ഇടവഴിയിലെ ഓണം.




 ഓണത്തെക്കുറിച്ചുള്ള എൻ്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത് കുട്ടിക്കാലത്തെ ആകുലമായ തിരുവോണ പ്രഭാതങ്ങളാണ്. ഓണത്തിനെങ്കിലും ചായയിൽ പാൽ വേണമെന്ന് പിതാവ് തീരുമാനിക്കും! വീട്ടിലെ ഏക ആൺകുട്ടിയായ ഞാൻ ആ തീരുമാനം നടപ്പിലാക്കാൻ നിർബന്ധിതനാവും!അല്പം അകലെയുള്ള പരിചയക്കാരൻ്റെ വീടിൻ്റെ കോണിക്കരികിൽ പോയി ഞാൻ നിൽക്കും.വീട്ടുമുറ്റത്ത് നായ്ക്കളെ കാണുമ്പോൾ പടി കയറാൻ തോന്നില്ല! ഏറെ നേരം നിൽക്കുമ്പോൾ വീട്ടിലുള്ള ആരെങ്കിലും എന്നെ ഒരു നോക്കു  കാണണമെന്ന് കരുതി മേലോട്ട്  എന്തിവലിയും. നായയെ കാണുമ്പോൾ വീണ്ടും താഴോട്ടിറങ്ങും.,

 സുമനസ്സുകളായ ആരെങ്കിലും ആ വഴി വന്നിരുന്നെങ്കിൽ അവരുടെ സഹായത്തോടെ പാൽ വാങ്ങി പോകാമെന്ന് കരുതും. ആരും അത്ര നേരത്തെ വീട്ടിൽ നിന്നിറങ്ങി വരില്ലല്ലോ! ഉച്ചത്തിൽ വീട്ടുകാരെ വിളിച്ചാലോ എന്നും വിചാരിക്കും, പക്ഷേ അത് കേട്ട് ആദ്യം നായയാണ് ഓടി വരുന്നതെങ്കിലോ?

 ഇത്തരത്തിൽ പലതും ചിന്തിച്ച് ഒരുപാട് നേരം അങ്ങനെ കടന്നു പോകും. ഒടുവിൽ മുറ്റത്തും പറമ്പിലുമായി ഓടിക്കളിക്കുന്ന കുട്ടികളാരെങ്കിലും ഒരുവേള കോണിയിലേക്ക് നോക്കിയാൽ എന്നെ കാണുകയായി.

ഹാവൂ.. പിന്നെ അവരുടെ അകമ്പടിയോടെ ആ വീട്ടുമുറ്റത്തേക്ക്, തുടർന്ന് പാൽ വാങ്ങി തിരിഞ്ഞു തിരിഞ്ഞുനോക്കി പടികളിറങ്ങി വീട്ടിലേക്ക് .

ഓ, ഇനി അടുത്ത ഓണം എപ്പോഴാണാവോ?!

 *കരുണാകരൻ പേരാമ്പ്ര* 
 __ആർട്ടിസ്റ്റ് കാർട്ടൂണിസ്റ്റ്_

Post a Comment

0 Comments