കൊച്ചി: വൈദ്യുതി തൂണുകളില്‍ പരസ്യങ്ങള്‍ പതിപ്പിക്കുന്നവർക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാൻ കെഎസ്‌ഇബി തീരുമാനിച്ചു.പൊതുമുതല്‍ നശിപ്പിച്ചെന്ന വകുപ്പിലാണ് നടപടി. കേസിന് പുറമേ വൻതുക പിഴയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടങ്ങള്‍ ഉണ്ടായാല്‍ ഉടൻ വിവരമറിയിക്കാൻ തൂണുകളില്‍ മഞ്ഞ പശ്ചാത്തലത്തില്‍ നമ്പറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവ മറച്ച് കൊണ്ട് പരസ്യങ്ങള്‍ പതിപ്പിക്കുന്നത് അടിയന്തര സാഹചര്യങ്ങളില്‍ വലിയ തടസമാകുന്നുണ്ട്.
ഈ നിയമ ലംഘനങ്ങള്‍ വ്യാപകമായതോടെ കെഎസ്‌ഇബി ഉദ്യോഗസ്ഥർ പൊലീസിനെ സമീപിച്ചു. പരസ്യങ്ങള്‍ മാത്രമല്ല, തൂണുകളില്‍ കെട്ടുന്ന കൊടിതോരണങ്ങളും ഫ്ലെക്സ് ബോർഡുകളും ജീവനക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്. അറ്റകുറ്റപ്പണികള്‍ക്കായി തൂണുകളില്‍ കയറുന്ന ജീവനക്കാർക്ക് ഇവ തടസമാകുകയും ഷോക്കേല്‍ക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. കോടതി നിർദേശം നിലവിലുണ്ടെങ്കിലും പല സ്ഥലങ്ങളിലും വൈദ്യുതി തൂണുകള്‍ പരസ്യങ്ങളാല്‍ മൂടപ്പെട്ടിരിക്കുകയാണ്.
ഇത് അനുവദിക്കാനാവില്ലെന്ന് കെഎസ്‌ഇബി അധികൃതർ വ്യക്തമാക്കി. അതേസമയം, പോസ്റ്റുകളിലെ കേബിള്‍ കുരുക്കുകളും വലിയ പ്രശ്നമായി തുടരുകയാണ്. കേബിളുകള്‍ക്കിടയിലൂടെ നീങ്ങി മാത്രമേ ജീവനക്കാർക്ക് തൂണുകളില്‍ കയറാനാകൂ. ഇതോടെ കാലില്‍ കുടുങ്ങുന്നതിനൊപ്പം കഴുത്തില്‍ കേബിള്‍ ചുറ്റാനുള്ള സാധ്യതയും ഉയരുന്നു.
0 Comments