ഓർമ്മയിലെ ഓണം.
അയലത്തെ തൊടികളിലെല്ലാം അലഞ്ഞു തിരിഞ്ഞ് പൂക്കൾ പറിച്ചുകൊണ്ട് വന്നു പൂക്കളം തീർത്ത അത്തം മുതൽ തുടങ്ങുന്ന ഓണക്കാലം. ആ കാലങ്ങളെ കേരളത്തിലേക്ക് പൂക്കളെത്തിച്ച് സഹായിക്കുന്ന അയൽ സംസ്ഥാനത്തുനിന്നും ഓർത്തെടുക്കുന്നു.
അത്തത്തിനു തലേന്നാൾ നിലം വൃത്തിയാക്കി ചാണകം മെഴുകി ഒരുക്കുന്ന ഉമ്മറമുറ്റത്ത് കല്ലും മണ്ണും ചേർത്ത് വൃത്തത്തിലും ചതുരത്തിലും ഒക്കെ ഒരുക്കിയെടുക്കുന്ന പൂത്തറകൾ. അത്തം നാൾ രാവിലെ എഴുന്നേറ്റ് പൂത്തറയ്ക്ക് കുഴപ്പമൊന്നുമില്ല എന്ന് കാണുമ്പോൾ ഉണ്ടാകുന്ന ഒരാശ്വാസത്തിൽ ഒന്നുകൂടി ചാണകം മെഴുകി മിനുക്കിയെടുക്കും. പിന്നെ ഓട്ടമാണ് തുമ്പയും,അരിപ്പൂവും,ഓടപ്പൂവും,
കൃഷ്ണ മുടിയും, വയലറ്റ് ഇലയും,മഞ്ഞ മുക്കുറ്റിയും അങ്ങനെ തൊടിയും, വയലും കാലിയാക്കി വീട്ടിലെ ചെമ്പരത്തി, തെച്ചി,സീനിയ, റോസ് തുടങ്ങിയ വീട്ടുപൂക്കളും പറിച്ചു വെളിയിലയിൽ തരം തിരിച്ച് വച്ച് ഈർക്കിലിയുടെയും ചാക്ക്നൂലിന്റെയും വൈദഗ്ദ്ധ്യത്തിൽ കളങ്ങൾ വരച്ചു പൂക്കളും ഇലകളും ചേർന്ന പൂക്കളം.അത്തത്തിന്റന്ന് ഒരു ചെമ്പരത്തി ഈർക്കിലിയിൽ കുത്തി ഒന്നാമത്തെ കുടയായി അങ്ങനെ തിരുവോണമാവുമ്പോഴേക്കും പത്ത് ചെമ്പരത്തി കുടകൾചൂടി നിൽക്കുന്ന പൂക്കളുടെയും ഇലകളുടെയും ധാരാളിത്തത്തിൽ അധ്വാനിച്ച് വലിയ പണച്ചെലവില്ലാതെ മതിലുകളും മറ്റു മില്ലാതെ ഏതു തൊടികളിലും മേടുകളിലും കേറിയിറങ്ങി ഉല്ലാസത്തോടെ ശേഖരിച്ച പൂക്കളുകൊണ്ട് മാലോകരല്ലാരും ഒന്നുപോലെ ആഘോഷിച്ച,ആഹ്ളാദിച്ച എന്റെ കുട്ടിക്കാല പൊന്നോണോർമ്മകൾ ഇവിടെ പൂർണ്ണമാകുന്നില്ല.
'മാവേലി നാടു വാണീടും കാലം
മാലോകരെല്ലാരും ഒന്നു പോലെ
കള്ളവുമില്ല ചതിയുമില്ല എള്ളോള്ളമില്ലാ പൊളിവചനം'
എല്ലാവർക്കും ഹൃദ്യമായ പൊന്നോണാശംസകൾ..
ഷീജമോൾ കോയമ്പത്തൂർ.
[ഷീജ ഡയൂസ് ]

0 Comments