പ്രകൃതി വർണ്ണങ്ങളുടെ ചിത്രകാരൻ.



ഹ്രസ്വ അഭിമുഖം
സി.കെ ഷിബുരാജ് / സുജിത് കുട്ടനാരി




കലയിൽ പരീക്ഷണങ്ങൾ അസാധാരണമൊന്നുമല്ല.എങ്കിലും സാധാരണ കൺമുന്നിൽ കണ്ടു മറയുന്ന പ്രകൃതിയിൽ നിന്നും അവിശ്വസനീയമാംവണ്ണം കലാസൃഷ്ടി കണ്ടെത്തുന്ന പരീക്ഷണങ്ങൾ അസാധാരണം തന്നെ. അതുകൊണ്ടുതന്നെ ചിത്രകലയിൽ കോഴിക്കോട്ടുകാരനായ  സി.കെ.ഷിബുരാജ് നടത്തിക്കൊണ്ടിരിക്കുന്ന പ്രകൃതിവർണ്ണ പരീക്ഷണങ്ങളും അസാധാരണവും വിസ്മയോദ്ദീപമാകുന്നതും ഇങ്ങനെയാണ്.


പ്രകൃതിയോടിണങ്ങി ജീവിച്ച ആദിമ മനുഷ്യൻ അവനു വേണ്ടതെല്ലാം പ്രകൃതിയിൽ നിന്ന് കണ്ടെത്തിയിരുന്നു.
മനുഷ്യസംസ്കാരം വികാസമാകുന്നതിനൊപ്പം അവൻ പ്രകൃതിയിൽ നിന്ന് അകന്നു. പ്രകൃതിദത്തത്തിൽ നിന്ന് കൃത്രിമത്വത്തിലേക്ക് വഴിമാറി.

കൃത്രിമ നിറങ്ങളിലാറാടി ചിത്രരചന നടത്തിക്കൊണ്ടിരുന്ന ഷിബുരാജിന് പ്രകൃതിയിലേക്കുള്ള മടക്കം ആകസ്മികമായ ഒരനുഭവമായിരുന്നു.

ഏതോ ഒരു നിമിഷത്തിൽ കയ്യിലിരുന്ന പച്ചില തിരുമ്മിയപ്പോൾ കൈകളിലൂടെ ഒലിച്ചിറക്കിയ നീര് ക്യാൻവാസിലേക്ക് വഴി തിരിച്ച് വിട്ടപ്പോൾ കണ്ട കാഴ്ച ഷിബു രാജിന് മുന്നിൽ പുതിയൊരു മാധ്യമമായി പ്രകൃതി തന്നെ പ്രത്യക്ഷപ്പെടുകയായിരുന്നു. പ്രകൃതി വർണ്ണത്തിൻ്റെ ബലത്തിൽ അതിവേഗം ആറ് ചിത്രങ്ങൾ പൂർത്തിയാക്കി പ്രദർശനത്തിനൊരുങ്ങി. മറ്റ് ചിത്രങ്ങൾക്കിടയിൽ ഈ പ്രകൃതി വർണ്ണങ്ങൾ തിളങ്ങി നിന്നത് ഷിബുവിന് പുതിയ വഴിയിൽ മുന്നേറാൻ ആത്മവിശ്വാസമായി. അതങ്ങ് ലോക റെക്കാർഡോളം വളർന്നതാണ് പിന്നെയുള്ള ചരിത്രം.

എന്നുമുതൽക്കാണ് പ്രകൃതി വർണ്ണങ്ങൾ ഉപയോഗിച്ചു തുടങ്ങിയത് ?

▪️ പതിനഞ്ച് വർഷമായി പ്രകൃതി വർണ്ണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയിട്ട്. പച്ചിലകൾ ഉപയോഗിച്ചാണ് ആദ്യം ചിത്രങ്ങൾ വരച്ചത്. 2018ലാണ് പച്ചില ഉപയോഗിച്ചു വരച്ച ആദ്യ ചിത്രപ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നടത്തിയത്. ഒരു  സസ്യത്തിൻ്റെ തടിയിൽ നിന്ന് ആദ്യമായി വരുന്നത് പതിമുഖത്തിലാണ്.


ദാഹശമനിയിൽ ഉപയോഗിക്കുന്ന ഔഷധ സസ്യമായ പതിമുഖത്തിൻ്റെ കാമ്പിൽ നിന്നെടുക്കുന്ന ചാറ് നേർപ്പിച്ചും കടുപ്പിച്ചും ക്യാൻവാസിൽ വിന്യസിക്കുന്നു. ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നതും പ്രകൃതി തന്നെയാണ്.


പതിമുഖത്തിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം കോഴിക്കോടി പുറമെ വേറെ എവിടെയാണ് നടത്തിയത്?

▪️ കണ്ണൂർ കൂത്തുപറമ്പിൽ എക്സിബിഷൻ നടത്തിയിട്ടുണ്ട്. ചിത്രകാരൻ കെ.കെ. മാരാറാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്. പതിമുഖത്തിൻ്റെ തടിയിൽ അതിൻ്റെ കാതലിൽനിന്നെടുത്ത ചായം  ഉപയോഗിച്ചുള്ള ചിത്രരചന ആദ്യ അറിവാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

പ്രകൃതിവർണ്ണ ചിത്രങ്ങൾ നൽകുന്ന സന്ദേശമെന്താണ്?

▪️ 
പ്രകൃതിയിൽ നിന്നു തന്നെ നമുക്ക് മാധ്യമങ്ങൾ കണ്ടെത്താമെന്നതാണ് നമ്മൾ മനസ്സിലാക്കേണ്ടത്. പ്രകൃതിയെ വരയ്ക്കാൻ പ്രകൃതി വർണ്ണങ്ങൾ എന്നതാണ് മുന്നോട്ട് വെക്കുന്ന ആശയം
 . പ്രകൃതി വർണ്ണചിത്ര പ്രദർശനം നടത്താൻ സ്കൂളുകളിൽ നിന്ന് ധാരാളം ക്ഷണം വരുന്നുണ്ട്. 
കൃത്രിമ നിറങ്ങൾ ധാരാളം ലഭിക്കുന്ന കാലത്ത് എന്തിന് പ്രകൃതി വർണ്ണങ്ങൾക്കു വേണ്ടി സമയവും ശ്രമവും ചിലവഴിക്കണം എന്ന ചോദ്യം  കുട്ടികൾക്കുണ്ട്. ക്ലാസ് മുറിയിൽ 
തെങ്ങും തെങ്ങോലയും വരച്ചു പഠിക്കുന്ന കുട്ടികൾ എത്രത്തോളം അതെല്ലാം പുറത്ത്  നേരിട്ട് കണ്ട് വരച്ചിട്ടുണ്ട്? പ്രകൃതിയെ കണ്ടനുഭവിക്കാനും നിരീക്ഷിക്കുന്നതിനും കലയെ ഉപയോഗപ്പെടുത്തണമെന്നതാണ് സന്ദേശം.


❓ ഒരു ചിത്രകാരൻ എന്ന നിലയിൽ ചിത്രരചനാ രംഗത്ത് ഏറ്റവും പുതിയ തലമുറയിലെ കുട്ടികളിൽ കണ്ട പോരായ്മ എന്താണ്?

◼️ കുട്ടികൾക്ക് അനുഭവം കുറഞ്ഞു എന്നതാണ് പ്രധാനപ്പെട്ട കുറവ്. പ്രകൃതിയെ അടുത്ത് കണ്ടറിയുന്ന അനുഭവത്തിൻ്റെ കുറവ്. പ്രകൃതിയിലേക്ക് നോക്കി വരക്കൂ എന്ന് അധ്യാപകൻ പറയുമ്പോൾ അവർ ആ അധ്യാപകൻ വരച്ചുകാണിച്ചതെങ്ങും തെങ്ങോലയുമേ അവരുടെ മനസ്സിൽ തെളിയുന്നുള്ളൂ. ചിത്രരചനയിൽ പ്രകൃതി തന്നെ ഗുരുവാക്ക്. വൈവിധ്യങ്ങളെ അതിൻ്റെ പ്രസക്തിയനുസരിച്ചുള്ള അറിവ് നമ്മുടെ കുട്ടികൾക്ക് ഇല്ലെന്ന് പറയാം. അവർക്ക് അതിനുള്ള അവസരം ലഭിക്കുന്നില്ല.


പ്രകൃതി വർണ്ണങ്ങളുമായി വേറിട്ട വഴിയിൽ സഞ്ചരിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുക്കാനായ അംഗീകാരങ്ങളുടെ  കാര്യത്തിലും ഈ കലാകാരൻ വ്യത്യസ്തനാണ്.

ഏറ്റവും കൂടുതൽ പ്രകൃതി വർണ്ണചിത്രങ്ങൾ വരച്ചു പ്രദർശിപ്പിച്ചതിന് യൂണിവേഴ്സൽ റെക്കോർഡ് ഫോറ[URF]ത്തിൻ്റെ ദേശീയ റെക്കോർഡ്‌, 2023 ൽ പതിമുഖവർണ്ണചിത്രങ്ങൾക്ക് ടാലൻ്റ് റെക്കോർഡ് ബുക്കിൻ്റെ ഏഷ്യൻ റെക്കോർഡ്, 2024 ൽ എ പി.ജെ അബ്ദുൾ കലാമിൻ്റെ ഒൻപതാം ചരമവാർഷികത്തിൽ ഔഷധസസ്യങ്ങളുടെ ചാറ് ഉപയോഗിച്ച് എ.പി.ജെ അബ്ദുൽ കലാമിൻ്റെ ഛായാചിത്രം വരച്ചതിന് കലാംസ് വേൾഡ് റെക്കോർഡ്, കൂടാതെ ഗുരുശക്തി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഷിബുരാജിനെ തേടിയെത്തിയിട്ടുണ്ട്.

മാവൂർ കായലലം നെടുമ്പുറത്ത് അയ്യപ്പൻ-കമല ദമ്പതികളുടെ നാലു മക്കളിൽ ഇളയ മകനാണ്.
 ഭാര്യ പ്രജില.മക്കൾ രേവ.സി.കെ നാലാം ക്ലാസിൽ പഠിക്കുന്നു. ഹൈമി രണ്ടു വയസ്സ്.

Post a Comment

0 Comments