ്ദയിലെ പ്രമുഖ ഭക്ഷണശാലയായ സീഗള്‍സ് റെസ്റ്റോറന്റ് ഉടമ മലപ്പുറം കട്ടുപ്പാറ സ്വദേശി അബ്ദുല്‍ ജലീല്‍ (56) അന്തരിച്ചു. അസുഖംമൂലം ഏതാനും മാസമായി ചികില്‍സയിലായിരുന്നു.
◾ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മച്ചാട് ഗോപാലന്‍ എന്ന ആനയാണ് ഇടഞ്ഞത്. വിളക്ക് എഴുന്നള്ളിപ്പിന് ശേഷം പറമ്പില്‍ തളച്ചിരുന്ന ആനയാണ് ഇടഞ്ഞത്. പറമ്പിലെ തെങ്ങില്‍ തളച്ചിരുന്ന ആന തെങ്ങ് മറിച്ചിട്ടു.
◾ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായി അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ റിമാന്‍ഡ് മേയ് 18 വരെ നീട്ടി. ജാമ്യാപേക്ഷ 12 ന് പരിഗണിക്കും. കേസില്‍ 9 പ്രതികളാണുള്ളത്. ആറാം പ്രതി തൂങ്ങി മരിച്ചിരുന്നു. പ്രതികള്‍ക്ക് നേരത്തെ മണ്ണാര്‍ക്കാട് എസ്സിഎസ്ടി കോടതി നല്‍കിയ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
◾ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മൂന്നു പാര്‍ട്ടികളിലായി മൂന്ന് സീറ്റുകള്‍ നേടി ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ കുടുംബാംഗങ്ങള്‍. മാര്‍ട്ടിന്റെ ഭാര്യ ലീമറോസ് തമിഴ്നാട്ടില്‍ എഐഎഡിഎംകെയുടെ എംഎല്‍എയായും മരുമകന്‍ ആദവ് അര്‍ജുന നടന്‍ വിജയിന്റെ ടിവികെ എംഎല്‍എയായും തമിഴ്നാട് നിയമസഭയിലെത്തും. മാര്‍ട്ടിന്റെ മകന്‍ ജോസ് ചാള്‍സ് സ്വന്തം പാര്‍ട്ടിയായ ലച്ചിയ ജനനായക കക്ഷിയുടെ എംഎല്‍എയായി പുതുച്ചേരിയിലും തെരഞ്ഞെടുക്കപ്പെട്ടു.
◾ സിവില്‍ കപ്പലുകളെ ലക്ഷ്യമിട്ട ആറ് ഇറേനിയന്‍ ബോട്ടുകളെ അമേരിക്കന്‍ സൈന്യം തകര്‍ത്തതിനു പിറകേ, യുഎഇയിലേക്ക് ഇറാന്റെ ആക്രമണം. ഇറാന്‍ വിക്ഷേപിച്ച 12 ബാലസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളും യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. എന്നാല്‍ ഫുജൈറയിലെ ഓയില്‍ ഇന്‍ഡസ്ട്രി സോണിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ തീപിടുത്തമുണ്ടാകുകയും മൂന്ന് ഇന്ത്യക്കാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
◾ ഫുജൈറയില്‍ ഇറാന്റെ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മേഖലയിലെ സാധാരണക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം.
◾ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള 'പ്രൊജക്റ്റ് ഫ്രീഡം' ഓപ്പറേഷനിടെ യുഎസ് സേന ഏഴ് ഇറേനിയന്‍ ബോട്ടുകള്‍ തകര്‍ക്കുകയും മിസൈലുകളും ഡ്രോണുകളും വെടിവച്ചിടുകയും ചെയ്തെന്ന് അമേരിക്ക. ഫെബ്രുവരി 28-ന് ആരംഭിച്ച സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ അടച്ചുപൂട്ടിയ ഈ തന്ത്രപ്രധാനമായ പാത പിടിച്ചെടുക്കാനാണ് യുഎസ് നീക്കം.
◾ ഇറാനെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അന്താരാഷ്ട്ര കപ്പല്‍ പാതകളില്‍ അമേരിക്കന്‍ കപ്പലുകളെ ഇറാന്‍ ലക്ഷ്യമിടുകയാണെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കു പിറകേയാണ് ട്രംപിന്റെ ഈ ഭീഷണി. അമേരിക്കന്‍ നാവികസേനയുടെ കപ്പലുകള്‍ക്കോ ചരക്ക് കപ്പലുകള്‍ക്കോ നേരെ ഇറാന്‍ എന്തെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടാക്കിയാല്‍ അതിനു വലിയ വില നല്‍കേണ്ടി വരുമെന്നും ട്രംപ്.
◾ അമേരിക്കയില്‍ വൈറ്റ് ഹൗസിനു സമീപം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേ വെടിവയ്പ്. വെടിവച്ചശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ വെടിവച്ചുവീഴ്ത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംശയാസ്പദമായി കണ്ട ഇയാളെ പരിശോധിക്കാന്‍ ശ്രമിച്ചപ്പോഴാണ് തോക്കെടുത്തു വെടിവച്ച് ഓടിക്കളഞ്ഞത്.
◾ അറബിക്കടലില്‍ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയ ഇന്ത്യന്‍ ചരക്കുകപ്പലിന് പാക് നാവികസേനയുടെ സഹായം. കടലില്‍ എന്‍ജിന്‍ നിലച്ച 'എംവി ഗൗതം' എന്ന കപ്പലിനാണ് പാക് നാവികസേനയുടെ നിരീക്ഷണ കപ്പല്‍ രക്ഷക്കെത്തിയത്. ഗുജറാത്തിലെ പോര്‍ബന്ദറില്‍ നിന്ന് മസ്‌കറ്റിലേക്ക് പോവുകയായിരുന്നു കപ്പല്‍.
◾ മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള പടക്ക നിര്‍മ്മാണശാലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും 61 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിക്ക് മൂന്ന് കിലോമീറ്റര്‍ അകലെ വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.
◾ ലഹരിമരുന്ന് കടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സൗദി പൗരന്റെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പിലാക്കി. കിഴക്കന്‍ പ്രവിശ്യയില്‍ ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഖാലിദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍ മാദിഹ് എന്ന പൗരന്റെ ശിക്ഷയാണ് നടപ്പിലാക്കിയത്.
◾ വിദേശ ചാരപ്രവര്‍ത്തനം നടത്തിയെന്ന സംശയത്തെത്തുടര്‍ന്ന് വിയന്നയിലെ റഷ്യന്‍ എംബസിയിലെ മൂന്ന് ഉദ്യോഗസ്ഥരെ ഓസ്ട്രിയ പുറത്താക്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
◾ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2026ലെ ആദ്യ നാല് മാസത്തില്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 2 ലക്ഷം കോടി രൂപ. നാഷ്ണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ കണക്കനുസരിച്ച് ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെ വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത് 1.98 ലക്ഷം കോടി രൂപയാണ്. 2025ല്‍ മൊത്തമായി പിന്‍വലിച്ചത് 2.4 ലക്ഷം കോടി രൂപ മാത്രമായിരുന്നു. 2024ല്‍ ഇത് 1.29 ലക്ഷം കോടിയും. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വലിയ സമ്മര്‍ദത്തിലേക്ക് എത്തപ്പെട്ടതും നിക്ഷേപം വഴിതിരിഞ്ഞു പോകാന്‍ ഇടയാക്കി. ഇന്ത്യയേക്കാള്‍ വിപണി സാധ്യത കൂടി നില്‍ക്കുന്ന മാര്‍ക്കറ്റുകളിലേക്കാണ് വിദേശ നിക്ഷേപകര്‍ നീങ്ങുന്നത്. അതേസമയം, സെക്കന്‍ഡറി വിപണിയില്‍ നിന്ന് വിറ്റൊഴിവാകുമ്പോഴും പ്രാഥമിക വിപണികളില്‍ വിദേശ നിക്ഷേപകരുടെ താല്പര്യം നഷ്ടപ്പെട്ടിട്ടില്ല. 2024ല്‍ 1.21 ലക്ഷം കോടി രൂപയും 2025ല്‍ 73,910 കോടി രൂപയും 2026ല്‍ ഇതുവരെ 12,156 കോടി രൂപയും വിദേശ നിക്ഷേപകരുടെ നിക്ഷേപമായെത്തി.
◾ ഇന്റര്‍നെറ്റിലെ ആദ്യകാല സെര്‍ച്ച് സംവിധാനങ്ങളില്‍ ഒന്നുകൂടി ഓര്‍മയാകുന്നു. മൂന്ന് പതിറ്റാണ്ടോളം ഇന്റര്‍നെറ്റില്‍ സാന്നിധ്യമറിയിച്ച ആസ്‌ക്.കോം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ആദ്യകാല വെബ് കാലഘട്ടത്തിലെ ഉപയോക്താക്കള്‍ക്ക് സുപരിചിതമായിരുന്ന അക്കാലത്തെ പ്രശസ്തമായ പേരുകളില്‍ ഒന്നാണ് ഇതോടെ ഇല്ലാതാകുന്നത്. 2026 മേയ് 1-ന് ഔദ്യോഗികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്ന് നടത്തിപ്പുകാരായ ഐഎസി സ്ഥിരീകരിച്ചു. 1990കളുടെ അവസാനത്തിലും 2000-കളുടെ തുടര്‍ച്ചയിലുമൊക്കെ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്ന പലര്‍ക്കും വെബ് സെര്‍ച്ച് ചെയ്യാനുള്ള ആദ്യ സംവിധാനങ്ങളില്‍ ഒന്നായിരുന്നു ഇത്. 2010 ല്‍ പ്രധാന സെര്‍ച്ച് പാതയില്‍നിന്ന് വഴിമാറുകയും ചോദ്യോത്തര രീതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. ഇതേ വര്‍ഷം തന്നെ ഗൂഗിളുമായി ഈ പ്ലാറ്റ്‌ഫോമിന് മത്സരിക്കാന്‍ കഴിയില്ലെന്ന് ഐഎസി അധികൃതര്‍ പരസ്യമായി സമ്മതിച്ചു.
◾ പുതു ടെറാനോയും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നിസാന്‍ ഒരുങ്ങുകയാണ്. ലാഡര്‍ ഫ്രെയിം ചേസിസില്‍ ഒരുക്കുന്ന നിസാന്‍ ടെറാനോ പിഎച്ച്ഇവി പവര്‍ട്രെയിനിലാവും ഇന്ത്യയിലെത്തുക. പങ്കാളിയായ റെനോയുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ നാലു മോഡലുകളും നിസാന്‍ നിര്‍മിക്കുന്നത്.നേരത്തെ ഇന്ത്യയില്‍ വിറ്റിരുന്ന ടെറാനോ റെനോ ഡസ്റ്ററിന്റെ റീബാഡ്ജ്ഡ് പതിപ്പായിരുന്നു. അതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും പുതിയ ടെറാനോ. ബോക്‌സി രൂപവും നിവര്‍ന്നുള്ള നില്‍പും എടുത്തുപിടിച്ചുള്ള വീല്‍ ആര്‍ച്ചുകളും ബോഡി ക്ലാഡിങും സ്‌കിഡ് പ്ലേറ്റുകളും റൂഫിലെ ആക്‌സസറികളും പിന്നിലെ സ്‌പെയര്‍ വീലുമെല്ലാം ചേര്‍ന്ന് വാഹനത്തിന്റെ കരുത്തന്‍ ലുക്ക് വര്‍ധിപ്പിക്കുന്നുണ്ട്. നേരത്തെ അര്‍ബന്‍ എസ്യുവി എന്ന വിശേഷണത്തില്‍ എത്തിയിരുന്ന ടെറാനോയുടെ പുതു രൂപം കരുത്തുറ്റ ഓഫ് റോഡറിന്റെ ലുക്കാണ് നല്‍കുന്നത്.
◾ മാന്ത്രികശംഖില്‍ നിന്നുംപൊഴിയുന്ന മധുരസംഗീതം പോലെ കേള്‍ക്കാന്‍ ഇമ്പമേറിയവയാണ് ഈറോഡ് ശര്‍മ്മിളയുടെ കഥകള്‍. അറിവും കൗതുകവും ഭാവനയും കുഞ്ഞുമനസ്സുകളില്‍ അതിരില്ലാതെ പെയ്യുന്ന കഥകളില്‍, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ആഹ്വാനം അതിശക്തമായി അന്തര്‍ലീനമായിട്ടുണ്ട്. സകലജീവജാലങ്ങളോടുമുള്ള അനുകമ്പയും സ്നേഹവും തന്നെയാണ് ഈറോഡ് ശര്‍മ്മിളയുടെ കഥകളുടെ ആത്മാവെന്ന് മൊഴിമാറ്റത്തിലൂടെ പി. വി സുകുമാരനും സാര്‍ത്ഥകമാക്കിയിരിക്കുന്നു. അന്‍പരശിയുടെ സങ്കടം ഉള്‍പ്പെടെ കുട്ടികള്‍ക്ക് ഏറെയിഷ്ടമാവുന്ന ഒന്‍പത് കഥകളുടെ സമാഹാരം. 'അന്‍പരശിയുടെ സങ്കടം'. ജിവി ബുക്സ്. വില 161 രൂപ.
◾ ശരീരത്തില്‍ നിന്ന് മാലിന്യം പുറന്തള്ളാനുള്ള പ്രാഥമിക മാര്‍ഗമാണ് മൂത്രമൊഴിക്കല്‍. ഈ സ്വാഭാവിക പ്രക്രിയയെ തടസ്സപ്പെടുത്തുന്നത് ആരോഗ്യത്തെ വിപരീതമായി ബാധിക്കാം, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. ഇത് ക്രമേണ നമ്മുടെ മൂത്രസഞ്ചിയെയും വൃക്കകളെയും തകരാറിലാക്കാം. വൃക്കകള്‍ ഫില്‍ട്ടര്‍ ചെയ്യുന്ന മാലിന്യം മൂത്രത്തിലൂടെയാണ് പുറന്തള്ളപ്പെടുന്നത്. മൂത്രസഞ്ചി നിറയുമ്പോള്‍ അതിന്റെ റിസപ്റ്ററുകള്‍ തലച്ചോറിലേക്ക് മൂത്രസഞ്ചി ശൂന്യമാക്കേണ്ടതിന്റെ സൂചനകള്‍ അയയ്ക്കുന്നു. മൂത്രമൊഴിക്കാനുള്ള പ്രേരണ ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം, അത് പ്രായം, മൂത്രാശയ ശേഷി, പകലിന്റെ സമയം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. മൂത്രം പിടിച്ചു വയ്ക്കുമ്പോള്‍ മൂത്രസഞ്ചിയില്‍ ബോക്ടീരിയകള്‍ വളരാനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ഇത് അണുബാധ, മൂത്രമൊഴിക്കുമ്പോള്‍ കത്തുന്ന സംവേദനം, അടിവയറ്റിലെ വേദന, ദുര്‍ഗന്ധം വമിക്കുന്ന മൂത്രം എന്നിവയ്ക്കുള്ള സാധ്യതയിലേക്ക് നയിക്കുന്നു. ദീര്‍ഘനേരം മൂത്രം പിടിച്ചുവയ്ക്കുന്നത് മൂത്രസഞ്ചിയുടെ പേശികളെ ദുര്‍ബലപ്പെടുത്തും. ഇത് തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മൂത്രം നിയന്ത്രണമില്ലാതെ പോകാനും കാരണമാകുന്നു. സാധാരണയായി, മൂത്രം വൃക്കകളില്‍ നിന്ന് മൂത്രസഞ്ചിയിലേക്ക് ഒഴുകുന്നു. എന്നാല്‍, മൂത്രസഞ്ചി അമിതമായി നിറഞ്ഞാല്‍ ചിലപ്പോള്‍ മൂത്രം വൃക്കകളിലേക്ക് തിരികെ ഒഴുകുന്നു. ഇതിനെ വെസിക്കോറെറ്ററല്‍ റിഫ്ലക്സ് എന്ന് വിളിക്കുന്നു. ഈ അവസ്ഥ വൃക്ക തകരാറിനും ഗുരുതരമായ അണുബാധയ്ക്കും കാരണമാകും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.30, പൗണ്ട് - 129.02, യൂറോ - 111.50, സ്വിസ് ഫ്രാങ്ക് - 121.74, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.26, ബഹറിന്‍ ദിനാര്‍ - 252.53, കുവൈത്ത് ദിനാര്‍ -309.38, ഒമാനി റിയാല്‍ - 247.89, സൗദി റിയാല്‍ - 25.40, യു.എ.ഇ ദിര്‍ഹം - 25.94, ഖത്തര്‍ റിയാല്‍ - 26.16, കനേഡിയന്‍ ഡോളര്‍ - 70.06

0 Comments