സൂറത്ത്: ദേശീയ പാതകളില്‍ ഇനി ടോള്‍ നല്‍കാനായി വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ടി വരില്ല. രാജ്യത്തെ ആദ്യത്തെ ബാരിയർ രഹിത ടോള്‍ പ്ലാസ മുംബൈ-ഡല്‍ഹി ദേശീയപാതയില്‍ (എൻഎച്ച് 48) പ്രവർത്തനമാരംഭിച്ചു.സുറത്തിനടുത്തുള്ള ചോര്യാസി ടോള്‍ പ്ലാസയിലാണ് വാഹനങ്ങള്‍ക്ക് വേഗത കുറയ്ക്കാതെ കടന്നുപോകാൻ കഴിയുന്ന ഈ നൂതന സംവിധാനം നടപ്പിലാക്കിയത്. ഫെബ്രുവരിയില്‍ ആരംഭിച്ച പരീക്ഷണങ്ങള്‍ക്കൊടുവില്‍ പൂർണ്ണ സജ്ജമായ ഈ സംവിധാനം ടോള്‍ പിരിവ് രംഗത്ത് പുതിയ ചരിത്രം കുറിക്കുകയാണ്.
ദേശീയപാത അതോറിറ്റി വികസിപ്പിച്ച 'മള്‍ട്ടി ലെയ്ൻ ഫ്രീ ഫ്ലോ' സാങ്കേതികവിദ്യയാണ് ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് അധിഷ്ഠിതമായ ഈ സംവിധാനത്തില്‍ ഹൈ റെസല്യൂഷൻ ക്യാമറകളും ആർഎഫ്‌ഐഡി സെൻസറുകളുമാണ് വാഹനങ്ങളെ തിരിച്ചറിയുന്നത്. ഓവർഹെഡ് ഗാൻട്രികളില്‍ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സാങ്കേതികവിദ്യ വഴി വാഹനത്തിന്‍റെ നമ്പർ പ്ലേറ്റും ഫാസ്‌ടാഗും തത്സമയം പരിശോധിക്കപ്പെടും. ബാരിയറുകളോ മറ്റ് തടസങ്ങളോ ഇല്ലാത്തതിനാല്‍ മണിക്കൂറില്‍ 80 കിലോമീറ്റർ വരെ വേഗതയില്‍ വാഹനങ്ങള്‍ക്ക് ടോള്‍ പോയിന്‍റിലൂടെ കടന്നുപോകാം.
രാജ്യത്തെ ആയിരത്തിലധികം ടോള്‍ പ്ലാസകളെ 2026 അവസാനത്തോടെ ഇത്തരത്തില്‍ എഐ അധിഷ്ഠിത ബാരിയർ രഹിത സംവിധാനത്തിലേക്ക് മാറ്റാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഈ മാറ്റത്തിലൂടെ പ്രതിവർഷം ഇന്ധനച്ചെലവില്‍ മാത്രം 1,500 കോടി രൂപ ലാഭിക്കാൻ കഴിയുമെന്ന് അധികൃതർ കണക്കാക്കുന്നു. കൂടാതെ, ടോള്‍ പിരിവിലെ കാര്യക്ഷമത വർദ്ധിക്കുന്നതിലൂടെ സർക്കാരിന് 6,000 കോടി രൂപയുടെ അധിക വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം നല്‍കാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി വരും മാസങ്ങളില്‍ രാജ്യത്തെ മറ്റ് പ്രധാന ഹൈവേകളിലേക്കും വ്യാപിപ്പിക്കും.

0 Comments