അതിരുകൾ ഭേദിച്ച ആഘോഷം

ഓർമ്മയിലെ ഓണം.




കുട്ടിക്കാലത്തെ ഓണമാണ് മധുരമായി ഇന്നും ഓർമ്മയിൽ ഓളം വെട്ടുന്നത്. ചിങ്ങമാസം പിറന്നാൽപ്പിന്നെ മുതിർന്നവർ ഓണത്തെപ്പറ്റി ഓർമ്മപ്പെടുത്തുകയും ഒരുക്കങ്ങൾക്ക് തയ്യാറെടുക്കുകയും ചെയ്യുന്നു. ഓണക്കോടിയും ഓണപ്പാട്ടും ഓണസദ്യയും മനസ്സിൽ പൂക്കളം തീർക്കുന്നു. അതിലെല്ലാമുപരിയായുള്ളത് സ്വാതന്ത്ര്യവും ഒരുമയും അനുഭവിക്കുന്നതിന്റെ പറഞ്ഞറിയിക്കാൻ പറ്റാത്ത ആഹ്ലാദം തന്നെയാണ്. രാവിലെത്തന്നെ കുളി കഴിഞ്ഞ് മുറ്റത്ത് പൂക്കളമൊരുക്കി കഴിഞ്ഞാൽ ഓണക്കോടിയുടുത്ത് വേലിക്കെട്ടുകളും കവാടങ്ങളും അതിർത്തികൾ തീർത്തിട്ടില്ലാത്ത അയൽവീടുകളിലും ബന്ധുവീടുകളിലും പറവകളെപ്പോലെ സ്വതന്ത്രമായി പാറിനടന്ന് സൗഹൃദം പങ്കുവെയ്ക്കാറുണ്ടായിരുന്നു. എവിടെയും കയറിച്ചെല്ലാം, എവിടെ നിന്നും പൂക്കൾ പറിയ്ക്കാം, പ്രായഭേദമെന്യേ ആരോടും ഇടപഴകാം എന്നതൊക്കെ സ്വാതന്ത്ര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ശുഭസൂചകങ്ങളാണ്. ഇല്ലായ്മകളും വല്ലായ്മകളും ഗൗനിക്കാതെ എല്ലാവരും ഒറ്റ മനസ്സായി ഇടപഴകുന്നതു തന്നെ വലിയ ആനന്ദദായകമാണ്. മതിമറന്നുളള കളികളും മത്സരങ്ങളുമൊന്നും വിജയപരാജയങ്ങളുടെതായിരുന്നില്ല, മറിച്ച് ആനന്ദത്തിന്റേതുതന്നെയായിരുന്നു. അസമത്വത്തിന്റെയും വിഭാഗീയതകളുടെയും അതിരുകൾ ഭേദിച്ച ഓണം ഈയവസരത്തിൽ ഓർമ്മയിലുണരുന്നു.


രവീന്ദ്രൻ കൊളത്തൂർ.
കവി.

Post a Comment

0 Comments