2026 മേയ് 10, ഞായര്‍
◾ തമിഴ്നാട് മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ വിജയ് ഇന്നു പത്തിന് സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിലാണു സത്യപ്രതിജ്ഞ. കേവല ഭൂരിപക്ഷം ബോധ്യപ്പെട്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഉത്തരവ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വിജയ്ക്കു കൈമാറി. 120 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന രേഖയുമായാണ് ഗവര്‍ണറെ വിജയ് കണ്ടത്.
◾ ഇനിയുള്ള ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. മന്നാര്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴിയുമുണ്ട്.
◾ വ്യക്തികളെ കുടിയൊഴിപ്പിക്കാന്‍ ഉത്തരവിടാനുള്ള അധികാരം സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ഇല്ലെന്ന് ഹൈക്കോടതി. ന്യൂനപക്ഷ കമ്മീഷന്റെ കുടിയിറക്കല്‍ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. മലപ്പുറം സ്വദേശി മൊയ്തീന്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രജിസ്ട്രേഷന്‍ നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞ് നല്‍കുന്നില്ലെന്നാരോപിച്ച് അബ്ദുല്‍ സലാം നല്‍കിയ പരാതിയിലായിരുന്നു ന്യൂനപക്ഷ കമ്മിഷന്റെ ഇടപെടല്‍.
◾ കാഞ്ഞങ്ങാട് കൂളിയങ്കല്‍ മുതല്‍ തോയമ്മല്‍ വരെ നാഷണല്‍ ഹൈവേയില്‍ ശക്തമായ മഴയില്‍ വെള്ളം കെട്ടി നിന്നത്തോടെ യാത്രക്കാര്‍ പെരുവഴിയിലായി. വൈകിട്ട് ഏഴിന് ആരംഭിച്ച മഴ രണ്ടു മണിക്കൂറോളം നീണ്ടു നിന്നതോടെ റോഡ് വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
◾ വ്യാജരേഖ ചമച്ച് അവയവ കൈമാറ്റ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി ഒളിവിലുള്ള കാസര്‍കോട് സ്വദേശി മുഹമ്മദ് നജീബിന്റെ ഭാര്യ കുന്നത്തുനാട് സ്വദേശി റഷീദ അറസ്റ്റില്‍. കേസില്‍ അഞ്ചുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സണ്ണി വര്‍ഗീസ്, സിനി വര്‍ഗീസ്, ശ്രീജ, സുധീര്‍, വിനോദ് എന്നിവരാണു നേരത്തെ പിടിയിലായത്. കേസന്വേഷണത്തിന് എറണാകുളം റൂറല്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.
◾ പൊലീസ് ജീപ്പ് മോഷ്ടിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. തൃശൂര്‍ വടക്കേക്കാട് സ്വദേശി ഹംസയെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. മൊബൈല്‍ ഫോണ്‍ മോഷണം പോയെന്നു പരാതിപ്പെടാന്‍ സ്റ്റേഷനിലെത്തിയ ഇയാള്‍ അര്‍ധരാത്രിയോടെ തൊട്ടടുത്ത സൈബര്‍ പൊലീസ് സ്റ്റേഷനു സമീപത്തെ ജീപ്പുമായി കടന്നു കളയുകയായിരുന്നു. ജീപ്പില്‍ 'പോലീസ് ലുക്കി'ല്ലാത്തയാളെ കണ്ടു എസ്എന്‍ പാര്‍ക്കിലെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണു മോഷ്ടിച്ചതാണെന്നു വ്യക്തമായത്.
◾ ആറു വയസ്സുകാരിയെ ട്രെയിനില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കൊല്ലം സ്വദേശി സാനിഷി(40)നെ പുനലൂര്‍ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിലേക്കു തീര്‍ഥയാത്രക്കെത്തിയ തമിഴ് കുടുംബത്തിലെ കുട്ടിയാണ് അതിക്രമത്തിന് ഇരയായത്.
◾ ഇടുക്കി വണ്ടിപ്പെരിയാറില്‍ വിവാഹസല്‍ക്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. പരിക്കേറ്റ വരന്റെ സഹോദരീഭര്‍ത്താവ് ഉള്‍പ്പെടെ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സല്‍ക്കാരം അവസാനിക്കാറായി കാറ്ററിംഗ് സംഘം മേശ ഒതുക്കുന്നതിനിടെയാണു വരന്റെ അടുത്ത ബന്ധുക്കള്‍ ഭക്ഷണം കഴിക്കാനെത്തിയത്. അവരോടു വേറെയൊരു മേശയിലേക്കു മാറിയിരിക്കാന്‍ നിര്‍ദേശിച്ച കാറ്ററിംഗ് സംഘവുമായി ഏറ്റുമുട്ടുകയായിരുന്നു.
◾ കൊച്ചി നഗരത്തില്‍ പോലീസ് നടത്തിയ മിന്നല്‍' പരിശോധനയില്‍ ആറുപേര്‍ അറസ്റ്റിലായി. തൃപ്പൂണിത്തുറയിലെ റിസോര്‍ട്ടില്‍ നിന്നും കരിമുകളിലെ വീട്ടില്‍ നിന്നുമായി എം.ഡി.എം.എയും എക്സ്റ്റസി ഗുളികകളും പിടിച്ചെടുത്തു. ലഹരി ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
◾ റഷ്യ - യുക്രെയ്ന്‍ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍. ട്രംപ് നിര്‍ദേശിച്ച യുദ്ധത്തടവുകാരുടെ കൈമാറ്റം യുക്രെയ്ന്‍െ അംഗീകരിക്കുമെന്നാണു പ്രതീക്ഷ. നാലു വര്‍ഷത്തിലേറെയായി നീണ്ടു നിന്ന പോരാട്ടം അവസാനിപ്പിക്കാന്‍ സഹായിച്ച യുഎസിന് നന്ദിയെന്നും പുട്ടിന്‍ പറഞ്ഞു.
◾ ഇറാനെതിരായ സൈനിക നടപടി വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കും വഴങ്ങിയില്ലെങ്കില്‍ പ്രോജക്ട് ഫ്രീഡം ഉള്‍പ്പടെയുള്ള നടപടികള്‍ വ്യാപിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ചര്‍ച്ച അടുത്തയാഴ്ച്ച ഇസ്ലാമാബാദില്‍ പുനരാരംഭിച്ചേക്കും.
◾ പൊതുവേദിയില്‍നിന്ന് മാറിനിന്ന ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇറാന്റെ യുദ്ധ-സമാധാന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതായി യുഎസ് ഇന്റലിജന്‍സ്. അമേരിക്കയുമായി നടത്തുന്ന സമാധാന ചര്‍ച്ചകളുടെ ഗതിനിര്‍ണയിക്കാനുള്ള നീക്കങ്ങളില്‍ മുജ്തബ സജീവമാണെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ കരുതുന്നത്.
◾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാന് 132 കോടി ഡോളറിന്റെ (ഏകദേശം 12,400 കോടി രൂപ) വായ്പ കൂടി അനുവദിക്കാന്‍ ഐഎംഎഫ് തീരുമാനിച്ചു. ഐഎംഎഫ് നിര്‍ദേശിച്ച സാമ്പത്തിക നിയന്ത്രണങ്ങള്‍ പാക്കിസ്ഥാന്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണു വായ്പ അനുവദിച്ചത്.
◾ വിദേശ ഏജന്‍സികളുമായി ചേര്‍ന്ന് ചാര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇറാന്റെ ആക്രമണങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത 41 പേരെ ബഹ്റിന്‍ സുരക്ഷാ സേന പിടികൂടി. ഇറാന്റെ സൈനിക വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡുമായും ബന്ധമുള്ളവരാണു പിടിയിലായവര്‍.
◾ കാനഡയില്‍ നടന്ന കൊലപാതകക്കേസില്‍ ഇന്ത്യന്‍ വംശജര്‍ കുറ്റക്കാരെന്ന് കോടതി. ഇന്ത്യന്‍ വംശജരായ ഗുര്‍ക്കരന്‍ സിങ്, അഭിജീത്ത് സിങ്, ഖുശ്വീര്‍ തൂര്‍ എന്നിവര്‍ക്കെതിരെയാണ് വിധി. അബോട്ട്സ്ഫോര്‍ഡില്‍ വയോധിക ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.
◾ ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഇറാന്റെ ഖാര്‍ഗ് ഐലന്‍ഡിന് സമീപം സമുദ്രത്തില്‍ വന്‍തോതില്‍ എണ്ണ പടരുന്നതായി സാറ്റ്ലൈറ്റ് ദൃശ്യങ്ങള്‍. ഏകദേശം 20 ചതുരശ്ര മൈലിലധികം പ്രദേശത്ത് എണ്ണ പടര്‍ന്നതായാണ് ഓയില്‍ സ്പില്‍ മോണിറ്ററിംഗ് സര്‍വീസായ 'ഓര്‍ബിറ്റല്‍ ഇഒഎസ്' വ്യക്തമാക്കുന്നത്.
◾ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 77 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ജയ്പൂരിലെ സവായ്മാന്‍സിംഗ് സ്റ്റേഡിയത്തില്‍ 230 റണ്‍സിന്റെ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ 16.3 ഓവറില്‍ 152 റണ്‍സിന് ഓള്‍ ഔട്ടായി. 44 പന്തില്‍ 84 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 36 പന്തില്‍ 55 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും മികവിലാണ് ഗുജറാത്ത് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അതേസമയം 25 പന്തില്‍ 38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ വൈഭവ് സൂര്യവംശി 16 പന്തില്‍ 36 റണ്‍സടിച്ചപ്പോള്‍ ധ്രുവ് ജുറെല്‍ 10 പന്തില്‍ 24 റണ്‍സെടുത്തു.
◾ 2026 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കല്യാണ്‍ ജുവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായം 409.5 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം 187.6 കോടി രൂപയായിരുന്നു. 118 ശതമാനം വളര്‍ച്ച. നാലാം പാദ വരുമാനം മുന്‍വര്‍ഷത്തെ 6,181.5 കോടി രൂപയില്‍ നിന്ന് 66.2 ശതമാനം വര്‍ധിച്ച് 10,274.9 കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ച് 31-ന് അവസാനിച്ച പാദത്തില്‍ വരുമാനം 68 ശതമാനം വര്‍ധിച്ച് 8,994 കോടി രൂപയായും, ലാഭം 97 ശതമാനം വര്‍ധിച്ച് 366 കോടി രൂപയായും ഉയര്‍ന്നു. നാലാം പാദത്തില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 8,994 കോടി രൂപയും ലാഭം 366 കോടി രൂപയുമാണ്. അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,157 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ 807 കോടി രൂപയേക്കാള്‍ 43 ശതമാനം വര്‍ധനയാണിത്. അന്താരാഷ്ട്ര വിപണിയിലെ ലാഭം കഴിഞ്ഞ വര്‍ഷത്തെ 14 കോടി രൂപയില്‍ നിന്ന് 29 കോടി രൂപയായി ഉയര്‍ന്നു. ലൈഫ് സ്‌റ്റൈല്‍ ജുവലറി പ്ലാറ്റ്ഫോമായ കാന്‍ഡിയര്‍ 131 കോടി രൂപ വരുമാനവും 3 കോടി രൂപ ലാഭവും നേടി.
◾ ഇന്ത്യയിലെ ആദ്യ സ്‌പേസ്-ടെക് യൂണികോണ്‍ കമ്പനിയായി ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ട്അപ്പ് സ്‌കൈറൂട്ട് എയറോസ്‌പേസ്. പുതിയ ഫണ്ടിങ് റൗണ്ടില്‍ ഏകദേശം 570 കോടി രൂപ സമാഹരിച്ചതോടെയാണ് കമ്പനിയുടെ മൂല്യം 1.1 ബില്യണ്‍ ഡോളറിലെത്തിയത്. ഇതോടെ, ജസ്‌പേ, നെയ്സ, ക്രെഡിറ്റ്ബീ എന്നിവയ്ക്ക് ശേഷം ഈ വര്‍ഷം യൂണികോണായി മാറുന്ന നാലാമത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായി സ്‌കൈറൂട്ട്. നിലവില്‍ ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം 1 ന്റെ വിക്ഷേപണത്തിന് ഒരുങ്ങുകയാണ് സ്‌കൈറൂട്ട്. മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരായ പവന്‍ കുമാര്‍ ചന്ദന, നാഗ ഭാരത് ധാക്ക എന്നിവര്‍ ചേര്‍ന്നാണ് സ്‌കൈറൂട്ട് സ്ഥാപിച്ചത്. ചെറിയ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കായി വിക്രം സീരീസിലുള്ള റോക്കറ്റുകള്‍ വികസിപ്പിക്കുകയാണ് കമ്പനി ലക്ഷ്യം. 2022-ല്‍ വിക്രം-എസ് ദൗത്യത്തിലൂടെ സ്വകാര്യമായി നിര്‍മിച്ച ഇന്ത്യന്‍ റോക്കറ്റ് ബഹിരാകാശത്തെത്തിച്ച ആദ്യ കമ്പനിയെന്ന നേട്ടവും സ്‌കൈറൂട്ട് സ്വന്തമാക്കിയിരുന്നു.
◾ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' സിനിമയിലെ 'ദി ഹണ്ടര്‍ ആന്തം' പുറത്ത്. മോഹന്‍ലാലിന്റെ പേജിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാല്‍ സാദിഖ് ഒരുക്കിയിരിക്കുന്ന ഇലക്ട്രിഫൈയിങ് ആന്തം ആലപിച്ചിരിക്കുന്നത് നിഹാല്‍ സാദിഖും ഹനാന്‍ ഷായും എസ്വിഡിപിയും മുന്‍സും ചേര്‍ന്നാണ്. വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയും വിഘ്നേഷും എസ്വിഡിപിയും ചേര്‍ന്നാണ്. ആന്തം സംവിധാനം ചെയ്തിരിക്കുന്നത് അശ്വിന്‍ എസ് കുമാറാണ്. മെയ് 28-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. കാട്ടാളനായുള്ള പ്രേക്ഷകരുടെ ആകാംക്ഷ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതാണ് ഗാനം.
◾ തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ 'പെദ്ധി' യുടെ ചിത്രീകരണം പൂര്‍ത്തിയായി. 2026 ജൂണ്‍ 4 ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ട്രെയിലര്‍ 16നോ 17നോ പുറത്തുവിടും എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഗുസ്തിക്ക് ഒപ്പം ക്രിക്കറ്റും ചിത്രത്തിന്റെ കഥാ പശ്ചാത്തലമായി വരുന്നുണ്ട്. ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ഈ ചിത്രത്തില്‍ ഒരു നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ദിവ്യേന്ദു ശര്‍മ, ജഗപതി ബാബു, ബോമന്‍ ഇറാനി എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.
◾ ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ചുവടുപിടിച്ച് ഇന്ത്യയില്‍ റേഞ്ച് റോവര്‍ വാഹനങ്ങളുടെ വില വെട്ടിക്കുറച്ച് ജഗ്വാര്‍ ലാന്‍ഡ് റോവര്‍. പൂര്‍ണമായി നിര്‍മിച്ച് ബ്രിട്ടനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറുകളുടെ വിലയില്‍ 75 ലക്ഷം രൂപവരെയാണ് കുറയുക. റേഞ്ച് റോവര്‍ എസ്.വി, റേഞ്ച് റോവര്‍ സ്പോര്‍ട്സ് എസ്.വി. എന്നിവയ്ക്കാണ് വിലക്കുറവിന്റെ നേട്ടം ലഭിക്കുക. ഇതനുസരിച്ച് റേഞ്ച് റോവര്‍ എസ്.വി.യുടെ എക്സ്ഷോറൂം വില 4.25 കോടിയില്‍നിന്ന് 3.5 കോടിയായി കുറയും. റേഞ്ച് റോവര്‍ സ്പോര്‍ട്സ് എസ്.വി. വില 2.75 കോടിയില്‍നിന്ന് 2.35 കോടിയായും കുറയും. സ്വതന്ത്ര വ്യാപാരക്കരാറിന്റെ പുതിയ നികുതിഘടനയനുസരിച്ചാകും വിലയില്‍ മാറ്റം പ്രതിഫലിക്കുകയെന്നും കമ്പനി വ്യക്തമാക്കി.
◾ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായ വി.ഡി. സതീശന്‍ തന്റെ രാഷ്ട്രീയജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനംചെലുത്തിയ ഗ്രന്ഥമായാണ് ബൈബിളിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അത് അന്വര്‍ത്ഥമാക്കുന്ന 32 പ്രസംഗങ്ങളാണ് ആദം നീ എവിടെ ആകുന്നു എന്ന പുസ്തകത്തിലുള്ളത്. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളിലുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് നടത്തിയ പ്രസംഗങ്ങള്‍. 'ആദം നീ എവിടെ ആകുന്നു'. വി.ഡി സതീശന്‍. ഡിസി ബുക്സ്. വില 252 രൂപ.
◾ കുറഞ്ഞ ചെലവില്‍ മികച്ച പ്രോട്ടീന്‍ കിട്ടാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് മുട്ട. പ്രോട്ടീന്‍ മാത്രമല്ല, 13 സുപ്രധാന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുട്ട ആരോഗ്യത്തെ പലവിധത്തില്‍ ഗുണം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കാനും മുട്ടയ്ക്ക് സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ജേണല്‍ ഓഫ് ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച ദീര്‍ഘകാല പഠനത്തിലാണ് ഈ കണ്ടെത്തല്‍. മുട്ടയില്‍ അടങ്ങിയ കൊളിന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റമിന്‍ ബി12, ല്യൂട്ടിന്‍ പോലുള്ള പോഷകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ പോഷിപ്പിക്കുന്നതാണ്. ശരീരം സ്വന്തമായി ചെറിയ അളവില്‍ കോളിന്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ശരീരത്തില്‍ എത്തേണ്ടത്. തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതിനൊപ്പം, കോളിന്‍ വീക്കം കുറയ്ക്കുകയും മാനസികാവസ്ഥയും മാനസികാരോഗ്യവും നിയന്ത്രിക്കുകയും പേശികളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും കൊഴുപ്പ് രാസവിനിമയത്തെ പോലും സഹായിക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ അഞ്ചോ അതിലധികമോ തവണ മുട്ട കഴിച്ചവരില്‍ അല്‍ഷിമേഴ്സ് സാധ്യത ഏകദേശം 27 ശതമാനം വരെ കുറഞ്ഞതായി പഠനം വ്യക്തമാക്കുന്നു. ആയിരക്കണക്കിന് ആളുകളുടെ ഭക്ഷണശീലങ്ങളും ആരോഗ്യവിവരങ്ങളും 15 വര്‍ഷം നിരീക്ഷച്ച ശേഷമാണ് നിഗമനമെന്ന് ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ മുട്ട കൊണ്ട് മാത്രം അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്ന തരത്തില്‍ ഈ പഠനത്തെ വ്യാഖ്യാനിക്കാനാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

0 Comments