എൻ്റെ ഓണത്തപ്പൻ.




  എനിക്കന്ന് പത്ത് വയസ് ഉണ്ടാവും. എന്നത്തേയും പോലെ അന്നും സ്കൂളിൽനിന്നും വീട്ടിലെത്തി. വന്നപാടെ അകത്തേക്കോടി ബാഗും കുടയും വച്ചു. നാളെ അത്തം തുടങ്ങുവാണ് പൂക്കളം ഉണ്ടാക്കണം കൂടെ സഹായിക്കാൻ ആരുമില്ല .ചേട്ടനുണ്ട്. ഉണ്ടായിട്ടും കാര്യമില്ല പുള്ളിക്കാരന് ഇതിലൊന്നുംതാൽപര്യമില്ല.

എൻ്റെ മനസ്സിലെ ആഗ്രഹം.
നാളെ ഞാൻ അത്തപൂക്കളമിട്ടിരിക്കും മനസ്സിലുറപ്പിച്ചു.

  നേരെ അടുക്കളയിൽ കയറി വിശപ്പുമാറ്റി.വേഗം ചെന്ന്  ചായ്പ്പിൽ വച്ചിരുന്ന തൂമ്പയുമെടുത്തു തൊടിയിലേയ്ക്ക് വച്ചുപിടിച്ചു. തൂമ്പയുടെ നീളവും ഭാരവും എന്നെ നന്നേ വിഷമിപ്പിച്ചു.. തോറ്റുപിന്മാറാൻ ഞാനൊരുക്കമല്ലായിരുന്നു.തൊടിയിൽനിന്നും ആവശ്യത്തിനുള്ള കളിമണ്ണ് ശേഖരിച്ചു വീടിൻ്റെ മുറ്റത്തെത്തിച്ചു. ഇനിയാണ് ശരിക്കുള്ള പണി.
മുറ്റത്തെ മുല്ലയും റോസയും കിണറ്റുക്കരയിലെ തുളസിയും എൻ്റെ ആഗ്രഹം മനസ്സിലാക്കിയതുപോലെ മന്ദഹസിച്ചു. 
പിന്നെ ഞാനും ചേറും കൂടി ഒരു യുദ്ധമായിരുന്നു. ചേറുകുഴച്ച് പടികൾ വച്ചുപിടിപ്പിച്ചു. ഒന്നുംരണ്ടുമല്ല പത്ത് പടികൾ.പത്ത് അത്ത ദിനങ്ങൾ.മനോഹരവർണ്ണങ്ങൾ നിറഞ്ഞുനിൽക്കുന്ന പൂക്കളത്തിൻ്റെ സ്വപ്നം എൻ്റെ പണി വേഗത്തിലാക്കി. എല്ലാം കഴിഞ്ഞു അവിടമാകെ വൃത്തിയാക്കി. എൻ്റെ ദേഹമാകെ വൃദ്ധികേടും.
സമയം സന്ധ്യയായി.
കുളിച്ചു വന്നു ഉമ്മറത്ത് വിളക്ക് വച്ചു.
 അമ്മമ്മയുടെ വിളി. 'ചായകുടിച്ചിട്ടു പഠിക്കാൻ നോക്ക് നാളേയും സ്കൂളിൽ പരീക്ഷയുള്ളതാണ്.'
ഓർമ്മപ്പെടുത്തൽ.
ഞാൻ എൻ്റെ ചായയും കൊറിക്കാനുള്ള കായവറുത്തതുമായി വരാന്തയുടെ തിണ്ണയിലിരുന്നു. ഞാനുണ്ടാക്കിയ പൂക്കളം നോക്കിക്കൊണ്ട് അസ്വദിച്ചു ചായകുടിച്ചു.
അന്ന് അത്താഴം കഴിഞ്ഞു ഉറങ്ങുമ്പോഴും നാളെ രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് പൂക്കളമിടുന്നത്തിൻ്റെ ചിന്തയിലായിരുന്നു.

എന്നും രാവിലെ പലവട്ടം വിളിച്ചാൽ മാത്രം എഴുന്നേൽക്കുന്ന ഞാൻ.അതിരാവിലെയുള്ള കുളിർമ്മയിൽ മൂടിപ്പുതച്ച് ചുരുണ്ടുകൂടികിടക്കാൻ ഹാ ..എന്ത് സുഖം.
ആരും തന്നെ വിളിക്കാതെ എഴുന്നേറ്റു. നല്ല തണുത്ത വെള്ളം.കൈയൊന്നുതൊട്ടപ്പോഴേ ഗ്ളൂ... നല്ലത്തണുപ്പാണല്ലോ.
പൂക്കളം...!?
പിന്നെ പെട്ടെന്ന് പല്ലുതേച്ചുക്കുളിച്ചു വസ്ത്രം മാറി മുറ്റത്തിറങ്ങി.

സൂര്യൻ അങ്ങകലെ വെള്ളകീറി തുടങ്ങി.തലേദിവസത്തെ ചാറ്റൽ മഴയിൽ എൻ്റെ പൂക്കളത്തിലും ചെടികളുടെ തലപ്പത്തും വെള്ളത്തുള്ളികൾ തങ്ങിനിൽക്കുന്നു.
തൊഴുത്തിലെ പൂവാലിയുടെ ചാണകം കൊണ്ട് പടികൾക്ക് മുകളിൽ ഗണപതി ഭഗവാനെ കുടിയിരുത്തി. പിന്നെ തട്ടുകൾ മെഴുകിയൊരുക്കി.കൈകഴുകിവരുമ്പോഴേക്കും സൂര്യ രശ്മികൾ റോസയിലും മുല്ലവള്ളികളിലും തങ്ങിനിൽക്കുന്ന  വെള്ളത്തുള്ളികളെ ചിരിപ്പിച്ചു തുടങ്ങിയിരുന്നു.തുളസിച്ചെടിയിൽ നിന്നും ഒരു കതിർ പൊട്ടിച്ചെടുത്തു ഗണപതിക്ക് ചാർത്തി. ഒന്നാം ദിവസം ഒരു നിറം അതു' തുളസി ' ആയതിനാൽ തുളസിയില അടുക്കി പൂർത്തീകരിച്ചു. കുറച്ചുനേരം നോക്കിനിന്നു അസ്വദിച്ചു.കൂവളചില്ലയിലിരുന്നു അണ്ണാറക്കണ്ണൻ അസൂയമൂത്ത് ചിലച്ചു.
പുറകിലേ കാൽപ്പെരുമാറ്റത്തോടെയുള്ള ശബ്ദം അമ്മമ്മ.

"നീ ഇതെപ്പോൾ എഴുന്നേറ്റു.കുത്തി തള്ളിയാൽ എഴുന്നേൽക്കാത്തെ പെണ്ണാണ്..." ഞാൻ ചിരിച്ചു.
 അമ്മമ്മയ്ക്ക് പൂക്കളം കണ്ടപ്പോൾ സന്തോഷമായി. തോളിൽ തട്ടിഅഭിനന്ദിച്ചു.
അഭിമാനത്തോടെയും അതിലേറെ സന്തോഷത്തിലും തുള്ളിച്ചാടി അകത്തുപോയി.
അഞ്ചാം ക്ലാസിലെ മലയാളപദ്യം ഒന്നുരണ്ടു തവണ പറഞ്ഞുനോക്കി. ഇന്നത്തെ പരീക്ഷക്ക് വരാവുന്നകുറച്ചു 
ചോദ്യങ്ങൾ മറിച്ചുനോക്കി.
 അല്പം ഉച്ചത്തിലുള്ള പദ്യം ചൊല്ലൽ  ചേട്ടൻ്റെ ഉറക്കം മുറിഞ്ഞു. ദേഷ്യത്തോടെ എഴുന്നേറ്റു.കാരണമുണ്ട്. രാവിലെ എഴുന്നേറ്റ് പഠിക്കാത്തതിനു അമ്മമ്മയിൽ നിന്നും വഴക്കുകിട്ടും. ഞാൻ കുനിഞ്ഞിരുന്നു ചിരിച്ചുകൊണ്ട് സ്കൂളിൽ കൊണ്ടുപോകാനുള്ളത് അടുക്കിവച്ചിട്ടു അടുക്കളയിലേക്കുപോയി.അമ്മമ്മ അവിടെ പാചക കസർത്തിലും എന്നെ കണ്ടതും ചായ കുടിക്കാൻ തന്നു. ചായയുമായി അവിടെയുള്ള അരിപ്പെട്ടിയുടെ മൂലക്ക് സ്ഥാനംപിടിച്ചു.
ജോലിക്കിടയിൽ ചേട്ടൻ എഴുന്നേറ്റവിവരവും അന്നത്തെ പരീക്ഷാ വിഷയവും സംസാരിച്ചു.പാവം അമ്മമ്മ, 
ചായ കുടിച്ചു കഴിഞ്ഞതും നെയ്യ് കോരിയൊഴിച്ചു മുരിയിച്ച ദോശയും സാമ്പാറും തന്നു കഴിച്ചുകൊണ്ടിരുന്നപ്പോൾ അമ്മമ്മയുടെ ചെറുമോൻ കൊഞ്ചിച്ചു കൊണ്ടുവന്നു. 
'ഈ പെണ്ണിന് ഇങ്ങനെ കൊടുക്കണ്ട അമ്മമ്മാ എനിക്ക് വിശന്നിട്ടുവയ്യേ.' അമ്മമ്മക്ക് അവനോട് അല്പം സ്നേഹക്കൂടുതലുണ്ട്. 'മോനും ഉണ്ടല്ലോ ഇരുന്നോ.'
അമ്മമ്മ എൻ്റെ തലമുടി രണ്ടായി പിന്നി റിബൺ കെട്ടിതന്നു. ബാഗും കുടയുമെടുത്ത് യാത്ര പറയുമ്പോൾ എല്ലാം ഓർമ്മിച്ചെഴുതണം എന്നുള്ള ഓർമ്മപ്പെടുത്തൽ.
വീടിൻ്റെ പടികൾ ഇറങ്ങുമ്പോൾ ഞാൻ പൂക്കളം അഭിമാനത്തോടെ ഒന്നുകൂടിനോക്കി.

കൽപ്പടവുകളിറങ്ങി താഴെ തൊടിയ്ക്കപ്പുറത്തെ പാടവരമ്പത്തുകൂടി  നടക്കുമ്പോൾ എന്നത്തേയും പോലെ ഇന്നും എൻ്റെ കാലുകൾ വിറച്ചു. തൊടിയിൽനിന്നും പാടവരമ്പിൽ കയറാൻ രണ്ട് തെങ്ങിൻ തടികൾ ചേർത്തിട്ടിരിക്കുന്നതാണ് പാലം.അടിയിൽ അധികം വെള്ളമില്ലാത്ത തോടും.
രാവിലത്തെ ഇളം വെയിലും കുളിർക്കാറ്റും ആസ്വാദിച്ചുള്ള നടത്തം എത്ര മനോഹരം. ദൂരം അറിയുന്നേയില്ല.
സ്ക്കൂളിൽ എത്തുമ്പോഴേക്കും ഫസ്റ്റ് ബെൽ മുഴങ്ങി.ബെഞ്ചിൽ ഒരറ്റത്ത്
സ്ഥാനംപിടിച്ചു. അഞ്ചാം ക്ലാസ് മുതലാണ് പേപ്പറും പേനയും .പരീക്ഷക്ക് . പഠിച്ചതിൽ അധികവും വന്നതിനാൽ ബുദ്ധിമുട്ടില്ലാതെ എഴുതാൻ കഴിഞ്ഞു.
ഉത്തരക്കടലാസ്  ടീച്ചറെ ഏൽപ്പിച്ചു പുറത്തുവന്നു .അത്തപ്പൂക്കളം ഉണ്ടാക്കിയ വിശേഷം കൂട്ടുകാരുമായി പങ്കുവച്ചു.ഉച്ചയോടെ വീട്ടിലേയ്ക്ക് തിരിച്ചു തുടക്കത്തിൽ കൂട്ടുകാരുണ്ടായിരുന്നു..വരുന്നവഴി അവരിൽ പലരുടെയും വീടെത്തിയിരുന്നു. നല്ലച്ചൂടുള്ളവെയിൽ.വല്ലപ്പോഴും പാടത്തുനിന്നും കിട്ടുന്ന കാറ്റ് ആശ്വാസം. നടന്നുനടന്നു തൊടിയുടെ ഇപ്പുറമെത്തി . തടിപ്പാലം കാലുകൾ വിറച്ചുകൊണ്ട് നടന്നു നീങ്ങി. ആശ്വാസത്തോടെ പടവുകൾ കയറി വരാന്തയിലെ കൈവരിയിൽ ഇരുന്നുകൊണ്ട് വിളിച്ചു 'അമ്മമ്മേ...വെള്ളം.'
കൊണ്ടുവന്ന വെള്ളമത്രയും കുടിച്ചു..
'പരീക്ഷക്ക് എല്ലാം എഴുതിയോ കുട്ടി...' 'അതെ.
പഠിച്ചതൊക്കെയാ. ..ചോദിച്ചത് .അതുകൊണ്ട്..എളുപ്പമായിരുന്നു."
' ഉം..'
വേഷം മാറി വന്നു ചോറൂം കഴിചേച്ചൂ പോകൂ.'
അമ്മമ്മയ്ക്ക് ഉച്ചയൂണ് കഴിഞ്ഞൊരു ഉറക്കം പതിവാണ്.
ഞാൻ വേഷം മാറിവന്നു അരിപ്പെട്ടിയുടെ അരികിലിരുന്നു.അടുത്തുതന്നെ അമ്മമ്മയും ഇരുന്നു ചോറുകഴിച്ചു.സ്കൂളിലെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടു ഞാനും കഴിച്ചു.
അമ്മമ്മയുടെ അടുത്ത് .ബാലരമയുടെ പേജുകൾ മറിച്ചു നോക്കിക്കൊണ്ടു കിടന്നു ഞാൻ. എപ്പോഴോയുറങ്ങിപോയിചേട്ടൻ്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു കൊണ്ടുണർന്നു.
പഴംപൊരിയുടെ മണം. എഴുന്നേറ്റ് മുഖം കഴുകിയിട്ടു. അവിടേക്ക് ചെന്നു.
ചേട്ടൻ്റെ കളിയാക്കൽ.
"മണംപിടിച്ചു വന്നു പെണ്ണ്."
" ഓ... എനിക്ക് വേണ്ട.". പോകാൻ തുടങ്ങുമ്പോൾ അമ്മമ്മ എനിക്കും തന്നു രണ്ട് പഴം പൊരിയും ചായയും.അതുമായി വരാന്തയിൽ വന്നിരുന്നു.

പാടവറമ്പത്തുകൂടി കൈകോട്ടുമായി നടന്നുനീങ്ങുന്ന പണിക്കാർ.പശുക്കളെ അഴിച്ചുകൊണ്ടുപോകുന്നവർ. പിന്നെ ഒന്നോ രണ്ടോ ആൾക്കാർ പോയാലായി.
വരാന്തയിൽ കത്തിനിൽക്കുന്ന നിലവിളക്ക്. പ്രകാശം കുറഞ്ഞ വൈദ്യുതിവിളക്കിനെക്കാളും കേമൻ.
പ്രാർത്ഥിച്ചിട്ടു പുസ്തകം മുന്നിൽ വച്ചു പാഠഭാഗം വായിച്ചു.
അത്താഴശേഷം ഉറങ്ങാൻ കിടക്കുമ്പോൾ നാളെ ഒരുക്കാനുള്ള പൂക്കളമായിരുന്നു മനസ്സുനിറയെ. രണ്ടാം നാൾ തുമ്പയും മൂന്നാം നാൾ തെറ്റിയും അടുത്തത് മുല്ലയും തുടർന്നുള്ള ദിവസങ്ങളിൽ കൂവളവും റോസും ചെമ്പരത്തിയും ശംഖുപുഷ്പവും ചെണ്ടുമുല്ലയും പത്താം നാൾ അത്തം പത്ത് തിരുവോണം.
ഉത്രാടദിനത്തിൽ വീട്ടിൽ ഓണമാണ്. ബന്ധുക്കളും അടുത്തറിയുന്ന പരിച്ചയക്കാരുമൊക്കെ ഉണ്ടാവും..
അമ്മമ്മയെ കാണാൻ വരുന്നെ എന്നാണ് പറയുന്നെ.എല്ലാം ഓരോരോ അഭിനയങ്ങൾ. കുറേ കഷ്ടപ്പാടും ചിലവുകളും മിച്ചം. നാലാം ഓണം കൂടിയിട്ടെ അതിൽപലരും പോകത്തുള്ളൂ.
സ്വന്തം വീട്ടിൽ അന്യരാവുന്നു നമ്മൾ.
നാളെ തുരുവോണം.
വീട്ടിലെ പൂക്കൾ മതിയാവില്ല. ഇലക്കുമ്പിളുമായി പറമ്പിലും തൊടിയിലും അടുത്തവീട്ടിലെ രേണുചേച്ചിയുടെ  പൂന്തോട്ടത്തിലും എത്തി.എന്നോടുള്ള സ്നേഹം കൊണ്ട് ചേച്ചി കുറേ പൂക്കൾ തന്നു..
ഒരാളെപ്പോലും രേണുചേച്ചി പൂന്തോട്ടത്തിൽ കയറ്റാത്തേയാ.
പൂക്കൾ കിണറ്റുകരയിൽ സൂക്ഷിച്ചു.
വീട്ടിലെ ബഹളങ്ങളിൽ ഒറ്റപെട്ടതുപോലെ അലഞ്ഞുനടന്നു..സൽക്കാരങ്ങളുടെതിരക്കിൽ അമ്മമ്മയും മറന്നതുപോലെ.അത്താഴത്തിനു കഴിച്ചെന്നുവരുത്തി.നാളത്തെ പ്രഭാതം എൻ്റേതുമാത്രമെന്നു മസ്സിലുറപ്പിച്ചു കിടന്നു.
അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ഈറനോടെ ഞാൻ പൂക്കളം ഒരുക്കാൻ തുടങ്ങി. നല്ല തണുപ്പുണ്ടായിട്ടും വിയർക്കുവായിരുന്നു.തുളസി, തുമ്പ, തെറ്റി,കൂവളം,പിച്ചി,റോസ, ജമന്തി, ശംഖുപുഷ്പം,അരളി, മന്താരം... കഴിഞ്ഞു.
അവസാനത്തെ മിനുക്ക് പണിയും കഴിഞ്ഞു അവിടമാകെ വൃദ്ധിയാക്കി.
ഓണത്തപ്പനെ വരവേൽക്കാൻ നിലവിളക്കുംവച്ചൊരുക്കുംകഴിഞ്ഞു ഞാനെഴുന്നേറ്റു...കുറച്ചുനേരം നോക്കിനിന്നു അഭിമാനത്തോടെ.
പുത്തനുടുപ്പും പാവാടയുമുണ്ടെങ്കിലും ഇട്ടില്ല.
സ്ക്കൂളിൽ പോകുമ്പോൾ കൂട്ടുകാരെ കാണിക്കാൻവേണ്ടിയാണ്.
അടുക്കളയിൽ വിശ്രമമില്ലാതെ അമ്മമ്മ.
എന്നേകണ്ടിട്ടെന്നോണം.
" എന്താ വേണ്ടത് എടുത്ത് കഴിച്ചോ".
ഞാൻ പാത്രമെടുത്ത് ഇഡലിയും സാമ്പാറും എടുത്തു. ചേട്ടൻ പിടിച്ചുവാങ്ങി.
" നീ വേറേ എടുത്തോ."
വീണ്ടുമൊരു പാത്രത്തിൽ ഇഡലിയും സാമ്പാറും എടുത്ത് ചേട്ടൻ്റെ അടുത്തുവന്നിരുന്നു.

"പെണ്ണേ... നിൻ്റെ പൂക്കളം സൂപ്പർ.കേട്ടോ".
.സന്തോഷം തോന്നി...
'എൻ്റെ കൂട്ടുകാർ വരും അത്തം പൊളിക്കാൻ. അവർക്ക് പൈസകൊടുക്കണം.നിൻ്റെ കൈയിൽ ഉണ്ടോ..?"
" രണ്ടുരൂപയുടെ നോട്ട് .
ഞാൻ ഒരാവശ്യത്തിന് വച്ചിരുന്നതാണ്.
സാരമില്ല..കൊടുക്കാം.. ഈ തിരക്കിനിടയിൽ അമ്മമ്മയോട് ചോദിക്കണ്ട."
പറഞ്ഞതുപോലെ കുറേ കുട്ടികൾ . കരിയില ദേഹത്ത് ചുറ്റിക്കെട്ടി പാളയിൽ തീർത്ത മുഖമൂടിയുമായി തുള്ളിച്ചാടിയും 
തകരപ്പാട്ട കൊട്ടിയും കൂടെകൂടിയവരും ആടിത്തിമിർത്തു.
ചേട്ടനും അവരോടൊപ്പം കൂടി.തുമ്പിത്തുള്ളി അത്തമിളക്കി. കാഴ്ചക്കാരായി വിരുന്നുകാരും.ഇല്ലാസമയത്ത് അമ്മമ്മയുടെ എത്തിനോട്ടം ഒരുമിന്നായംമ്പോലെ ഞാൻ കണ്ട്.
മഴ പെയ്തു തോർന്നതുപോലെ എല്ലാം അവസാനിച്ചു.

അമ്മമ്മ രണ്ടുദിവസം മുന്നേ മൂവാണ്ടൻ മാവിൽ കെട്ടിച്ചുതന്ന ഊഞ്ഞാലിൽ യിരുന്നാടി. മാവിൻങ്കൊമ്പത്തു ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണനും എന്നോടൊപ്പംകൂടി....
വിരുന്നുകാരൊഴിഞ്ഞു...കൂട്ടുകാരെ കാണിക്കാൻ ഓണക്കോടിയും ഫിറ്റുചെയ്ത്  സ്കൂളിലേയ്ക്ക് ഞാനും.
                                  
                                             
   -ബിന്ദു.എസ്.                 തിരുവനന്തപുരം

Post a Comment

0 Comments