തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികള്‍ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തില്‍ പതിമൂന്ന് മരണം സ്ഥിരീകരിച്ചു.
തൃശൂർ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനും 27നു പുലർച്ചെ നടത്തുന്ന വെടിക്കെട്ടിനും പകല്‍പ്പൂരത്തിന്റെ വെടിക്കെട്ടിനുമായി നിർമിച്ച കുഴിമിന്നികളടക്കം വമ്പൻ ശേഖരമാണ് പൊട്ടിത്തെറിച്ചത്.
കടുത്ത ചൂടാണ് സ്ഫോടനത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ആറായിരം കിലോയോളം വരുന്ന സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നെന്നാണു കരുതുന്നത്. നാല്‍പതുപേരോളം ജോലി ചെയ്തിരുന്നെന്നാണു വിവരം. മുണ്ടത്തിക്കോടിനു സമീപം പാടത്തിനു നടുവിലുള്ള വെടിക്കോപ്പ് നിർമാണ പുരയിലാണ് അപകടം.
അപകടത്തില്‍ പാടത്തുനിന്ന് ഏറെ അകലെയുള്ള വീടുകളിലെ ജനല്‍ ചില്ലുകള്‍ അടക്കം തകർന്നു. സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്റർ ദൂരത്തോളം അനുഭവപ്പെട്ടെന്നു നാട്ടുകാർ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ഭൂകമ്പമെന്നാണു പലരും കരുതിയത്. ഉച്ചയ്ക്കു മൂന്നരയോടെയാണു സ്ഫോടനമുണ്ടായത്.
പൊട്ടിത്തെറി തുടരുന്നതിനാല്‍ ഫയർഫോഴ്സിനും മറ്റു രക്ഷാ പ്രവർത്തകർക്കും അവിടേക്കെത്താൻ കഴിഞ്ഞിട്ടില്ല. മെഡിക്കല്‍ കോളജിനു പുറമേ, തൃശൂർ ജില്ലാ ആശുപത്രിയടക്കമുള്ള സമീപത്തെ ആശുപത്രികളും സജ്ജമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നല്‍കി.

0 Comments