ഉളളിവർഗ പച്ചക്കറികളിൽ അഗ്രഗണ്യനാണ് സവാള എന്ന് തന്നെ നിസംശയം പറയാം. കേരളക്കരയിൽ പാചകം ചെയ്യുന്ന ഒട്ടു മിക്ക കറികളിലും സവാളയുടെ മണവും രുചിയും നിറഞ്ഞു നിൽക്കാറുണ്ട്. ഇത്തരത്തില്‍ അടുക്കളയില്‍ ഒഴിവാക്കാനാകാത്ത ഒരു ഭക്ഷണ വസ്തുവാണ് സവാള, കാരണം അവ പല വിഭവങ്ങളുടേയും അടിസ്ഥാന ചേരുവകളില്‍ ഒന്നാണ്. സവാള ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ്.
കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ സവാളയില്‍ അടങ്ങിയിട്ടുളതിനാൽ അവ നിത്യേനെ ഭക്ഷണത്തിൽ ഉൾപെടുത്തുന്നതോടെ നമ്മുടെ ആരോഗ്യം വളരെ നല്ല രീതിയിൽ മെച്ചപ്പെടുത്താൻ സാധിക്കും.
വിത്തിനങ്ങൾ
അഗ്രിഫൌണ്ട് ഡാര്‍ക്ക്റെഡ്, അര്‍ക്ക കല്യാണ്‍, എന്‍-53, അര്‍ക്കാ നികേതന്‍ എന്നീ ഇനങ്ങളാണ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവ.
നടീൽരീതി :
മഞ്ഞുമാസ കൃഷിയാണ് കേരളത്തില്‍ സവാളയ്ക്ക് അനുയോജ്യം. അതായത് ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിൽ കൃഷി ഫലപ്രദമാകും എന്നർത്ഥം. ഒക്ടോബര്‍ – ഡിസംബർ മാസങ്ങളില്‍ ട്രെയിലോ മറ്റോ വിത്തുകള്‍ പാകുക, അതിലൂടെ അവയെ മഴയില്‍ നിന്നു സംരക്ഷിക്കാനാകും. തുലാവര്‍ഷം കഴിയുമ്പോൾ ഇവയെ കൃഷിയിടത്തിലേക്ക് മാറ്റി നടാം. എന്നാൽ ഗ്രോ ബാഗിലും മറ്റും നേരിട്ട് കിളിര്‍പ്പിച്ചു തന്നെ വിളയിക്കാവുന്നതാണ്.
നല്ല നീർവാഴ്ച ഉള്ള മണ്ണില്‍ സവാള കൃഷി ചെയ്യണം എന്നത് നിർബന്ധമാണ്, അല്ലെങ്കില്‍ അഴുകൽ ഉണ്ടാവും. ഇളക്കമുള്ള മണ്ണാണ് അനുയോജ്യം. വിത്തുകള്‍ പാകുമ്പോൾ ചകിരിചോര്‍, കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ ചേര്‍ത്തു തയ്യാറാക്കിയ മിശ്രിതത്തില്‍ ട്രൈക്കൊടെര്‍മ ചേര്‍ത്താല്‍ ഫംഗസ് രോഗ ബാധ തടയാം.
പിന്നീടു ഒരാഴ്ചയ്ക്ക് ശേഷം സ്യൂഡോമോണാസ് നല്‍കാം. ഇനി, മാറ്റിനടാൻ പാകം കഴിയുമ്പോൾ തൈകള്‍ക്ക് അരയടി എങ്കിലും നീളം ആകും. നന്നായി കിളച്ചു ഇളക്കി, കല്ലും കട്ടയും നീക്കിയ മണ്ണിലേക്ക് അരയടി അകലത്തില്‍ തൈകള്‍ നടാം.```
നനയ്ക്കുന്ന രീതി :
നനയ്ക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽകണം. വളരെ ആവശ്യമായ സമയത്ത് മിതമായി മാത്രം നനച്ചു കൊടുക്കണം. നന കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. നന കുറഞ്ഞാൽ ചെടി ഉണങ്ങിപ്പോകും, വേരുകൾ നേർത്തതായതിനാൽ വെള്ളം കൂടിയാൽ എളുപ്പത്തിൽ ചീഞ്ഞും പോകും.
പരിചരണം:
അടിസ്ഥാനവളമായി സെന്റൊന്നിന് 350 ഗ്രാം യൂറിയ, 800 ഗ്രാം രാജ്ഫോസ്, 200 ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കണം. നട്ട് ഒരുമാസത്തിനുശേഷം 350 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും നൽകണം. വളപ്രയോഗത്തിനുശേഷം ചെറുതായി മണ്ണ് ചുവട്ടിലേക്ക് കയറ്റിക്കൊടുക്കണം.
മണ്ണിലെ ഈർപ്പത്തിന്റെ തോതനുസരിച്ച് ജലസേചനം ക്രമീകരിക്കണം. അതോടൊപ്പം പൂർണമായി സൂര്യപ്രകാശം ഉള്ളി കൃഷിക്ക് അത്യാവശ്യമാണ് എന്നത് ഓർക്കുക. കൂടാതെ ജൈവവളം, ചാണകപ്പൊടി, കടലപിണ്ണാക്ക് പുളിപ്പിച്ചത് തുടങ്ങിയവ വളമായി നൽകിയാൽ നല്ല വളർച്ച ഉണ്ടാവും.```
ഗുണങ്ങൾ:
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും: ഹൃദയത്തെ പൊന്നുപോലെ കാക്കാൻ സവാളയ്ക്ക് സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ ഘടകങ്ങൾ, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. പ്ലേറ്റ്ലറ്റ് അടിയുന്നത് തടയാനും സവാള സഹായിക്കും. ഇതുവഴി സവാള ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നു.
പ്രമേഹത്തെ നിയന്ത്രിക്കും : സവാളയിൽ അടങ്ങിയിട്ടുള്ള ക്വർസെറ്റിൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നല്ലതുപോലെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്.
പ്രതിരോധശേഷി വർധിപ്പിക്കും : സവാളയിൽ കൂടുതലായി അടങ്ങിയിട്ടുള്ള വിറ്റാമിൻ സി,ശരീര കോശങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും
ക്യാൻസറിനെ പ്രതിരോധിക്കും : സവാളയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളും ഓർഗാനോ സൾഫർ ഘടകങ്ങളും ക്യാൻസറിനെ നന്നായി പ്രതിരോധിക്കാൻ സഹായിക്കും. പ്രോസ്റ്റേറ്റ് ക്യാൻസർ, വൃക്കയിൽ ക്യാൻസർ, വായിലെ ക്യാൻസർ, സ്തനാർബുദം തുടങ്ങിയവയൊക്കെ പ്രതിരോധിക്കാൻ സവാളയ്ക്ക് സാധിക്കും.
രോഗങ്ങളും കീടങ്ങളും
സവാള കൃഷിയിൽ കാണുന്ന പ്രധാന കീടങ്ങളാണ് ഇലതീനിപ്പുഴു, ഇലചുരുട്ടിപുഴു, മുഞ്ഞ എന്നിവ. ഇവക്കെതിരെ പുകയിലകഷായം സപ്രേ ചെയ്യുക, അതോടൊപ്പം 20g വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സപ്രേ ചെയ്യുക.
കൂടാതെ 5% വീര്യമുള്ള വേപ്പിൻ കുരുസത്ത്, വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം, എന്നിവയെല്ലാം മേൽ പറഞ്ഞ കീടങ്ങളെ അകറ്റാൻ ഉത്തമമാണ്. മുഞ്ഞയുടെ ആക്രമണം കൂടുതലായി കണ്ടാൽ ചെറു ചൂടോടെ ചാരം എടുത്ത് ഇലകളിൽ വിതറുന്നതും ഫലപ്രദമാണ്.```
വിളവെടുപ്പ്
പറിച്ചുനട്ട് മൂന്നര-നാലു മാസമാകുമ്പോൾ വിളവെടുക്കാം. ചെടികളുടെ ഇലകൾ ഉണങ്ങിത്തുടങ്ങുന്നതാണ് മൂപ്പെത്തിയതിന്റെ ലക്ഷണം. ചെടികളുടെ ചുവട്ടിലെ മണ്ണ് മാറ്റിനോക്കിയാൽ സവാളയ്ക്ക് ചുവന്നനിറം ലഭിച്ചിട്ടുണ്ടെങ്കിൽ വിളവെടുക്കാൻ പാകമായെന്ന് അനുമാനിക്കാം. ശ്രദ്ധിക്കേണ്ട കാര്യം, വിളവെടുക്കുന്നതിന് പത്തുദിവസംമുൻപ് നന നിർത്തേണ്ടതാണ് എന്നതാണ്.
കടപ്പാട് : ഓൺലൈൻ
🌱
അനൂപ് വേലൂർ

0 Comments