◾
കേരളത്തില്‍ മന്ത്രിസഭ രൂപീകരണ ചര്‍ച്ചകൾക്കായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും നാളെ കേരളത്തിലെത്തും. നാളെ നിയമസഭ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ അയക്കാന്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പങ്കെടുത്ത യോഗമാണു തീരുമാനിച്ചത്.
◾ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 നിന്ന് 38 ആക്കി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഇതു സഹായിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
◾ പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം എന്നിവയുടെ വില വര്‍ധനമൂലം എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ കമ്പനികള്‍ക്കു സാമ്പത്തിക സഹായം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
◾ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര് ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് അപകടം. ഭൗതിക ശരീരം ഇന്നു ചെന്നൈയിലേക്ക് കൊണ്ടുവരും. 1980 ല്‍ ആരംഭിച്ച ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ സ്ഥാപകനാണ്.
◾ ഹൈദരാബാദ്-ഛണ്ഡീഗഡ് ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്കിന് തീപിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ഹൈദരാബാദില്‍ നിന്ന് ചണ്ഡീഗഡിലേക്കു പുറപ്പെട്ട ഇന്‍ഡിഗോയുടെ വിമാനത്തിലാണ് സംഭവം.
◾ പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകളുടെ നിര്‍ബന്ധിത ഉപയോഗം നിര്‍ത്തലാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പകരം പഴയ പോസ്റ്റ്പെയ്ഡ് ബില്ലിംഗ് സംവിധാനത്തിലേക്ക് മാറി. സംസ്ഥാനത്തുടനീളമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനമെന്നും സര്‍ക്കാര്‍ അറിയിച്ചു.
◾ ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച 'ബ്രഹ്മോസ്' മിസൈലുകള്‍ വിയറ്റ്നാം ഇന്ത്യയില്‍നിന്നു വാങ്ങിയേക്കും. ആറായിരം കോടി രൂപയുടെ കരാറിനാണു സാധ്യത. വിയറ്റ്നാം പ്രസിഡന്റ് തോ ലാമിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഇതു സംബന്ധിച്ചു കരാറുണ്ടാകും.
◾ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകള്‍ക്കും തങ്ങളുടെ അനുമതി നിര്ബന്ധണെന്ന് ഇറാന്. തങ്ങളുടെ നാവികസേനയുടെ അനുമതി നേടാത്ത കപ്പലുകള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും ഇറാന് മുന്നറിയിപ്പ് നല്കി. അമേരിക്ക സിവിലിയന്‍ ചരക്ക് ബോട്ടുകളെയാണ് ആക്രമിച്ചതെന്നും ആക്രമണത്തില്‍ സിവിലിയന്മാര് കൊല്ലപ്പെട്ടെന്നും ഇറാന് വ്യക്തമാക്കി.
◾ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള നെതര്‍ലന്‍ഡിന്റെ ക്രൂയിസ് കപ്പലില്‍ മറ്റൊരാള്‍ക്കു കൂടി ഹാന്റാവൈറസ് രോഗബാധ സ്ഥിരീകരിച്ചു. കപ്പലിലെ മൂന്നുപേര്‍ രോഗബാധിതരായി മരിക്കുകയും ഒരാളുടെ ആരോഗ്യാവസ്ഥ ഗുരുതരമാകുകയും ചെയ്തിരുന്നു.
◾ ചൈനയുമായി ചര്‍ച്ചയ്ക്ക് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ബീജിംഗില്‍. റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ നിലവിലെ ഉപരോധങ്ങളെയും സൈനിക സമ്മര്‍ദ്ദങ്ങളെയും മറികടക്കാമെന്നാണ് ഇറാന് പ്രതീക്ഷിക്കുന്നത്.
◾ ഇന്തോനേഷ്യയുടെ ചില ഭാഗങ്ങളില്‍ അപൂര്‍വവും മനോഹരവുമായ മഴവില്‍ മേഘങ്ങള്‍. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നീലാകാശത്ത് ബഹുവര്‍ണ്ണങ്ങളില്‍ മേഘങ്ങള്‍ നിരന്നതു ദൃശ്യത്തില്‍ കാണാം.
◾ തായ്ലന്ഡില് പാരാസെയിലിംഗിനിടെ ആകാശത്തുനിന്നു കടലിലേക്കു വീണ പാരാസെയിലിംഗ് ഗൈഡ് മരിച്ചു. ഫൂക്കറ്റിലെ കാരോണ്‍ ബീച്ചില്‍ വച്ച് ടൂറിസ്റ്റുമായി പാരാസെയിലിംഗ് നടത്തുന്നതിനിടെയാണ് ഗൈഡ് മരിച്ചത്. സംഭവത്തിന്റെ ഭയപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
◾ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ടു വിക്കറ്റിനു തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് സീസണിലെ അഞ്ചാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സടിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സഞ്ജു 52 പന്തില്‍ 87 റണ്‍സുമായി മുന്നേറിയപ്പോള്‍ യുവതാരം കാര്‍ത്തിക് ശര്‍മ 31 പന്തില്‍ 41 റണ്‍സെടുത്ത് വിജയലക്ഷ്യത്തിലെത്തിച്ചു.
◾ 2026ലെ ഇന്‍കം ടാക്സ് ചട്ടങ്ങള്‍ പ്രകാരം പോസ്റ്റ് ഓഫീസിലെ നിക്ഷേപം, പിന്‍വലിക്കല്‍, പുതിയ അക്കൗണ്ട് തുടങ്ങല്‍ തുടങ്ങിയ എല്ലാ പ്രധാന ഇടപാടുകള്‍ക്കും പാന്‍ നമ്പര്‍ രേഖപ്പെടുത്തണമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ നിക്ഷേപങ്ങള്‍ക്കായി ഇനി മുതല്‍ ഫോം 97 പൂരിപ്പിച്ചു നല്‍കണം. അപേക്ഷകന്റെ പേര്, വിലാസം, ഇടപാടിന്റെ തുക, സ്വഭാവം എന്നിവ ഫോമില്‍ വ്യക്തമാക്കണം. കൂടാതെ തിരിച്ചറിയല്‍ രേഖകളും ഇതിനൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. പലിശ വരുമാനത്തിന് ടി.ഡി.എസ് പിടിക്കുന്നത് ഒഴിവാക്കാന്‍ ഇനി മുതല്‍ ഫോം 121 ആണ് ഉപയോഗിക്കേണ്ടത്. നികുതി നല്‍കേണ്ടതില്ലാത്ത വരുമാന പരിധിയിലുള്ളവര്‍ ഓരോ സാമ്പത്തിക വര്‍ഷവും ഈ ഫോം സമര്‍പ്പിക്കണം. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്‍കം ടാക്സ് ചട്ടങ്ങളില്‍ ഈ മാറ്റങ്ങള്‍ വരുത്തിയത്.
◾ വാട്സാപ്പില്‍ മെസേജ് തിരയാന്‍ ഇനി നീണ്ട സ്ക്രോളിങ് വേണ്ട. വാട്സാപ്പില്‍ ചാറ്റുകള്‍ നിറയുമ്പോള്‍ ആവശ്യമുള്ള മെസേജ് കണ്ടു പിടിക്കുന്നതിന് ഏറെ നേരം സ്ക്രോള്‍ ചെയ്യേണ്ടിയും വരും. ഇതൊഴിവാക്കി ഫാമിലി ഗ്രൂപ്പ്, സ്കൂള്‍ ഗ്രൂപ്പ്, ജോലി സംബന്ധമായ ഗ്രൂപ്പുകള്‍ ഇങ്ങനെ സമാന സ്വഭാവമുള്ള വാട്സാപ്പ് ഗ്രൂപ്പുകള്‍ ഒരുമിച്ച് കാണാന്‍ വാട്സാപ്പില്‍ ഒരുക്കിയിരിക്കുന്ന ഫീച്ചറാണ് കസ്റ്റംസ് വാട്സാപ്പ്. ഇതിനായി വാട്സാപ്പ് ചാറ്റ് ടാബ് തുറക്കുക. ചാറ്റ് ലിസ്റ്റ് കാണുന്നതിന് താഴേക്ക് സ്വയ്പ് ചെയ്യുക. ഫാമിലി, സ്കൂള്‍, ജോലി സംബന്ധമായി ചാറ്റ് ലിസ്റ്റുകള്‍ തയാറാക്കുക. ഇനി ഓരോ ലിസ്റ്റുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ ചാറ്റ് ലിസ്റ്റില്‍ ആഡ് ചെയ്യാം. ഇനി മെസേജുകള്‍ക്കായി വാട്സാപ്പില്‍ നീണ്ട സ്ക്രോളിങ് നടത്തേണ്ട. പകരം മെസേജിന്റെ സ്വഭാവം അനുസരിച്ച് അനുബന്ധ ചാറ്റ് ലിസ്റ്റില്‍ കയറിയാല്‍ മതി. കസ്റ്റംസ് വാട്സാപ്പ് വാട്സാപ്പിലെ മെസേജുകളുടെ എണ്ണം കുറക്കില്ല. പക്ഷേ മെസേജുകളുടെ നീണ്ട നിര ഒഴിവാക്കാന്‍ സഹായിക്കും.
◾ താരക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കിരണ്‍ നാരായണന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന 'റിവോള്‍വര്‍ റിങ്കോ' മെയ് എട്ടിന് തീയറ്ററുകളിലെത്തും. സൂപ്പര്‍ നാച്വറല്‍ കഥാപാത്രങ്ങളെ മനസ്സില്‍ ആരാധിക്കുന്ന കുട്ടികള്‍ക്കൊപ്പം അവരുടെ സ്വപ്നങ്ങള്‍ സാധ്യമാക്കാന്‍ ഇറങ്ങിത്തിരിക്കുന്ന നാട്ടിലെ ചെറുപ്പക്കാരനായ പ്രിയേഷിന്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രിയേഷിനെ അവതരിപ്പിക്കുന്നത്. ശ്രീപത് യാന്‍, ധ്യാന്‍ നിരഞ്ജന്, ആദിശേഷ്, വിസാദ്, ആവണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കുട്ടിക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്സ്, ബിനു ശശിറാം, വിജിലേഷ്, സഞ്ജു, ശിവറാം, സാജു നവോദയ, കെ.പി.എ.സി മുഹമ്മദ്, അന്‍ഷ മോഹന്‍, മറീന മൈക്കിള്‍, അഞ്ജലി നായര്‍, ഷൈനി സാറ, ആതിനാട് ശശി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
◾ ജോജു ജോര്‍ജിന്റെ മാസ്സ് ആക്ഷന്‍ ചിത്രം 'വരവ് ' ജൂണ്‍ 12ന് തിയേറ്ററുകളില്‍ എത്തും. ജോജു ജോര്‍ജ് - ഷാജി കൈലാസ് കോമ്പിനേഷന്‍ ആദ്യമായാണ് മലയാള സിനിമയില്‍. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ പ്ലാന്റര്‍മാര്‍ക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ചിത്രം പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിര്‍വ്വഹിച്ച എ.കെ. സാജന് തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ആക്ഷന്‍ റാണി വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അര്ജുന് അശോകന്, ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്, ബോബി കുര്യന്, അശ്വിന് കുമാര്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പന്, സാനിയ അയ്യപ്പന്, വിന്‍സി അലോഷ്യസ്, വീണ നായര്‍, മെറ്റില്‍ഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
◾ മെയ് മാസത്തില്‍ വെര്‍ണ, എക്സ്റ്റര്‍, ഓറ എന്നിവയ്ക്ക് 55,000 രൂപ വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്ത് ഹ്യുണ്ടായി. വെര്‍ണയ്ക്ക് 55,000 രൂപ വരെ കിഴിവുണ്ട്. ശക്തമായ ടര്‍ബോ-പെട്രോള്‍ എഞ്ചിനും ആഡംബരപൂര്‍ണ്ണമായ ഇന്റീരിയറിനും പേരുകേട്ടതാണ് ഈ സെഡാന്. വില 10.98 ലക്ഷം മുതല്‍ 18.25 ലക്ഷം വരെയാണ്. പഴയ സ്റ്റോക്കായ എക്സ്റ്ററിന് കമ്പനി 40,000 രൂപ വരെയാണ് കിഴിവുകള്‍. പുതിയ യൂണിറ്റുകള്‍ക്ക് 35,000 രൂപ വരെ കിഴിവുകള്‍ ലഭ്യമാണ്. ആഡംബരപൂര്‍ണ്ണമായ ക്യാബിന്, ശക്തമായ സവിശേഷതകള്‍, സുഗമവും പരിഷ്കൃതവുമായ പെട്രോള്‍ എഞ്ചിന് എന്നിവ ഇതിന്റെ സവിശേഷതയാണ്. വില 5.80 ലക്ഷം മുതല്‍ 9.42 ലക്ഷം വരെ. ഓറയുടെ പെട്രോള്‍ വേരിയന്റിന് 15,000 രൂപ വരെയും സിഎന്‍ജി പതിപ്പിന് 10,000 വരെയും കിഴിവുകള്‍ ലഭ്യമാണ്. പരിഷ്കരിച്ച എഞ്ചിനും സുഖകരമായ ഡ്രൈവിംഗും ഈ സെഡാന് വാഗ്ദാനം ചെയ്യുന്നു. ആറ് ലക്ഷം മുതല്‍ 8.54 ലക്ഷം വരെ വില.
◾ ആത്മകഥയെഴുത്തിന്റെ പരമ്പരാഗത, വ്യവസ്ഥാപിത രീതികള്‍ക്കു നേരേ കുലച്ച വില്ലാണ് 'ഇന്ദ്രധനുസ്സ്'. മാനകഭാഷയുടെയും സാഹിത്യഭാഷയുടെയും ഘടനാവിതാനങ്ങള് ഉപേക്ഷിച്ചുകൊണ്ട് സ്വന്തം വാമൊഴിയിലാണ് ഇന്ദ്രന്‍സ് ആത്മകഥ എഴുതിയിരിക്കുന്നത്, തിരുവനന്തപുരം മലയാളത്തില്‍. ഇങ്ങനെ പൂര്‍ണ്ണമായും ഭാഷാഭേദത്തിലുള്ള ഒരു ആത്മകഥ മലയാളത്തില്‍ ഇന്നുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. താന്‍ വീട്ടില്‍ സംസാരിക്കുന്ന മലയാളത്തെ സാഹിത്യഭാഷകൊണ്ട് മെച്ചപ്പെടുത്താനോ അലങ്കരിക്കാനോ ഇന്ദ്രന്‍സ് ശ്രമിക്കുന്നേയില്ല...'ഇന്ദ്രധനുസ്സ്'. ഇന്ദ്രന്‍സ്. മാതൃഭൂമി. വില 490 രൂപ.
◾ കറി ഒഴിച്ചുകൂട്ടും പോലെ അച്ചാറുകള്‍ കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍. അച്ചാര്‍ അമിതമായി കഴിക്കുന്നതു മൂലം വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവ പതിവാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം എന്നിവയുള്ളവരില്‍ അവസ്ഥകള്‍ വഷളാകാം. പ്രത്യേകിച്ച്, കടകളില്‍ നിന്ന് വാങ്ങുന്ന പ്രിസര്‍വേറ്റീവുകളും അമിതമായി ഉപ്പും അടങ്ങിയ അച്ചാറുകള്‍. ഇത് കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് വരെ കാരണമാകാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അച്ചാറില്‍ ഉപയോഗിക്കുന്ന അമിതമായ ഉപ്പ്, രക്തസമ്മര്‍ദം വര്‍ധിക്കാനും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനും കാരണമാകും. അസിഡിറ്റിയുടെ പ്രധാനകാരണം ഒരു പരിധിവരെ അച്ചാറിന്റെ അമിത ഉപയോഗം ആണ്. എണ്ണയും ഉപ്പും കുറച്ചുകൊണ്ട് വീട്ടിലുണ്ടാക്കുന്ന അച്ചാറുകള്‍ ആരോഗ്യപ്രദമാണ്. ഇതില്‍ അടങ്ങിയ ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ ദഹനത്തെ മെച്ചപ്പെടുത്തും. അച്ചാറിലെ പുളിയില്‍ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം, പ്രതിരോധശേഷി എന്നിവ വര്‍ധിപ്പിക്കുന്നു. ഇതിനായി ലെമണ്‍ ജ്യൂസ്, നാച്ചുറല്‍ വിനിഗര്‍ എന്നിവ ഉപയോഗിക്കുക. കടുക് എണ്ണ, നല്ലെണ്ണ, ഒലിവ് ഓയില്‍ എന്നിവ വളരെ കുറച്ച് ഉപയോഗിക്കുക.

0 Comments