കോഴിക്കോട് : NH 766 മാനാഞ്ചിറ– മലാപ്പറമ്പ്– വെള്ളിമാടുകുന്ന് റോഡ് വികസന പദ്ധതിയുടെ അനിശ്ചിതമായി കിടന്ന മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള ഭാഗത്തെ നിർമ്മാണത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചു. മന്ത്രാലയം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ നിലച്ചുപോയിരുന്ന മലാപ്പറമ്പ്–വെള്ളിമാടുകുന്ന് മൂന്ന് കിലോമീറ്റർ ഭാഗത്തെയും വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈ 30 ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് വിഷയം ഉന്നയിച്ചിരുന്നു. അതിനെ തുടർന്നാണ് മന്ത്രലയം അനുമതി നൽകിയത്.
പദ്ധതിയുടെ അന്തിമാനുമതിക്ക് മുന്നോടിയായി, മലാപ്പറമ്പ് – വെള്ളിമാടുകുന്ന് റോഡ് വികസന പദ്ധതിയെ കേന്ദ്ര വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗം മുഖേന നടപ്പിലാക്കുന്നതിനായി വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) സമർപ്പിക്കണമെന്ന് മന്ത്രാലയം സംസ്ഥാനത്തോട് നിർദ്ദേശിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
മൊത്തം എട്ട് കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് വികസന പദ്ധതി വർഷങ്ങളായി വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുകയായിരുന്നു.
കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766-ന്റെ ഭാഗമായ മലാപ്പറമ്പ്-വെള്ളിമാടുകുന്ന് മൂന്ന് കിലോമീറ്റർ ദൂരത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നിർമ്മാണ പ്രവൃത്തികൾക്ക് എൻ.എച്ച്.എ.ഐയുടെ അനുമതി അനിവാര്യമായിരുന്നു. സമയബന്ധിതമായി അനുമതി നേടുന്നതിൽ സംസ്ഥാന സർക്കാറും നൽകാൻ കേന്ദ്രവും വൈകിയതോടെ, മാനാഞ്ചിറ-മലാപ്പറമ്പ് ഭാഗത്തെ വികസന പ്രവർത്തനം മാത്രമായി സംസ്ഥാനം മുന്നോട്ട് പൊകുകയായിരുന്നു.
അനുമതി ലഭിക്കാത്തത് പദ്ധതിയുടെ സമഗ്രമായ പൂർത്തീകരണത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് എം.പി എന്ന നിലയിൽ കഴിഞ്ഞ മാസം കേന്ദ്രമന്ത്രിയെ സമീപിച്ചത്. ഈ കൂടിക്കാഴ്ചയാണ് പദ്ധതിക്ക് നിർണായക വഴിത്തിരിവായത്.
0 Comments